ഇന്ത്യൻ ഫുട്‌ബോൾ ടീം വീണ്ടും പിന്നോട്ട് , തുടർത്തോൽവികൾ ശീലമാകുന്നു , പരിശീലൻ മനോലോ പുറത്തേക്ക്
മാറും മനോലോ, മാറുമോ പ്രകടനം

ഹോങ്കോങ്ങിനോട് തോറ്റശേഷം നിരാശയോടെ കളത്തിൽനിൽക്കുന്ന ഇന്ത്യൻ താരങ്ങൾ
ന്യൂഡൽഹി
ഫിഫ ഫുട്‌ബോൾ റാങ്കിങ് പട്ടികയിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥാനത്താണ് ഇന്ത്യ. 133–-ാം സ്ഥാനം. മനോലോ മാർക്വസ് എന്ന സ്‌പാനിഷ് പരിശീലകനുകീഴിൽ പ്രകടനത്തിലും പിന്നോട്ടാണ് ഇന്ത്യൻ ടീമിന്റെ യാത്ര. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ 153–-ാം റാങ്കുകാരായ ഹോങ്കോങ്ങിനോട് തോറ്റതോടെയാണ് ഈ പതനം. 2017ലായിരുന്നു ഇതിനേക്കാൾ മോശം പ്രകടനം. 129–-ാം റാങ്ക്. 2023 ഡിസംബറിനുശേഷം 100ന് മുകളിൽ കയറാനായിട്ടില്ല. ആ വർഷം ജൂലൈയിൽ 99ലെത്തിയതാണ് വലിയ നേട്ടം. ശേഷം നടന്ന മത്സരങ്ങളിൽ തോൽവിയോ സമനിലയോ മാത്രമായിരുന്നു മിക്ക മത്സരങ്ങളുടെയും ഫലം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 117 ആയിരുന്നു റാങ്ക്. ഏപ്രിൽ (121), ജൂൺ, ജൂലൈ (124), സെപ്‌തംബർ (126), ഒക്‌ടോബർ (125) എന്നിങ്ങനെയാണ് റാങ്കുകൾ.
മനോലോയ്‌ക്കുകീഴിൽ ഈവർഷം ഒരു കളിയും ജയിച്ചിട്ടില്ല. 2024ൽ സ്ഥാനമേറ്റ സ്‌പാനിഷുകാരനുകീഴിൽ ഇതുവരെ ഒരു കളിമാത്രമാണ് ജയിച്ചത്. ഹോങ്കോങ്ങുമായുള്ള കളിക്കുമുമ്പ് തായ്‌ലൻഡുമായുള്ള സൗഹൃദ മത്സരത്തിലും തോറ്റു. എഷ്യൻ കപ്പിൽ ബംഗ്ലാദേശിനോട് സ്വന്തം തട്ടകത്തിൽ ഗോളില്ലാക്കളിയായിരുന്നു. എട്ട് കളിയിലാണ് മനോലോ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്. 2024ൽ രണ്ട് വർഷ കരാറിനാണ് പരിശീലകനായത്. കോച്ചിനെ ഉടൻ പുറത്താക്കിയേക്കുമെന്നാണ് സൂചന.
ജോർദാൻ, ഉസ്‌ബെക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഏഷ്യൻ മേഖലയിൽനിന്ന് ആദ്യമായി ലോകകപ്പ് കളിക്കാൻ പോകുമ്പോഴാണ് ഇന്ത്യയുടെ ഈ പതനം. 2026 ലോകകപ്പിലേക്ക് ഏഷ്യയിൽനിന്ന് നേരിട്ട് എട്ട് ടീമുകൾക്കായിരുന്നു യോഗ്യത. ഇന്ത്യക്ക് രണ്ടാം റൗണ്ട് കടക്കാനായില്ല. ആറ് കളിയിൽ നേടിയത് ഒറ്റ ജയംമാത്രം.
ഐഎസ്‌എൽ തുടങ്ങിയിട്ട് 11 വർഷം കഴിഞ്ഞിട്ടും ദേശീയ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയാത്തതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. ഇതിനിടെ ടീമിന്റെ മോശം പ്രകടനത്തിന്റെ പശ്‌ചാത്തലത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) തലവൻ കല്യാൺ ചൗബെയ്‌ക്കെതിരെ കടുത്ത വിമർശമാണുയരുന്നത്. നാൽപ്പത് വയസ് കഴിഞ്ഞ സുനിൽ ഛേത്രിയെ ടീമിലേക്ക് തിരിച്ചുവിളിക്കേണ്ട വന്ന അവസ്ഥയും ചർച്ചയായി.
അതേസമയം, സമീപകാലത്ത് വലിയ മാറ്റങ്ങൾകൊണ്ടുവരുമെന്നാണ് എഐഎഫ്‌എഫിന്റെ അവകാശവാദം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഐഎസ്‌എല്ലിൽ വിദേശ സ്‌ട്രൈക്കർമാരുടെ എണ്ണം നിജപ്പെടുത്തി ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരംനൽകുക എന്നതാണ്. മറ്റ് രാജ്യങ്ങളിൽ പൗരത്വമുള്ള ഇന്ത്യൻ കളിക്കാരെ കൊണ്ടുവരികയാണ് മറ്റൊരു ലക്ഷ്യം. പല രാജ്യങ്ങളും ഈ രീതി പരീക്ഷിക്കാറുണ്ട്. ഇതിനകം ഇത്തരത്തിലുള്ള 33 കളിക്കാരുമായി എഐഎഫ്‌എഫ് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 2031ലെ എഎഫ്‌സി ഏഷ്യൻ കപ്പ് വേദിക്കായും ശ്രമിക്കുന്നുണ്ട്.
മനോലോയ്‌ക്ക് പകരം ഖാലിദ് ജമീലിനെ പരിശീലകനാക്കണമെന്ന നിർദേശമുയരുന്നുണ്ട്. ഐഎസ്‌എല്ലിലെ ഏക ഇന്ത്യൻ മുഖ്യ പരിശീലകനാണ് ജമീൽ. ജംഷഡ്‌പുർ എഫ്‌സിയെ സൂപ്പർ കപ്പ് ഫൈനലിൽ എത്തിച്ചിരുന്നു.









0 comments