ഐഎസ്‌എൽ ആദ്യ നോക്കൗട്ട് നാളെ ; മുംബൈക്ക് പരിക്കിൽ ആശങ്ക

ബംഗളൂരു : ഐഎസ്‌എൽ ഫുട്‌ബോൾ ആദ്യ നോക്കൗട്ടിൽ നാളെ ബംഗളൂരു എഫ്‌സിയെ നേരിടുന്ന മുംബൈ സിറ്റിക്ക് പരിക്ക് തലവേദനയാകുന്നു. മധ്യനിരയിലെ പ്രധാനി ബ്രണ്ടൻ ഫെർണാണ്ടസ് കളിക്കില്ല. ക്യാപ്‌റ്റനും മുന്നേറ്റത്തിലെ സൂത്രധാരനുമായ ലല്ലിയൻസുവാല ചാങ്‌തെയും സംശയത്തിലാണ്. പ്രതിരോധത്തിലെ സ്‌പാനിഷ് വമ്പൻ ടിരി നേരത്തെ പരിക്കേറ്റ് പുറത്തായതാണ്. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ നാളെ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
ഞായറാഴ്‌ച രണ്ടാം നോക്കൗട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷഡ്‌പുർ എഫ്‌സിയും ഏറ്റുമുട്ടും. ഷീൽഡ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റും രണ്ടാംസ്ഥാനക്കാരായ എഫ്‌സി ഗോവയും നേരിട്ട് സെമിയിൽ കടന്നിട്ടുണ്ട്. നോക്കൗട്ട് ജേതാക്കളുമായി ഇവർ പോരാടും.
നിലവിലെ ചാമ്പ്യൻമാരായ മുംബൈക്ക് സുഖകരമായിരുന്നില്ല ഈ സീസൺ. ആറാം സ്ഥാനക്കാരായാണ് പ്ലേ ഓഫിൽ കടന്നത്. പ്രധാന താരങ്ങൾ മങ്ങിയത് തിരിച്ചടിയായി. എങ്കിലും അവസാന ആറിൽ ഇടംപിടിച്ചു. മാലദ്വീപിനെതിരായ ഇന്ത്യയുടെ സൗഹൃദ മത്സരത്തിനിടെയാണ് ബ്രണ്ടന് പരിക്കേറ്റത്. ബംഗ്ലാദേശുമായുള്ള ഏഷ്യൻ കപ്പ് യോഗ്യതാ പോരിൽ ഈ മുപ്പതുകാരൻ കളിച്ചിരുന്നില്ല. പരിക്ക് മാറിയിട്ടില്ല. അതിനാൽ നിർണായക കളിയിലും പുറത്തിരിക്കും. ചാങ്‌തെ ശാരീരികക്ഷമത വീണ്ടെടുക്കുകയാണ്. നാളെ ഇറങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.









0 comments