അഞ്ചിൽ പഞ്ചർ

മുംബെെ സിറ്റിക്കെതിരെ ബംഗളൂരുവിന്റെ ആദ്യ ഗോൾ നേടിയ സുരേഷ് വാങ്ജത്തിന്റെ ആഹ്ലാദം
ബംഗളൂരു : ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ കെട്ടുകെട്ടിച്ച് ബംഗളൂരു എഫ്‌സി. ഐഎസ്‌എൽ ഫുട്‌ബോൾ ആദ്യ നോക്കൗട്ടിൽ മുംബൈയെ അഞ്ച് ഗോളിന് പറപ്പിച്ച് ബംഗളൂരു സെമിയിൽ കടന്നു. സുരേഷ് സിങ് വാങ്‌ജം, എഡ്‌ഗാർ മെൻഡസ്, റയാൻ വില്യംസ്, സുനിൽ ഛേത്രി, ജോർജ് പെരേര ഡയസ് എന്നിവർ ഗോളടിച്ചു. സെമിയിൽ എഫ്‌സി ഗോവയാണ് എതിരാളി. ഏപ്രിൽ രണ്ടിനും ആറിനുമാണ് ഇരുപാദ മത്സരം.
സ്വന്തംതട്ടകമായ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ ബംഗളൂരു മുംബൈയെ നാണംകെടുത്തി. പ്ലേ ഓഫ് മത്സരത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തോൽവിയാണ് ചാമ്പ്യൻമാർ ഏറ്റുവാങ്ങിയത്. ഈ തകർച്ച അപ്രതീക്ഷിതമായിരുന്നു. കളത്തിൽ ഒരിക്കൽപോലും മുംബൈക്ക് ബംഗളൂരു അവസരം നൽകിയില്ല. മുന്നേറ്റങ്ങൾ മുളയിലേ നുള്ളി. ആക്രമണത്തിൽ മികച്ചുനിന്നു. ഒമ്പതാം മിനിറ്റിൽ മുന്നിലെത്തി. സുരേഷ് സുന്ദരഗോളിലൂടെ ആഗ്രഹിച്ച തുടക്കം നൽകി. ഇടവേളക്ക് മുമ്പ് പെനൽറ്റിയിലൂടെ എഡ്‌ഗാർ സ്‌കോർ ഉയർത്തി.
രണ്ടാംപകുതിയിൽ ബംഗളൂരുവിന്റെ ഗോൾവർഷമായിരുന്നു. കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ റയാൻ മൂന്നാം ഗോൾ നേടി. പകരക്കാരനായാണ് ഇതിഹാസതാരം ഛേത്രി ലക്ഷ്യം കണ്ടത്. സീസണിലെ 13–-ാം ഗോളാണ് നാൽപ്പതുകാരൻ നേടിയത്. ഗോൾവേട്ടക്കാരിൽ രണ്ടാമതാണ്. മറ്റൊരു പകരക്കാരൻ ജോർജ് ഡയസ് ജയമുറപ്പിച്ചു. ഐഎസ്‌എല്ലിൽ 2018ലെ ചാമ്പ്യൻമാരാണ് ബംഗളൂരു.
നോർത്ത് ഈസ്റ്റിന് ഇന്ന് ജംഷഡ്‌പുർ
ഐഎസ്‌എൽ ഫുട്‌ബോളിലെ രണ്ടാം നോക്കൗട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ജംഷഡ്‌പുർ എഫ്‌സിയെ നേരിടും. നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ് മത്സരം. ജയിക്കുന്ന ടീം സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായി ഏറ്റുമുട്ടും.
സീസണിൽ സ്‌പാനിഷ് പരിശീലകൻ യുവാൻ പെഡ്രോ ബെനാലിക്ക് കീഴിൽ തകർപ്പൻ കളി പുറത്തെടുക്കുന്ന നോർത്ത് ഈസ്റ്റ് നാലാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. 24 കളിയിൽ 38 പോയിന്റ് നേടി. 23 ഗോളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള മൊറോക്കൻ താരം അലായിദീൻ അജാരിയാണ് തുറുപ്പുചീട്ട്. ഏഴ് ഗോളിന് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്. വിങ്ങിൽ മലയാളിയായ എം എസ് ജിതിനും പ്രധാനിയാണ്. ഡ്യുറൻഡ് കപ്പ് ചാമ്പ്യൻമാരായ നോർത്ത് ഈസ്റ്റ് ആദ്യ ഐഎസ്‌എൽ കിരീടമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലിന്റെ തന്ത്രങ്ങളിൽ ഇറങ്ങുന്ന ജംഷഡ്‌പുർ അപ്രതീക്ഷിത കുതിപ്പാണ് ഇത്തവണ നടത്തിയത്. ശരാശരി ടീമുമായെത്തി അത്ഭുതം കാട്ടി. അഞ്ചാമതായാണ് നോക്കൗട്ട് ഉറപ്പിച്ചത്. 38 പോയിന്റ് നേടി. സ്റ്റീഫൻ ഇസെ, ഹാവി ഹെർണാണ്ടസ് എന്നിവരാണ് പ്രധാന താരങ്ങൾ. മലയാളി താരം മുഹമ്മദ് സനാൻ ആദ്യ പതിനൊന്നിലുണ്ടാകും.









0 comments