കൊച്ചിയുടെ സൂര്യകാന്തി

‘‘നഗരത്തിൽ വിടർന്നുനിൽക്കുകയാണൊരു സൂര്യകാന്തി ‘ജി സ്‌മാരകം’. കൊച്ചിയുടെ സാംസ്‌കാരിക കേന്ദ്രമായി, മുഖമായി മാറുകയാണ് മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്‌മരണയ്‌ക്കായി കോർപറേഷൻ എൽഡിഎഫ് ഭരണസമിതി യാഥാർഥ്യമാക്കിയ സ്‌മാരകം’’
ഹൃദയഹാരിയായ കവിതയായ്
ആദ്യമായി മലയാളത്തിന് ജ്ഞാനപീഠം പുരസ്‌കാരത്തിന്റെ അഭിമാനത്തിളക്കം സമ്മാനിച്ച കവി ജി ശങ്കരക്കുറുപ്പിനോടുള്ള ആദരവും സ്‌നേഹവുമാണ് ഇൗ സ്‌മാരകം. ശ്രുതിമധുരമായ ഓടക്കുഴലിൽനിന്നെന്നപോലെ കവിയുടെ ഓർമകൾ മനസ്സിൽ എത്തും ഇവിടെ വന്നാൽ. കവിയുടെ ജീവിതവും സർഗസൃഷ്ടികളും കലാസ്വാദകർക്കും ഭാവിതലമുറയ്‌ക്കുംകൂടി പരിചയപ്പെടാൻ കഴിയുംവിധത്തിലാണ് ആകർഷകവും വ്യത്യസ്‌തവുമായ രൂപകൽപ്പനയോടെ സ്‌മാരകം നിർമിച്ചത്.
ജിയുടെ ജീവിതത്തെയും പ്രധാന കവിതകളെയും ആസ്പദമാക്കി ചിത്രീകരണങ്ങൾ ഉൾപ്പെടുത്തിയ ആർട്ട് ഗ്യാലറി, ജിക്ക് ജ്ഞാനപീഠ പുരസ്‌കാരം നേടിക്കൊടുത്ത കൃതി അനുസ്‌മരിച്ച് വലിയ ഓടക്കുഴൽ ശിൽപ്പം, സാംസ്‌കാരിക നിലയം, ഓപ്പൺ എയർ ഓഡിറ്റോറിയം, കവിതാമ്യൂസിയം, യോഗ സ്‌പേസ്, ഓഫീസ് ലൈബ്രറി എന്നിവയാണ് സ്‌മാരകത്തിലുൾപ്പെടുന്നത്. 5,000 ചതുരശ്ര അടിയിലാണ് നിർമാണം. നഗരസഭയുടെയും അമൃത് പദ്ധതിയുടെയും സിഎസ്‌എംഎല്ലിന്റെയും ഫണ്ട് ഉൾപ്പെടെ ആകെ നിർമാണച്ചെലവ് അഞ്ചുകോടി. സാഹിത്യപ്രേമികൾ, വിദ്യാർഥികൾ, കലാകാരന്മാർ എന്നിവർ സന്ദർശകരായെത്തുന്നു. ഒത്തുകൂടാനും കലാസൃഷ്ടികളുടെ പ്രദർശനവേദിയായും മാറിക്കഴിഞ്ഞു.
അഭിമാനമേറെ
ജി സ്‌മാരകമെന്ന നഗരത്തിന്റെ ആഗ്രഹത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സി എം ദിനേശ് മണി മേയറായിരുന്നപ്പോഴായിരുന്നു പദ്ധതി തുടക്കം. യുഡിഎഫ് ഭരിച്ചപ്പോൾ പദ്ധതി സഫലമാക്കാൻ ആത്മാർഥമായ ഇടപെടലുണ്ടായില്ല. ജിയുടെ കൊച്ചുമകൾ ബി ഭദ്ര നഗരത്തിന്റെ ഡെപ്യൂട്ടിമേയറായപ്പോഴും സ്‌മാരകമെന്ന സ്വപ്‌നം യാഥാർഥ്യമായില്ല. എം അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി അധികാരത്തിൽ വരുന്പോൾ ഇൗ പദ്ധതിപ്രദേശം ഏതെന്ന് തിരിച്ചറിയാൻപോലും കഴിയാത്ത സ്ഥിതിയായിരുന്നു. സ്‌മാരകം യാഥാർഥ്യമാക്കാൻ മേയറുടെ നേതൃത്വത്തിൽ നടപടികളെടുത്തു. തടസ്സങ്ങൾ ഒന്നൊന്നായി നീക്കി. ഫണ്ട് കണ്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്‌മാരകം നഗരത്തിന് സമർപ്പിച്ചത്.









0 comments