തുടങ്ങുന്നു ‘ഖാലിദ് യുഗം’; പുതിയ കോച്ചിന് കീഴിൽ ഇന്ത്യ ആദ്യ കളിക്ക്

ഹിസോർ (തജിക്കിസ്ഥാൻ): പുതിയ പരിശീലകൻ ഖാലിദ് ജമീലിന് കീഴിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം ആദ്യ മത്സരത്തിനിറങ്ങുന്നു. തജിക്കിസ്ഥാനിൽ നടക്കുന്ന കാഫ നേഷൻസ് കപ്പിൽ ആതിഥേയരുമായാണ് കളി. ഇന്ന് രാത്രി ഒമ്പതിന് ഹിസോറിലെ സെൻട്രൽ സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ഗ്രൂപ്പ് ബിയിൽ സെപ്‌തംബർ ഒന്നിന് കരുത്തരായ ഇറാനെയും നാലിന് അഫ്‌ഗാനിസ്ഥാനെയും നേരിടും. ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, തുർക്‌മെനിസ്ഥാൻ, ഒമാൻ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിൽ. അതിഥി രാജ്യമായാണ് ഇന്ത്യ കളിക്കുന്നത്.
പതിമൂന്ന് വർഷത്തിനുശേഷം ദേശീയ ടീമിന്റെ പരിശീലകനാകുന്ന ഖാലിദിന് വലിയ വെല്ലുവിളികളാണ് മുന്നിൽ. സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന ഇന്ത്യയെ വിജയവഴിയിൽ തിരിച്ചെത്തിക്കണം. ഫി-ഫ റാങ്കിങ്ങിൽ 133–ാം സ്ഥാനത്താണ് നിലവിൽ. മനോലോ മാർക്വസ് ഒഴിഞ്ഞതിനുപിന്നാലെയാണ് മുൻ മധ്യനിരക്കാരനായ ഖാലിദിനെ ചുമതലയേൽപ്പിച്ചത്. ഐഎസ്‌എല്ലിൽ ജംഷഡ്‌പുരിന്റെ കോച്ചായിരുന്നു.
സുനിൽ ഛേത്രി ഇല്ലാത്ത ഇന്ത്യൻ നിരയിൽ സന്ദേശ് ജിങ്കൻ, ഗുർപ്രീത് സിങ് സന്ധു, രാഹുൽ ബെക്കെ തുടങ്ങിയവരാണ് പരിചയസമ്പന്നർ. മലയാളി താരങ്ങളായ മുഹമ്മദ് ഉവൈസ്, എം എസ് ജിതിൻ, ആഷിഖ് കുരുണിയൻ എന്നിവരുമുണ്ട്.
‘എതിരാളികൾ മികച്ചവരാണ്. ഒരുമയോടെ കളിച്ച് മുന്നേറുക എന്നതാണ് ലക്ഷ്യം. ഇതിന് സമയമെടുക്കും. ഭാവിയിലേക്ക് നല്ല സംഘത്തെ ഒരുക്കാനാണ് പദ്ധതി’–ഖാലിദ് പറഞ്ഞു. ഇന്ത്യയേക്കാൾ റാങ്കിങ്ങിൽ 27 പടി മുകളിലാണ് തജിക്കിസ്ഥാൻ. ഇന്ന് നടക്കുന്ന ആദ്യ കളിയിൽ ഇറാൻ അഫ-്‌ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്‌ക്കാണ് കളി.









0 comments