ഐ ലീഗ്‌ ചാമ്പ്യനെ ഇന്നറിയാം

i league football
വെബ് ഡെസ്ക്

Published on Apr 12, 2025, 04:13 AM | 1 min read

കൊൽക്കത്ത: ഐ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾ പൂർത്തിയായിട്ടും ചാമ്പ്യൻ ആരെന്നറിയാത്ത ഗതികേട്‌ ഇന്നവസാനിച്ചേക്കും. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി യോഗം ഇന്ന്‌ ചേർന്ന്‌ തീരുമാനമെടുക്കും. 28ന്‌ ചേരാനാണ്‌ നേരത്തെ നിശ്‌ചയിച്ചിരുന്നത്‌. മത്സരങ്ങൾ പൂർത്തിയായിട്ട്‌ ഒരാഴ്‌ചയായി. 22 കളിയിൽ ചർച്ചിൽ ബ്രദേഴ്‌സ്‌ 40 പോയിന്റുമായി ഒന്നാമതാണ്‌. ഇന്റർകാശിക്ക്‌ 39 പോയിന്റുണ്ട്‌. ഇന്റർകാശിയും നാംധാരി ക്ലബ്ബും തമ്മിലുള്ള മത്സരവുമായി ബന്ധപ്പെട്ട പരാതിയിലാണ്‌ നിർണായക തീരുമാനം കാത്തിരിക്കുന്നത്‌.


ജനുവരി 13ന്‌ നടന്ന മത്സരത്തിൽ നാംധാരി രണ്ട്‌ ഗോളിന്‌ ഇന്റർകാശിയെ തോൽപ്പിച്ചിരുന്നു. എന്നാൽ അയോഗ്യനായ കളിക്കാരനെ നാംധാരി കളത്തിൽ ഇറക്കിയെന്ന്‌ കാണിച്ച്‌ ഇന്റർകാശി അച്ചടക്കസമിതിക്ക്‌ പരാതി നൽകിയിരുന്നു. ഇതുപ്രകാരം ഇന്റർകാശിക്ക്‌ മൂന്ന്‌ പോയിന്റ്‌ കിട്ടി. എന്നാൽ ഈ തീരുമാനത്തിനെതിരെ നാംധാരി അപ്പീൽ കമ്മിറ്റിയെ സമീപിച്ചു. ഇന്റർകാശിക്ക്‌ പോയിന്റ്‌ നൽകിയത്‌ മരവിപ്പിക്കുകയും അന്തിമ തീരുമാനം 28ലേക്ക്‌ മാറ്റുകയുമായിരുന്നു. ഇരുക്ലബ്ബുകളുടെയും ആവശ്യപ്രകാരമാണ്‌ തീരുമാനം നേരത്തെയാക്കുന്നത്‌. മൂന്ന്‌ പോയിന്റ്‌ ലഭിച്ചാൽ ഇന്റർകാശി ആദ്യമായി ഐ ലീഗ്‌ കിരീടം നേടും. ഇല്ലെങ്കിൽ ചർച്ചിൽ ബ്രദേഴ്‌സ്‌ മൂന്നാം തവണ കിരീടം സ്വന്തമാക്കും. ജേതാക്കൾക്ക്‌ ഒരു കോടി രൂപയും ഐഎസ്‌എൽ പ്രവേശനവുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home