രണ്ടടി മുന്നിൽ ; ഐഎസ്എൽ ഫുട്ബോൾ ആദ്യപാദ സെമിയിൽ ബംഗളൂരു ഗോവയെ രണ്ട് ഗോളിന് തോൽപ്പിച്ചു

ബംഗളൂരു : ഐഎസ്‌എൽ ഫുട്ബോൾ ആദ്യപാദ സെമിയിൽ എഫ്‌സി ഗോവയെ രണ്ട് ഗോളിന് തുരത്തി ബംഗളൂരു എഫ്‌സി. ഗോവൻ പ്രതിരോധക്കാരൻ സന്ദേശ് ജിങ്കന്റെ പിഴവുഗോളിൽ ലീഡ് നേടിയ ബംഗളൂരു എഡ്‌ഗാർ മെൻഡിസിലൂടെ ജയം പൂർത്തിയാക്കുകയായിരുന്നു. രണ്ടാംപാദം ആറിന് ഗോവയുടെ തട്ടകത്തിൽ നടക്കും. ഇന്ന് രണ്ടാംസെമി ആദ്യപാദത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റും ജംഷഡ്‌പുർ എഫ്‌സിയും ഏറ്റുമുട്ടും.
പ്ലേ ഓഫിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ തകർത്തുവന്ന ബംഗളൂരു ഗോവക്കെതിരെ മിടുക്ക് തുടർന്നു. പ്രതിരോധത്തിൽ ഉറച്ചുനിന്ന ജെറാർഡ് സരഗോസയുടെ സംഘം കിട്ടുന്ന അവസരത്തിൽ ആഞ്ഞടിച്ചു. റ്യാൻ വില്യംസും എഡ്‌ഗാർ മെൻഡിസുമായിരുന്നു ആക്രമണങ്ങൾക്ക് ഊർജം പകർന്നത്.
മറുവശത്ത് പന്തിൽ ആധിപത്യമുണ്ടായെങ്കിലും ഗോവയ്‌ക്ക് ലക്ഷ്യബോധമുണ്ടായില്ല. ബ്രിസൺ ഫെർണാണ്ടസും ഇകർ ഗുറോടെക്‌സനയും ഉൾപ്പെട്ട മുന്നേറ്റനിര അവസരങ്ങൾ പാഴാക്കുകയായിരുന്നു.
ആദ്യപകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെയാണ് ബംഗളൂരു ലീഡ് നേടുന്നത്. മെൻഡിസ് തൊടുത്ത നീക്കം ഗോവൻ ബോക്‌സിൽ തട്ടിത്തെറിച്ചു. ഇടതുവശത്ത് വീണ്ടും മെൻഡിസിലേക്ക് പന്തെത്തി. ഗോൾമുഖത്ത് വില്യംസിനെ ലക്ഷ്യമിട്ട് മെൻഡിസ് ക്രോസ് പായിച്ചു. പന്ത് വില്യംസിന് കിട്ടുംമുമ്പ് അപകടമൊഴിവാക്കാനായി ജിങ്കൻ ഉയർന്നുചാടി പന്തിൽ തലവച്ചു. പക്ഷേ, പന്ത് സ്വന്തം പോസ്‌റ്റിലേക്ക് തന്നെ കയറുകയായിരുന്നു. ആ പിഴവിൽ ഗോവ ക്ഷീണിച്ചു.
രണ്ടാംപകുതിയിൽ മനോഹരമായ നീക്കത്തിൽ ബംഗളൂരു ലീഡുയർത്തി. വലതുവശത്ത് വില്യംസ് കുത്തിയിട്ട പന്ത് പ്രതിരോധക്കാരൻ നംഗ്യാ ഭൂട്ടിയ ഗോൾമുഖത്തേക്ക് തൊടുത്തു. മൂന്ന് പ്രതിരോധക്കാർക്കിടയിൽനിന്ന് മെൻഡിസ് തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിച്ചു. കളിയുടെ അവസാനഘട്ടത്തിൽ ഗോവ തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. ഒഡെയ് ഒനയിൻഡ്യയുടെ ഹെഡർ നേരിയ വ്യത്യാസത്തിൽ പുറത്തുപോയപ്പോൾ ബോറിസ് സിങ്ങിന്റെ ഷോട്ട് ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു കുത്തിയകറ്റി.









0 comments