ഐഎസ്എൽ ഫുട്ബോൾ യോഗ്യതാ മോഹം സഫലമായില്ല; ഗോകുലം ഇനിയും കാത്തിരിക്കണം

കോഴിക്കോട്: ഐഎസ്‌എൽ ഫുട്‌ബോൾ കളിക്കാനുള്ള ഗോകുലം കേരളയുടെ കാത്തിരിപ്പ് തുടരും. ഐ ലീഗ് ചാമ്പ്യൻമാരായി രാജ്യത്തെ ഒന്നാംനിര ലീഗായ ഐഎസ്‌എല്ലിലേക്ക് പ്രവേശിക്കാനുള്ള ശ്രമം തുടർച്ചയായ മൂന്നാംതവണയും പരാജയമായി. ഇത്തവണ നാലാംസ്ഥാനത്താണ് അവസാനിപ്പിച്ചത്. 22 കളിയിൽ 11 ജയവും നാല് സമനിലയും ഏഴ് തോൽവിയും ഉൾപ്പെടെ 37 പോയിന്റ്. കഴിഞ്ഞ രണ്ട് സീസണിലും മൂന്നാംസ്ഥാനത്തായിരുന്നു. 2021ലും 2022ലും ഐ ലീഗ് നേടിയെങ്കിലും അന്ന് ഐഎസ്‌എൽ യോഗ്യത ഉണ്ടായിരുന്നില്ല. പഞ്ചാബ് എഫ്‌സി, മുഹമ്മദൻസ് ടീമുകൾ മുന്നേറി.
കരുത്തുറ്റ നിരയുമായി ഇത്തവണ അവതരിച്ചെങ്കിലും ആദ്യഘട്ടത്തിലെ മോശം പ്രകടനമാണ് ഗോകുലത്തിന് തിരിച്ചടിയായത്. ജയിക്കാവുന്ന കളികളിൽ തോൽവിയോ സമനിലയോ വഴങ്ങി. ഏഴ് വിദേശ താരങ്ങളെയും മികച്ച ആഭ്യന്തര, പ്രാദേശിക കളിക്കാരെയും ടീമിലെത്തിച്ചായിരുന്നു ഒരുക്കം. സ്‌പാനിഷുകാരായ സെർജിയോ ലമാസ്, ഇഗ്‌നേഷിയോ അബെലെദോ, മാർട്ടിൻ ഷാവേസ് (ഉറുഗ്വേ), തബിസോ ബ്രൗൺ (ലെസോത്തോ), അദമ നിയാനെ (മാലി), സ്റ്റിനിസ സ്റ്റാനിസാവിച്ച് (മൊണ്ടെനെഗ്രോ), വാണ്ടർ ലൂയിസ് (ബ്രസീൽ) എന്നിവരായിരുന്നു വിദേശികൾ. മൈക്കേൽ സൂസൈരാജ്, വി പി സുഹൈർ, എമിൽ ബെന്നി തുടങ്ങി ഐഎസ്‌എൽ അനുഭവസമ്പത്തുള്ള ഇന്ത്യൻ താരങ്ങളും അണിചേർന്നു. ഇവരുടെ മാർഗദർശിയായി സ്‌പാനിഷ് കോച്ച് അന്റോണിയോ റുയേഡയും. എന്നാൽ, പ്രതീക്ഷയ്‌ക്കൊത്തുയരാൻ ടീമിന് കഴിഞ്ഞില്ല. അതോടെ കോച്ചിനെ പുറത്താക്കി.
അവസാന എട്ട് കളിയിൽ സഹപരിശീലകനും മലയാളിയുമായി ടി എ രഞ്ജിത്തിന് കീഴിലാണ് ഗോകുലം ഇറങ്ങിയത്. ആറിലും ജയിച്ചു. രണ്ട് തോൽവിയുമുണ്ട്. സ്ഥിരതയാർന്ന കളി പുറത്തെടുത്തെങ്കിലും വൈകിപ്പോയിരുന്നു. അവസാന ദിനം ചാമ്പ്യൻപട്ടം വഴുതിപ്പോവുകയുംചെയ്‌തു. ഒന്നാമതെത്താൻ കൊതിച്ച ടീം നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സൂപ്പർ കപ്പിനും യോഗ്യതയില്ല
കോഴിക്കോട്: ഏപ്രിൽ 21ന് ആരംഭിക്കുന്ന സൂപ്പർ കപ്പിനും ഗോകുലം കേരളയ്‌ക്ക് യോഗ്യതയില്ല. ഐ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് സൂപ്പർ കപ്പ് കളിക്കാനാവുക. ഡെമ്പോയോട് തോറ്റതോടെ നാലാംസ്ഥാനത്തായ ഗോകുലത്തിന് ആ പ്രതീക്ഷയും നഷ്ടമായി. സമനിലയാണെങ്കിൽ ആദ്യ മൂന്നിൽ എത്താമായിരുന്നു. ചർച്ചിൽ ബ്രദേഴ്‌സ്, ഇന്റർ കാശി, റിയൽ കശ്‌മീർ ക്ലബ്ബുകളാണ് ഐ ലീഗിൽനിന്നും സൂപ്പർ കപ്പ് കളിക്കുക. ഐഎസ്‌എല്ലിലെ 13 ടീമുകളും ഭാഗമാകും. ഒഡിഷയിലെ ഭുവനേശ്വറിലാണ് ടൂർണമെന്റ്.
പോയിന്റ് പട്ടിക
(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ്)
ചർച്ചിൽ 22 11 7 4 40
ഇന്റർ കാശി 22 11 6 5 39
റിയൽ കശ്‌മീർ 22 10 7 5 37
ഗോകുലം 22 11 4 7 37









0 comments