ഗോൾ നിറച്ച് ഗോകുലം

ഐ ലീഗ് ഫുട്ബോളിൽ ഇന്റർ കാശിക്കെതിരെ ഗോകുലം കേരളയുടെ സിനിസ ഹെഡ്ഡറിലൂടെ ഗോൾ നേടുന്നു /ഫോട്ടോ: ബിനുരാജ്
പി കെ സജിത്
Published on Jan 25, 2025, 12:00 AM | 1 min read
കോഴിക്കോട്
തട്ടകത്തിൽ കൂറ്റൻ ജയമൊരുക്കി ഗോകുലം കേരള. ഐ ലീഗ് ഫുട്‌ബോളിൽ വിദേശതാരം സിനിസ സ്‌റ്റാനിസാവിച്ചിന്റെ ഹാട്രിക് മികവിൽ ഇന്റർ കാശിയെ 6–-2 ന് തകർത്തു. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിൽ ഇരട്ടഗോളടിച്ച് നാചോ അബലെദൊയും ഒരു ഗോൾ നേടി ക്യാപ്‌റ്റൻ സെർജിയോ ലമാസും പട്ടിക പൂർത്തിയാക്കി. ബ്രൈസ് മിറാൻഡയും മറ്റിജ ബബോവിച്ചും ഇന്റർ കാശിക്കായി ലക്ഷ്യംകണ്ടു.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ ഇന്റർ കാശി ആതിഥേയരെ ഞെട്ടിച്ചു. ബ്ലാസ്‌റ്റേഴ്‌സിൽനിന്നും വായ്‌പാടിസ്ഥാനത്തിലെത്തിയ ബ്രൈസ് ഒറ്റയ--്ക്ക് മുന്നേറി ഗോകുലം ഗോളി ഷിബിൻ രാജിനെ മറികടന്നു. പത്താം മിനിറ്റിൽ അബലെദൊ നൽകിയ ക്രോസിൽ സിനിസ തലവെച്ചപ്പോൾ സമനിലയായി. സെർബിയൻ താരം ബബോവിച് ഹെഡ്ഡറിലൂടെ ഇന്റർകാശിയെ വീണ്ടും മുന്നിലെത്തിച്ചു. ലമാസ് ഒരുക്കിയ പന്തിൽ ഗോകുലം വീണ്ടും സമനില പിടിച്ചു. പന്ത് സ്വീകരിച്ച വി പി സുഹൈർ ഉയർത്തി നൽകിയപ്പോൾ സിനിസയുടെ തല വീണ്ടും ഗോളടിച്ചു. ആദ്യ പകുതിയുടെ അധികസമയത്ത് അബലെദൊ ഗോകുലത്തെ മുന്നിലെത്തിച്ചു(3–-2).
രണ്ടാം പകുതി തുടങ്ങിയ ഉടൻ ലീഡുയർത്തി. ലമാസ് എടുത്ത ഫൗൾകിക്ക് ഇന്റർ കാശിയുടെ കഥ കഴിച്ചു. 73ാം മിനിറ്റിൽ അബലെദൊ നൽകിയ പന്തിൽ സിനിസ ഹെഡ് ചെയ്‌തതോടെ ഹാട്രിക്കും അഞ്ചാം ഗോളുമായി. പരിക്ക് സമയത്ത് അബലെദൊ പട്ടിക തികച്ചു.
ഗോകുലം 10 കളിയിൽ 16 പോയിന്റുമായി നാലാമതാണ്. 17 പോയിന്റുള്ള ഇന്റർ കാശി മൂന്നാമതാണ്. 19 പോയന്റുമായി ചർച്ചിൽ ബ്രദേഴ്സ് ഒന്നാം സ്ഥാനത്തും 17 പോയന്റുമായി നാംധാരി രണ്ടാം സ്ഥാനത്തുമാണ്. 29ന് ബംഗളുരു സ്‌പോർടിങ് ക്ലബ്ബുമായി കോഴിക്കോട്ടാണ് ഗോകുലത്തിന്റെ അടുത്ത കളി.









0 comments