ഗോകുലം സൂപ്പർകപ്പിന്

കോഴിക്കോട് : ഗോകുലം കേരള എഫ്‌സി 20ന് ആരംഭിക്കുന്ന സൂപ്പർ കപ്പിൽ കളിക്കും. ഒഡിഷയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്‌റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ 21ന് എഫ്‌സി ഗോവയാണ് എതിരാളി. ഐഎസ്‌എൽ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സും സൂപ്പർ കപ്പിലുണ്ട്. ഐ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് സൂപ്പർ കപ്പ് കളിക്കാനാവുക. ഗോകുലം നാലാമതായിരുന്നു. ഇന്റർ കാശി, ചർച്ചിൽ ബ്രദേഴ്‌സ്, റിയൽ കശ്‌മീർ ക്ലബ്ബുകളാണ് യോഗ്യത നേടിയിരുന്നത്. മൂന്നാംസ്ഥാനക്കാരായ റിയൽ കശ്‌മീർ പിൻമാറിയതാണ് ഗോകുലത്തിന് നേട്ടമായത്. ഐഎസ്‌എല്ലിലെ 13 ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.
ഗോകുലം ടീമിന്റെ നിലവിലെ മുഖ്യകോച്ച് മലയാളിയായ ടി എ രഞ്‌ജിത്ത് പരിശീലകനായി തുടരും. വിദേശികൾ ഉൾപ്പെടെ ഐ ലീഗ് കളിച്ച പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ടാവും. പരിശീലനക്യാമ്പ് ഇന്നുമുതൽ മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ തുടങ്ങും.
ആദ്യ കളിയിൽ 20ന് കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളിനെ നേരിടും. മോഹൻബഗാനും ചർച്ചിൽ ബ്രദേഴ്‌സും ഏറ്റുമുട്ടും. ഇന്റർകാശി 21ന് ബംഗളൂരു എഫ്‌സിയുമായി കളിക്കും.









0 comments