print edition ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പ്ലേ ഓഫ് ; ഇറ്റലിക്ക് എളുപ്പവഴി

ഇറ്റാലിയൻ ഫുട്ബോൾ ടീം (ഫയൽ ചിത്രം)
സൂറിച്ച്
കഴിഞ്ഞ രണ്ട് തവണയും യോഗ്യത നേടാനാകാതെ പുറത്തായ ഇറ്റലിക്ക് ഇക്കുറി ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ട് പ്ലേ ഓ-ഫിൽ ആദ്യ എതിരാളി വടക്കൻ അയർലൻഡ്. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് മുൻ ജേതാക്കൾ.
അടുത്ത വർഷത്തെ ലോകകപ്പിൽ ശേഷിക്കുന്ന ആറ് സ്ഥാനത്തിന് വേണ്ടിയുള്ള പ്ലേ ഓഫ് നറുക്കെടുപ്പാണ് സൂറിച്ചിൽ നടന്നത്. യൂറോപ്യൻ പ്ലേ ഓഫ-്, ഇന്റ കോണ്ടിനെന്റൽ പ്ലേ ഓഫ് മത്സരക്രമങ്ങൾ പൂർത്തിയായി. അടുത്ത വർഷം മാർച്ചിലാണ് മത്സരങ്ങൾ.
യൂറോപ്പിൽ 16 ടീമുകളാണ് പ്ലേ ഓഫിൽ. നാല് വീതം ടീമുകളുള്ള നാല് ഗ്രൂപ്പ്. ഓരോ ഗ്രൂപ്പിലും രണ്ട് ടീമുകൾ തമ്മിലുള്ള സെമിയാണ് ആദ്യം. ജയിക്കുന്ന ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. ജേതാക്കൾ ലോകകപ്പിന്. നാല് ടീമുകളാണ് യൂറോപ്പിൽനിന്ന് കടക്കുക.
ഇറ്റലിയുടെ ഗ്രൂപ്പിൽ വടക്കൻ അയർലൻഡ്, വെയ്‌ൽസ്, ബോസ്‌നിയ ഹെർസെഗോവിന ടീമുകളാണ് ഉള്ളത്. ഇറ്റലിയും അയർലൻഡും സെമിയിൽ ഏറ്റുമുട്ടുന്പോൾ വെയ്‌ൽസും ബോസ്‌നിയയും തമ്മിലാണ് ഇതര സെമി. ജേതാക്കൾ ഫൈനലിൽ പോരടിക്കും. കഴിഞ്ഞ രണ്ട് തവണയും ഇറ്റലി പ്ലേ ഓഫിൽ പുറത്താകുകയായിരുന്നു. മാർച്ച് 26നാണ് സെമി മത്സരങ്ങൾ. ഫൈനൽ 31ന്.
ഗ്രൂപ്പ് ബിയിൽ ഉക്രയ്‌ൻ x സ്വീഡൻ, പോളണ്ട് x അൽബേനിയ സെമി മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് സിയിൽ തുർക്കി x റുമേനിയ, സ്ലൊവാക്യ x കൊസോവോ സെമി പോരാട്ടമാണ്. ഡെൻമാർക്ക് x നോർത്ത് മാസിഡോണിയ, ചെക്ക് റിപ്പബ്ലിക് x റിപ്പബ്ലിക് ഓഫ് അയർലൻഡ് സെമി മത്സരങ്ങൾ ഗ്രൂപ്പ് ഡിയിലും അരങ്ങേറും.
ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിൽ ആറ് ടീമുകളാണ്. രണ്ട് ടീമുകൾക്ക് യോഗ്യത. കോംഗോയും ഇറാഖും നേരിട്ട് ഫൈനലിലെത്തി. ഗ്രൂപ്പ് ഒന്നിൽ ന്യൂ കാലിഡോണിയ x ജമൈക്ക സെമി മത്സരത്തിലെ ജേതാക്കൾ കോംഗോയെ നേരിടും. ഗ്രൂപ്പ് രണ്ടിൽ ബൊളീവിയ x സുരിനാം സെമി ജേതാക്കൾ ഇറാഖിനെയും നേരിടും.









0 comments