print edition ഒമ്പതര വർഷം , നിയമനം 3 ലക്ഷം കവിഞ്ഞു ; ചരിത്രനേട്ടവുമായി പിഎസ്സി

തിരുവനന്തപുരം
പിഎസ്‍സി നിയമനത്തിൽ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത ചരിത്രനേട്ടവുമായി കേരളം. എൽഡിഎഫ് സർക്കാർ വന്നശേഷമുള്ള ഒമ്പതര വര്‍ഷത്തിൽ നിയമന ശുപാർശ നൽകിയവരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു. അവശ്യ മേഖലകളിൽ പുതിയ തസ്‌തിക സൃഷ്‌ടിച്ചതും ഒഴിവ് കൃത്യമായി റിപ്പോർട്ട് ചെയ്‌തതും നടപടികൾ പൂര്‍ണമായും ഓണ്‍ലൈനാക്കിയതുമാണ് ഇൗ മുന്നേറ്റത്തിന് കാരണം.
യുഡിഎഫിന്റെ കാലത്ത് നിയമനം നടക്കാതിരുന്ന പല തസ്‌തികകളിലും സാങ്കേതിക, നിയമ കുരുക്കുകൾ അഴിച്ചു. റാങ്ക് പട്ടിക നിലവിലില്ലാത്ത സാഹചര്യം ഒഴിവാക്കി, കാലാവധി തീരുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതിയിലായി. നിലവിൽ രാജ്യത്താകെ നടക്കുന്ന പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണ്. ഈ വർഷംമാത്രം -33,368 പേർക്ക് നിയമന ശുപാർശ നൽകി.
2024ൽ 34,194 പേർക്കും 2023ൽ 34,110 പേർക്കും നിയമന ശുപാർശ നൽകി. കൂടുതൽ വിരമിക്കൽ നടക്കുന്നതിനാൽ വരുന്ന വർഷവും കൂടുതൽ തൊഴിലവസരം ഉണ്ടാകും.
ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യും
അടുത്ത വര്‍ഷത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി പിഎസ്‌സിയെ അറിയിക്കാന്‍ സർക്കാർ നിര്‍ദേശം. 2026 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഓരോ തസ്‌തികയിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവ് കണക്കാക്കിയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഡിസംബര്‍ 26ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് വകുപ്പധ്യക്ഷരോട് ആവശ്യപ്പെട്ടിരിക്കുന്നത്.









0 comments