ഐഎസ്‌എൽ ആദ്യപാദ സെമി ഇന്ന് ; ബംഗളൂരുവിനെ തടയുമോ ഗോവ

ബംഗളൂരു : ഐഎസ്‌എൽ ഫുട്‌ബോളിൽ ഇന്ന് ബംഗളൂരുവും എഫ്‌സി ഗോവയും ആദ്യപാദ സെമിക്ക്. ബംഗളൂരു ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് കളി. പ്ലേ ഓഫിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ അഞ്ച് ഗോളിന് തകർത്താണ് ബംഗളൂരുവിന്റെ മുന്നേറ്റം. പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ ഗോവ നേരിട്ട് സെമിയിൽ കടക്കുകയായിരുന്നു.
ഈ സീസണിൽ മിന്നുന്ന പ്രകടനമായിരുന്നു ഗോവയുടേത്. 2019–-20ൽ ഷീൽഡ് ജേതാക്കളായ ഗോവയ്‌ക്ക് കപ്പടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടുതവണ റണ്ണറപ്പായി. 2015ൽ ചെന്നൈയിൻ എഫ്‌സിയോട് തോറ്റപ്പോൾ 2018ൽ ബംഗളൂരുവിനോടായിരുന്നു തോൽവി.
ബംഗളൂരുവിനെതിരെ ഇറങ്ങുമ്പോൾ ആത്മവിശ്വാസത്തിലാണ് ടീം. ഇന്ത്യൻ ടീം പരിശീലകൻ മനോലോ മാർക്വസ് ആണ് ഗോവയുടെ തലപ്പത്ത്. കഴിഞ്ഞ സീസണിൽ മുംബൈയോട് ആദ്യപാദത്തിൽ ജയിച്ചശേഷമായിരുന്നു ഗോവ രണ്ടാംപാദത്തിൽ തോറ്റ് പുറത്തായത്.
ഈ സീസണിൽ 24 കളിയിൽ 48 പോയിന്റാണ് നേടിയത്. ഷീൽഡ് നേടാനുള്ള പോരിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് പിന്നിലായി. ബംഗളൂരുവിനെതിരെ മികച്ച റെക്കോഡാണ്. തുടർച്ചയായ നാല് കളിയിൽ തോറ്റില്ല. രണ്ട് വീതം ജയവും സമനിലയും.
ബ്രിസൺ ഫെർണാണ്ടസാണ് പ്രധാന താരം. ഈ സീസണിൽ ഏഴ് ഗോളാണ് വിങ്ങർ നേടിയത്. രണ്ടെണ്ണത്തിന് അവസരമൊരുക്കി. ഒമ്പത് ഗോളുമായി അർമാൻഡോ സാദിക്കു മുന്നേറ്റത്തിൽ തിളങ്ങുന്നു. ഏഴ് ഗോളടിച്ച ഇകർ ഗുറോടെക്‌സനയാണ് മറ്റൊരു മുന്നേറ്റക്കാരൻ. ബോർജ ഹെരേര ഗൊൺസാലസും ഉദാന്ത സിങ് നിർണായക ഘട്ടങ്ങളിൽ മിടുക്കുകാട്ടുന്നവരാണ്.
പ്രതിരോധവും മികച്ചത്. എട്ട് കളിയിൽ ഗോവ ഗോൾ വഴങ്ങിയിട്ടില്ല. സന്ദേശ് ജിങ്കനും ഒഡെയ് ഒനയ്‌ൻഡ്യയുമാണ് പ്രതിരോധ നിരയെ നയിക്കുന്നത്. മുൻ ചാമ്പ്യൻമാരായ ബംഗളൂരു പ്ലേ ഓഫിൽ ഒന്നാന്തരം പ്രകടനം പുറത്തെടുത്തു. മൂന്നാംസ്ഥാനക്കാരായിട്ടായിരുന്നു പ്ലേ ഓഫിലേക്കുള്ള ബംഗളൂരുവിന്റെ മുന്നേറ്റം. ആദ്യ ഘട്ടത്തിൽ പതറിയ ജെറാർഡ് സരഗോസയുടെ സംഘം അവസാന അഞ്ച് കളിയിൽ ഒന്നുമാത്രമാണ് തോറ്റത്.
2018ലെ ജേതാക്കളാണ് ബംഗളൂരു. ഗോവയെ ഒരു ഗോളിന് തോൽപ്പിച്ചു. രണ്ടുതവണ റണ്ണറപ്പായി. 2017–-18ൽ ചെന്നൈയിനോട് തോറ്റു. 2022–-23ൽ ബഗാനോട് ഷൂട്ടൗട്ടിൽ കീഴടങ്ങി.
റ്യാൻ വില്യംസ് ആണ് ബംഗളൂരുവിന്റെ പ്രധാനി. ഏത് പ്രതിരോധത്തിന്റെയും പൂട്ട് പൊളിക്കാൻ വില്യംസിന് കഴിയും. ഗോവയ്‌ക്കെതിരെ ഒരു ഗോളും അവസരമൊരുക്കലുമുണ്ട്. സീസണിൽ ഏഴ് ഗോളടിച്ചു. നാലെണ്ണത്തിന് അവസരമൊരുക്കി. സുനിൽ ഛേത്രിയാണ് മറ്റൊരു താരം. 13 ഗോളാണ് സമ്പാദ്യം. രണ്ടെണ്ണത്തിന് അവസരമൊരുക്കി. എഡ്‌ഗാർ മെൻഡെസ് ഒർട്ടേഗ, ആൽബെർട്ടോ നൊഗുവേര എന്നിവരാണ് മുന്നേറ്റത്തിലെ മറ്റ് കരുത്തർ. യുവ താരങ്ങളായ വിനിത് വെങ്കടേഷും സുരേഷ് സിങ് വാങ്ജവും തകർപ്പൻ കളിയാണ് പുറത്തെടുത്തത്. വിശ്വസ്തനായ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു ടീമിന് ബലം നൽകുന്നു. അലെക്‌സാണ്ടർ ജൊവാനോവിച്ച്, റോഷൻ സിങ്, നിഖിൽ പൂജാരി, ചിങ്ളെൻസന സിങ് എന്നിവർ പ്രതിരോധത്തിൽ അണിനിരക്കുന്നു.
ആറിനാണ് രണ്ടാംപാദം. മറ്റൊരു സെമിയുടെ ആദ്യപാദത്തിൽ നാളെ ബഗാനും ജംഷഡ്‌പുരും ഏറ്റുമുട്ടും.







0 comments