സെമിക്കായി ബംഗളൂരുവും മുംബൈയും ; ഐഎസ്‌എൽ നോക്കൗട്ട് ഇന്ന്

ബംഗളൂരു : ഐഎസ്‌എൽ ഫുട്‌ബോളിൽ കിരീടപ്പോരാട്ടം തുടങ്ങുന്നു. ആദ്യ നോക്കൗട്ടിൽ ബംഗളൂരു എഫ്‌സി സ്വന്തം തട്ടകത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ നേരിടും. ജയിക്കുന്നവർക്ക് സെമിയിൽ എഫ്‌സി ഗോവയാകും എതിരാളി. ബംഗളൂരുവിലെ ശ്രീകണ്‌ഠീവര സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ് കളി. നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്‌പുർ എഫ്‌സിയെ നേരിടും. ഇതിൽ ജയിക്കുന്നവർക്ക് സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായി ഏറ്റുമുട്ടാം. ഏപ്രിൽ 2,3, 6,7 ദിവസങ്ങളിലാണ് ഇരുപാദ സെമി മത്സരങ്ങൾ. ഫൈനൽ ഏപ്രിൽ 12ന്.
പ്രാഥമിക ഘട്ടത്തിൽ മൂന്നാം സ്ഥാനക്കാരായാണ് ബംഗളൂരു പ്ലേഓഫ് യോഗ്യത നേടിയത്. 24 കളിയിൽ പതിനൊന്നും ജയിച്ച് 38 പോയിന്റ് നേടി. സുനിൽ ഛേത്രി ഉൾപ്പെടുന്ന മികച്ച ആക്രമണ നിരയാണ് കരുത്ത്. മുംബൈയാകട്ടെ ആറാം സ്ഥാനക്കാരായി. അവസാന കളിയിൽ ബംഗളൂരുവിനെ ഇതേ സ്‌റ്റേഡിയത്തിൽ രണ്ട് ഗോളിന് തോൽപ്പിച്ചാണ് പ്ലേ ഓഫ് യോഗ്യത നേടിയത്. ഇത് നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല. പരിക്ക് ആശങ്കയാണ്. മധ്യനിരക്കാരൻ ബ്രണ്ടൻ ഫെർണാണ്ടസും ടിരിയും പുറത്തായി. ക്യാപ്‌റ്റൻ ലല്ലിയൻസുവാല ചാങ്‌തെയുടെ കാര്യം ഉറപ്പില്ല. ഇരുടീമുകളും മുൻ ചാമ്പ്യൻമാരാണ്.
നാളെ ഷില്ലോങ്ങിലാണ് നോർത്ത് ഈസ്റ്റ്–ജംഷഡ്പുർ മത്സരം. സീസണിൽ സ്ഥിരതയോടെ കളിച്ച രണ്ട് ടീമുകളാണ്. ആദ്യ കിരീടമാണ് ലക്ഷ്യം.









0 comments