ക്ലബ് ലോകകപ്പിൽ അഞ്ച് കളിയിൽ നാല് ഗോളും ഒരു അവസരവും
ഗാർസിയ – പുതിയ ‘റയലായുധം’


Sports Desk
Published on Jul 07, 2025, 12:00 AM | 1 min read
ന്യൂയോർക്ക്
കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും വാഴുന്ന റയൽ മാഡ്രിഡ് മുന്നേറ്റനിരയിലേക്ക് പുതിയൊരു സൂപ്പർതാരംകൂടി–-ഗോൺസാലോ ഗാർസിയ. ക്ലബ് ലോകകപ്പിൽ സ്‌പാനിഷ് ടീമിന്റെ കുതിപ്പിന് കരുത്തായത് ഈ ഇരുപത്തൊന്നുകാരനാണ്. അഞ്ച് കളിയിൽ നാല് ഗോളും ഒരു അവസരവും ഒരുക്കി. ഗോൾവേട്ടക്കാരിൽ ഒന്നാമനാണ്.
പുതിയ പരിശീലകൻ സാബി അലോൺസോയാണ് സ്‌പാനിഷുകാരന് അവസരം നൽകിയത്. ലോകകപ്പിനുമുമ്പ് റയൽ കുപ്പായത്തിൽ ആറ് കളിമാത്രമായിരുന്നു ഗാർസിയയ്‌ക്ക്. ഒറ്റ ഗോളുമില്ല. എംബാപ്പെ അസുഖം കാരണം ആദ്യ മത്സരങ്ങളിൽ കളിക്കാതിരുന്നതോടെയാണ് കളത്തിലെത്തിയത്. റോഡ്രിഗോയ്‌ക്ക് പകരം പ്രധാന സ്‌ട്രൈക്കറായി യുവതാരത്തിന് ചുമതല നൽകി. പരിശീലകന്റെ വിശ്വാസംകാക്കുന്ന പ്രകടനമാണ് പിന്നീട് കണ്ടത്.
പത്താം വയസ്സുമുതൽ റയലിന്റെ അക്കാദമിയിലുണ്ട് ഗാർസിയ. യൂത്ത് ടീമുകൾക്കായി ഗോളടിച്ചാണ് സീനിയർ നിരയിലേക്ക് എത്തിയത്. മുൻതാരം റൗൾ ഗോൺസാലസുമായാണ് കോച്ച് സാബി ഗാർസിയയെ താരതമ്യപ്പെടുത്തിയത്. ‘അവന്റെ കളി കാണുമ്പോൾ റൗളിനെ ഓർമ വരുന്നു. കഠിനാധ്വാനം തുടർന്നാൽ ആ സ്ഥാനത്തെത്താം. മികച്ച ഗോളടിക്കാരനാണ് ഗാർസിയ. ബോക്‌സിൽ കൃത്യമായെത്തി ഷോട്ടുതിർക്കാൻ അറിയാം’–-സാബി പറഞ്ഞു.









0 comments