ഐ ലീഗ് ഫുട്‌ബോൾ ; ജയം തുടർന്ന് ഗോകുലം

ലുധിയാന : ഐ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സി പഞ്ചാബി ക്ലബ്ബായ നാംധാരി എഫ്‌സിയെ 3–-1ന് തോൽപ്പിച്ചു. ആദ്യപകുതിയിൽ ഗോളില്ലായിരുന്നു. രണ്ടുതവണ ചുവപ്പുകാർഡ് കണ്ട നാംധാരി ഒമ്പതുപേരായി ചുരുങ്ങിയത് ഗോകുലത്തിന് രക്ഷയായി. താബിസോ ബ്രൗൺ, അദമ നിയാനെ, നാച്ചോ അബലെഡോ എന്നിവർ വിജയികൾക്കായി ഗോളടിച്ചു. മൻവീർ സിങ് ആശ്വാസഗോൾ നേടി.
സുഖൻ ദീപ് സിങ്ങും ബ്രസീൽ താരം ഡെയുമാണ് ചുവപ്പുകാർഡ് കണ്ട് പുറത്തായത്.
ജയം അനിവാര്യമായിരുന്ന മത്സരത്തിൽ കൃത്യമായ നീക്കങ്ങളോടെയാണ് ഗോകുലം തുടങ്ങിയത്. തുടക്കത്തിൽ ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ഇടവേളയ്‌ക്കുമുമ്പ് ലക്ഷ്യം കണ്ടില്ല. രണ്ടാംപകുതി തുടങ്ങി 10 മിനിറ്റിൽ താബിസോ ഗോകുലത്തെ മുന്നിലെത്തിച്ചു. 81–-ാംമിനിറ്റിൽ അദമ നിയാനെ രണ്ടാംഗോൾ കണ്ടെത്തി. പരിക്കുസമയത്തായിരുന്നു നാച്ചോ അബലെഡോയുടെ മൂന്നാംഗോൾ.
ജയത്തോടെ 19 കളിയിൽ 31 പോയിന്റുള്ള ഗോകുലം പട്ടികയിൽ നാലാംസ്ഥാനത്താണ്. 26 പോയിന്റുള്ള നാംധാരി ഏഴാമതാണ്. 34 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്‌സും ഇന്റർ കാശിയും ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. റിയൽ കശ്‌മീർ 32 പോയിന്റുമായി മൂന്നാമതാണ്. 22ന് ഗോകുലം ബംഗളൂരു എഫ്സിയെ നേരിടും.









0 comments