ആരോഗ്യം കാക്കാൻ സർക്കാർ കരുതൽ

health department ernakulam

കൊച്ചിൻ ക്യാൻസർ സെന്റർ

വെബ് ഡെസ്ക്

Published on Nov 21, 2025, 04:30 AM | 2 min read

ആരോഗ്യരംഗത്ത്‌ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവയ്‌ക്കുന്ന ജില്ലയുടെ നേട്ടത്തിന്‌ പൊൻതിളക്കമായി 48 മണിക്കൂറിനിടെ വിജയകരമായി പൂർത്തിയാക്കിയ രണ്ട്‌ ഹൃദയമാറ്റ ശസ്‌ത്രക്രിയകൾ. സംസ്ഥാനത്തെ ഭരണസംവിധാനമാകെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചതിന്റെ കൂടി ഫലമായുണ്ടായ നേട്ടം. മുഴുവൻ സമയവും ഉണർന്നിരുന്ന സർക്കാർ സംവിധാനം ‘കെസോട്ടോ’ പ്രശംസ നേടി. തിരുവനന്തപുരത്തുനിന്ന്‌ സ‍ൗജന്യമായാണ്‌ എയർ ആംബുലൻസിൽ ഒരു ഹൃദയം കൊച്ചിയിലെത്തിച്ചത്‌. രണ്ടാമത്തെ ഹൃദയം എത്തിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ ഉ‍ൗർജസ്വലമായി പ്രവർത്തിച്ചു. 48 മണിക്കൂറിനിടെ ലിസി ആശുപത്രിയിൽ നടന്ന ശസ്‌ത്രക്രിയയിലൂടെ ഐസക് ജോർജിൽനിന്ന് അജിനും 
ബിൽജിത്തിൽനിന്ന് ആവണിക്കും 
പുതുജീവൻ കൈവന്നു


കൊച്ചിൻ ക്യാൻസർ 
റിസർച്ച്‌ സെന്റർ

ക്യാൻസർ ചികിത്സയിലും ഗവേഷണത്തിലും മികച്ച നേട്ടം കൈവരിക്കാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തി ഉദ്‌ഘാടനത്തിന്‌ കാത്തിരിക്കുകയാണ്‌ കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ (സിസിആർസി). കളമശേരിയിൽ ഗവ. മെഡിക്കൽ കോളേജിനോടുചേർന്ന്‌ നിർമാണം പൂർത്തിയായ 6.4 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുണ്ട്‌. 360 കിടക്കകളിൽ 100 കിടക്കകളാണ്‌ ആദ്യം സജ്ജമായിട്ടുള്ളത്‌. 10 ഓപ്പറേഷൻ തിയറ്ററുകളിൽ രണ്ടെണ്ണവും ഒരുങ്ങിക്കഴിഞ്ഞു. കിഫ്‌ബിയിൽനിന്നുള്ള 384.34 കോടി രൂപയാണ്‌ ചെലവഴിച്ചത്‌.


എറണാകുളം
 ജനറൽ ആശുപത്രി

രാജ്യത്ത്‌ ആദ്യമായി വൃക്കമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വിജയകരമായി നടത്തിയ ആദ്യ ജനറൽ ആശുപത്രിയാണ്‌ എറണാകുളം ജനറൽ ആശുപത്രി. ആറിലധികം വൃക്ക മാറ്റിവയ്ക്കലുകൾ ഇവിടെ നടന്നുകഴിഞ്ഞു. രാജ്യത്ത്‌ ആദ്യമായി ഹൃദയം മാറ്റിവയ്‌ക്കാൻ അനുമതി ലഭിച്ച ജനറൽ ആശുപത്രി എന്ന നേട്ടവും എറണാകുളം ജനറൽ ആശുപത്രിക്ക്‌ സ്വന്തം. മികച്ച പാലിയേറ്റീവ്‌ സംവിധാനവും മികച്ച ക്യാൻസർ ബ്ലോക്കും സൂപ്പർ സ്‌പെഷ്യാലിറ്റി ഡിപ്പാർട്‌മെന്റുകളുമായി എൽഡിഎഫ്‌ സർക്കാർ ഭരണകാലത്ത്‌ മികവിന്റെ നിരവധി നേട്ടങ്ങളാണ്‌ ഇ‍ൗ ആശുപത്രി നേടിയെടുത്തത്‌. കിഫ്‌ബിയിൽനിന്നുള്ള 76 കോടി രൂപ ചെലവഴിച്ചാണ്‌ സ്വകാര്യ ആശുപത്രികളെയും വെല്ലുന്ന പ്ര‍ൗഢിയോടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ നിർമിച്ചത്‌. ​


EKM GENERAL HOSPITAL


എറണാകുളം
 ഗവ. മെഡിക്കൽ കോളേജ്‌

286 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിങ്‌ ജോലികൾ 98 ശതമാനവും പൂത്തിയായി.  നിയോ നാറ്റോളജി, പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, യൂറോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവയെല്ലാം സജ്ജമാക്കും. 842 പുതിയ കിടക്കകൾ പുതിയതായി വരും. മൊത്തം 1342 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കൽ കോളേജ് മാറും. 8.64 ലക്ഷം ചതുരശ്ര അടിയിലാണ്‌ കെട്ടിടം നിർമിക്കുന്നത്.


​താലൂക്കാശുപത്രികൾ, 
കുടുംബാരോഗ്യ കേന്ദ്രങ്ങൾ

ആർദ്രം ദ‍ൗത്യത്തിന്റെ ഭാഗമായി ജില്ലയിലെ 14 കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററുകളെ 5.10 കോടി രൂപ ചെലവഴിച്ച്‌ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റി. ഇവിടങ്ങളിൽ 215.36 ലക്ഷം രൂപ ചെലവിൽ ലേബർ റൂമും എമർജൻസി ഓപ്പറേഷൻ തിയറ്ററും നിർമിച്ചു. അങ്കമാലി താലൂക്കാശുപത്രിയിൽ 55 ലക്ഷം ചെലവിലാണ്‌ ഡയാലിസിസ്‌ യൂണിറ്റ്‌ സ്ഥാപിച്ചത്‌. മൂവാറ്റുപുഴ താലൂക്കാശുപത്രിയിൽ 3.7 കോടി ചെലവിൽ ഫാർമസി, ഓപ്പറേഷൻ തിയറ്റർ എന്നിവയും കരുവേലിപ്പടി താലൂക്കാശുപത്രിയിൽ 1. 66 കോടി ചെലവഴിച്ച്‌ ഒപിഡി ട്രാൻസ്‌ഫർമേഷനും നടപ്പാക്കി. 3.66 കോടി ചെലവിൽ ഇടപ്പള്ളിയിൽ സ്ഥാപിച്ച റീജണൽ വാക്‌സിൻ സ്‌റ്റോർ മറ്റൊരു പ്രധാന നേട്ടം.​




deshabhimani section

Related News

View More
0 comments
Sort by

Home