സ്ഥാനാർഥിക്ക് ചിഹ്നം; ശുപാർശക്കത്ത് 24 വരെ നൽകാം
print edition പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റ് വിതരണം 26ന് ആരംഭിക്കും. പോളിങ് സ്റ്റേഷനിൽ ജോലിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലെ മുഴുവൻ ജീവനക്കാർ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർ, വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർ, നിരീക്ഷകർ, സെക്ടറൽ ഓഫീസർമാർ, ആന്റി ഡിഫെയ്‌സ്‌മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കുക.
പോസ്റ്റൽ ബാലറ്റിനായുള്ള അപേക്ഷ, വോട്ടെടുപ്പിന് കുറഞ്ഞത് 7 ദിവസം മുമ്പ് ബന്ധപ്പെട്ട വരണാധികാരികൾക്ക് നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ത്രിതല പഞ്ചായത്തിലേക്കുള്ള മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാൽ മതിയാകും.
സ്ഥാനാർഥിക്ക് ചിഹ്നം; ശുപാർശക്കത്ത് 24 വരെ നൽകാം
സ്ഥാനാർഥികൾക്ക് ചിഹ്നം നൽകാൻ അധികാരപ്പെടുത്തിയ രാഷ്ട്രീയപാർടി ഭാരവാഹികളുടെ ശുപാർശക്കത്ത് 24ന് പകൽ 3 വരെ നൽകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയായ 24ന് വൈകിട്ട് മൂന്നുകഴിഞ്ഞാണ് വരണാധികാരി സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുന്നത്. തുടർന്നാണ് സ്ഥാനാർഥികളുടെയും ചിഹ്നങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കുക.
മത്സരിക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ച് വരണാധികാരിക്ക് നോട്ടീസ് നൽകാം. നാമനിർദേശ പത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട നിക്ഷേപത്തുക വരണാധികാരിക്ക് പണമായി നൽകാം. കൂടാതെ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും ട്രഷറിയിലും തുക അടയ്ക്കുകയും ചെയ്യാം.
നാമനിർദേശപത്രിക ഇന്നുകൂടി നൽകാം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി വെള്ളി പകൽ മൂന്നിന് അവസാനിക്കും. സ്ഥാനാർഥിക്ക് സ്വന്തമായോ നിർദേശകൻ വഴിയോ പത്രിക സമർപ്പിക്കാം.
മത്സരിക്കുന്നയാൾ ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. നാമനിർദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർഥിക്ക് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കാം. പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്‌ക്കണം. സൂക്ഷ്‌മപരിശോധന 22ന്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24.









0 comments