print edition പകർന്നു ‘വജ്രത്തിളക്കം’ ; 5 ലക്ഷം രൂപ വരുന്ന വജ്രം 50,000 രൂപയ്‌ക്ക് വാങ്ങാം

കേരള സ്‌റ്റാർട്ടപ് മിഷൻ 2024ൽ കോവളത്ത് സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ ഉച്ചകോടിയിൽ പി ആർ സൈരാജ്, മിഥുൻ അജയ്, എം മുനീർ എന്നിവർ വജ്രശേഖരവുമായി

ശ്രീരാജ് ഓണക്കൂർ
Published on Nov 21, 2025, 03:43 AM | 1 min read
കൊച്ചി
ഖനനം ചെയ്‌തെടുത്ത വജ്രങ്ങളുടെ അതേ പരിശുദ്ധിയും തിളക്കവുമുള്ള വജ്രങ്ങൾ. നിർമാണം ലാബോറട്ടറിയിലും. നാലു യുവാക്കളുടെ നവീന ആശയത്തിന് ചിറകേകിയിരിക്കുകയാണ് കേരള സ്‌റ്റാർട്ടപ് മിഷൻ. കേരളത്തിലെ സ്‌റ്റാർട്ടപ് വളർച്ചയ്‌ക്കായി സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബലിന്റെ 2024 ലക്കത്തിലാണ് ‘എലിക്‌സർ ജുവൽസ്’ എന്ന സ്‌റ്റാർട്ടപ് ലാബിൽ നിർമിച്ച വജ്രശേഖരം പ്രദർശിപ്പിച്ചത്.
സ്‌റ്റാർട്ടപ് മിഷൻ നേതൃത്വം നൽകിയ ഉച്ചകോടി ആഗോളശ്രദ്ധയിലെത്തിച്ചതായി ‘എലിക്‌സർ ജുവൽസ്’ സ്ഥാപകൻ ആലപ്പുഴ സ്വദേശി പി ആർ സൈരാജ് പറയുന്നു. സ്റ്റാർട്ടപ് മിഷനിലെ യുണീക് ഐഡി സ്റ്റാർട്ടപ്പായ എലിക്‌സർ ജുവൽസ് ഇന്ന് ബഹുരാഷ്ട്ര ശതകോടീശ്വര കൂട്ടായ്മയായ ബീറ്റാ ഗ്രൂപ്പുമായി കൈകോര്‍ത്തിരിക്കുകയാണ്. തങ്ങളുടെ വിപണി മുംബൈയിലേക്കും സൂറത്തിലേക്കും വ്യാപിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് സൈരാജും സഹസ്ഥാപകരായ മിഥുൻ അജയ്, എം മുനീർ, രാഹുൽ പച്ചിഗർ എന്നിവരും.
ഭൂമിക്കടിയിൽ ഉയർന്ന താപനിലയിലും മർദത്തിലും സംഭവിക്കുന്ന പ്രകൃതിദത്ത വജ്രരൂപീകരണം അനുകരിക്കുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വജ്രങ്ങൾ ലാബില്‍ നിര്‍മിക്കുന്നത്. അഞ്ച് ലക്ഷം രൂപ വരുന്ന വജ്രം 50,000 രൂപയ്‌ക്ക് വാങ്ങാൻ ഇതുവഴി സാധിക്കുമെന്നും ഇവർ പറയുന്നു.







0 comments