ഏഷ്യൻ കപ്പ് ഫുട്‌ബോൾ; ഇന്ത്യ യോഗ്യത കാണാതെ പുറത്ത്

ഫത്തോർദ: ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യത കാണാതെ ഇന്ത്യ പുറത്ത്. നിർണായക കളിയിൽ സിംഗപ്പുരിനോട് 2–1ന് തോറ്റാണ് മടക്കം. ലല്ലിയൻസുവാല ചാങ്‌തെയിലൂടെ മുന്നിട്ടുനിന്നശേഷമായിരുന്നു തോൽവി. സങ് ഉയ് യങ്ങിന്റെ ഇരട്ടഗോളിൽ സന്ദർശകർ ജയമുറപ്പിച്ചു.
വ്യാഴാഴ്‌ച സിംഗപ്പുരിൽ നടന്ന പോര് 1–1ന് സമനില പിടിച്ച ഇന്ത്യ ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിൽ 14-ാം മിനിറ്റിൽ തന്നെ ലീഡ് നേടി. ലല്ലിയൻസുവാല ചാങ്‌തെ ടീമിനെ മുന്നിലെത്തിച്ചെങ്കിലും 44, 58 മിനിറ്റുകളിലായി സങ് ഉയ് യങ്ങ് നേടിയ ഇരട്ട ഗോളുകൾ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിപ്പിച്ചു. ഇതോടെ പുതിയ കോച്ച് ഖാലിദ് ജമീൽ ചുമതലയേറ്റശേഷം സ്വന്തം തട്ടകത്തിൽ ആദ്യ കളി തോറ്റ് ഇന്ത്യ പുറത്തായി.
അടുത്തവർഷം നടക്കുന്ന വൻകര ടൂർണമെന്റിൽ ഗ്രൂപ്പ് ജേതാക്കൾക്കാണ് യോഗ്യത. എട്ട് പോയിന്റുള്ള ഹോങ്കോങ്ങാണ് ഗ്രൂപ്പ് സിയിൽ ഒന്നാമത്. നാല് കളിയിൽ രണ്ട് വീതം തോൽവിയും സമനിലയുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശിനോടും (0-0), സിംഗപ്പൂരിനോടും (1-1) നേടിയ സമനിലയുടെ രണ്ട് പോയന്റുകൾ മാത്രമാണ് ഇന്ത്യക്കുള്ളത്. ഹോങ്കോങ്ങിനോട് 1-0ത്തിന് തോറ്റിരുന്നു. ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ട് കളിയിൽ നവംബറിൽ ബംഗ്ലാദേശിനെയും, 2026 മാർച്ചിൽ ഹോങ്കോങ്ങിനെയും നേരിടും.









0 comments