വിജയം അനിവാര്യം
ഗോ.. ഗോകുലം ; ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള ഇന്ന് ഡെമ്പോയോട്

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം കേരളയുടെ മുന്നേറ്റതാരം വി പി സുഹെെറും സഹകളിക്കാരും പരിശീലനത്തിന് തയ്യാറെടുക്കുന്നു /ഫോട്ടോ: മിഥുൻ അനില മിത്രൻ
അജിൻ ജി രാജ്
Published on Apr 06, 2025, 03:25 AM | 2 min read
കോഴിക്കോട് : ഐ ലീഗ് ഫുട്‌ബോൾ ജേതാക്കളെ നിശ്‌ചയിക്കുന്ന നിർണായക പോരാട്ടങ്ങൾക്ക് ഇന്ന് കോഴിക്കോടും ശ്രീനഗറും വേദിയാവും. അവസാന റൗണ്ട് മത്സരത്തിൽ ഇന്ന് ഡെമ്പോ സ്‌പോർട്‌സ് ക്ലബ്ബിനെ നേരിടുമ്പോൾ ഗോകുലം കേരള എഫ്‌സിക്ക് ജയംമാത്രംപോര. മറ്റൊരു ഗോവൻ ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്‌സ് റിയൽ കശ്‌മീരിനോട് തോൽക്കണം. ഇത് രണ്ടും യാഥാർഥ്യമായാൽ ഗോകുലത്തെ കാത്തിരിക്കുന്നത് കിരീടംമാത്രമല്ല, ഐഎസ്‌എൽ പ്രവേശവുമാണ്. സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ വൈകിട്ട് നാലിനാണ് മത്സരം. ഇതേസമയത്ത് ശ്രീനഗറിലെ ടിആർസി ടർഫ് ഗ്രൗണ്ടിലാണ് ചർച്ചിൽ റിയൽ കശ്‌മീരിനെ നേരിടുന്നത്. ലീഗിന്റെ ചരിത്രത്തിൽ ആറാംതവണയാണ് അവസാനദിനം വിജയികളെ നിശ്ചയിക്കുന്നത്.
നാടകീയതയും വഴിത്തിരിവുകളും നിറഞ്ഞതായിരുന്നു ഗോകുലത്തിന് ഈ സീസൺ. കരുത്തുറ്റ വിദേശ–-ഇന്ത്യൻ താരങ്ങളെ കൂടാരത്തിലെത്തിച്ചു. ഒപ്പം പരിശീലകനായി സ്‌പാനിഷുകാരൻ അന്റോണിയോ റുയേഡയും. പക്ഷേ ഒന്നും വിചാരിച്ചപോലെ നടന്നില്ല. തോൽവി തുടർക്കഥയായി. 14 കളി കഴിഞ്ഞതോടെ റുയേഡയുടെ കസേര തെറിച്ചു. ടീം അപ്പോൾ ഏഴാംസ്ഥാനത്തായിരുന്നു. അപ്പോഴേക്കും കിരീടപ്രതീക്ഷ നഷ്‌ടപ്പെട്ടു. എന്നാൽ സഹപരിശീലകൻ ടി എ രഞ്ജിത്ത് മുഖ്യപരിശീലകനായി വന്നതോടെ പുതിയൊരു ഗോകുലമായി കളത്തിൽ. ടീം ജയിച്ചുതുടങ്ങി. ഏഴ് കളിയിൽ ആറ് ജയവുമായി രണ്ടാംസ്ഥാനത്തേക്ക് കുതിച്ചു. ഒപ്പം കിരീടത്തിന് അരികെയും. ആകെ 11 ജയവും ആറ് തോൽവിയും നാല് സമനിലയുമാണ് സമ്പാദ്യം.
സന്തുലിതമായ ടീമിനെയാണ് പരിശീലകൻ അണിയിച്ചൊരുക്കുന്നത്. മധ്യനിരയിൽ ക്യാപ്‌റ്റൻ സെർജിയോ ലമാസാണ് സൂത്രധാരൻ. ഗോളടിക്കാൻ ആഫ്രിക്കയിൽനിന്നുള്ള തബിസോ ബ്രൗണുണ്ട്. ഫെബ്രുവരിയിൽ ടീമിനൊപ്പം ചേർന്ന മുന്നേറ്റക്കാരൻ എട്ട് കളിയിൽ എട്ട് ഗോളടിച്ചു. അദാമ നിയാനെ, ഇഗ്‌നേഷിയോ അബെലെദോ, സിനിസ സ്റ്റാനിസാവിച്ച് എന്നിവരും കരുത്താണ്. വിങ്ങിൽ മലയാളി താരം കെ അഭിജിതിന്റെ പ്രകടനവും നിർണായകമാണ്. പ്രതിരോധത്തിൽ പത്തൊമ്പതുകാരൻ ലയിശ്രാം ജോൺസൺ സിങ് ഭാവിവാഗ്‌ദാനമാണ്. ഗോകുലത്തിന്റെ മുൻ ക്യാപ്‌റ്റൻ മാർകസ് ജോസഫാണ് ഡെമ്പോയുടെ പ്രധാന താരം. 26 പോയിന്റുമായി ഒമ്പതാംസ്ഥാനത്താണ്.
ജയിച്ചാൽ ചർച്ചിൽ
ഗോകുലത്തിന് ചാമ്പ്യൻമാരാവാൻ ഇന്ന് ജയിച്ചാൽമാത്രം പോര, ഒന്നാംസ്ഥാനത്തുള്ള ചർച്ചിൽ ബ്രദേഴ്‌സ് റിയൽ കശ്‌മീരിനോട് തോൽക്കുകയും വേണം. സമനില നേടിയാൽപോലും ചർച്ചിൽ കിരീടമുയർത്തും. 21 കളിയിൽ 39 പോയിന്റാണ് ഗോവൻ ക്ലബ്ബായ ചർച്ചിലിന്. രണ്ടാമതുള്ള ഗോകുലത്തിന് 37.
ഡെമ്പോയെ വീഴ്‌ത്തിയാൽ ഗോകുലത്തിന് 40 പോയിന്റാകും. ചർച്ചിൽ തോറ്റാൽ 39ൽ തുടരും. ചർച്ചിലിന് സമനിലയായാൽ 40 പോയിന്റിലെത്തും. ഇരു ടീമുകൾക്കും 40 പോയിന്റായാൽ നേരിട്ട് ഏറ്റുമുട്ടിയതിന്റെ ഫലം പരിശോധിക്കും. ഇതിൽ രണ്ടുവട്ടവും ചർച്ചിലാണ് ജയിച്ചത്. ഗോൾ ശരാശരിയിലും അവരാണ് മുന്നിൽ.
മൂന്നാമതുള്ള റിയൽ കശ്‌മീരിനും നേരിയ സാധ്യതയുണ്ട്. 36 പോയിന്റാണ്. ചർച്ചിലിനെ മൂന്ന് ഗോളിന് തോൽപ്പിക്കുകയും ഗോകുലം ഡെമ്പോയ്‌ക്കെതിരെ ജയിക്കാതിരിക്കുകയും ചെയ്‌താൽ ആദ്യമായി കശ്‌മീർ ജേതാക്കളാകും. ചർച്ചിലിനെതിരെ സ്വന്തം തട്ടകത്തിലാണ് മത്സരം എന്നത് അവർക്ക് മുൻതൂക്കം നൽകുന്നു. ഈ സീസണിൽ സ്വന്തം തട്ടകത്തിലെ പത്ത് കളിയിൽ ഏഴിലും ജയിച്ച ആത്മവിശ്വാസമുണ്ട്. മൂന്ന് കളി സമനിലയായി. സ്വന്തംഗ്രൗണ്ടിൽ ഒറ്റ തോൽവിയുമില്ല. നാലാമതുള്ള ഇന്റർ കാശിക്ക് (36) ജയിക്കുകയും മറ്റ് മത്സരഫലങ്ങൾ അനുകൂലമാവുകയും വേണം. ഐ ലീഗിൽ 12 ടീമുകളാണുള്ളത്.
ചാമ്പ്യൻമാരായാൽ ഐഎസ്‌എൽ
ഐ ലീഗ് ഫുട്‌ബോൾ ജേതാക്കളായാൽ ഗോകുലം കേരളയ്‌ക്ക് അടുത്ത സീസൺമുതൽ ഐഎസ്‌എൽ കളിക്കാം. 2021ലും 2022ലും ഗോകുലത്തിനായിരുന്നു കിരീടം. എന്നാൽ കഴിഞ്ഞ രണ്ട് സീസൺമുതലാണ് ഐ ലീഗ് ചാമ്പ്യൻമാർക്ക് ഇന്ത്യയിലെ ഒന്നാംനിര ലീഗായ ഐഎസ്‌എല്ലിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തുടങ്ങിയത്. പഞ്ചാബ് എഫ്‌സിയും മുഹമ്മദൻസും ഈ വഴിയാണ് യോഗ്യത നേടിയത്. ഗോകുലം ചാമ്പ്യൻമാരായാൽ കേരള ബ്ലാസ്‌റ്റേഴ്‌സിനുപിന്നാലെ ഐഎസ്‌എൽ കളിക്കുന്ന കേരളത്തിലെ രണ്ടാം ക്ലബ്ബാകും.










0 comments