print edition സുഗമദർശനം ; ക്രമീകരണം വിജയം , സ്‌പോട്ട് ബുക്കിങ് അയ്യായിരം മാത്രം

ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലിൽ ദർശനത്തിനായി കാത്തുനിൽക്കുന്നവർക്ക് ദേവസ്വം ബോർഡ് വളന്റിയർമാർ ബിസ്‌കറ്റ് നൽകുന്നു / ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ

സി ജെ ഹരികുമാർ
Published on Nov 21, 2025, 03:42 AM | 1 min read
ശബരിമല
നടതുറന്ന് അഞ്ചുനാൾ പിന്നിടുമ്പോൾ ശബരിമലയിലെ തിരക്ക് പൂർണമായും നിയന്ത്രണത്തിൽ. സർക്കാരും പൊലീസും ദേവസ്വം ബോർഡും ചേർന്നുള്ള കൂട്ടായ പരിശ്രമത്തിൽ മികച്ച സംവിധാനങ്ങളാണ് ഒരുക്കിയത്. പതിനെട്ടാംപടിയുടെ നിയന്ത്രണം ഇന്ത്യൻ റിസർവ് ബറ്റാലിയൻ, സ്‌പെഷൽ ആംഡ് പൊലീസ് എന്നിവ ഏറ്റെടുത്തു.
എസ്എപിയിലെ മുപ്പതും ഐആർബിയിലെ അറുപതും പേരാണ് ഡ്യൂട്ടിക്കുള്ളത്. അഞ്ച് ബാച്ചായി തിരിഞ്ഞ് 10 മിനിറ്റ് വീതമാണ് പടിയിൽ ഡ്യൂട്ടി നോക്കുക. തീർഥാടകരെ വളരെ വേഗത്തിലും സുരക്ഷിതവുമായി പടികയറ്റി വിടുകയാണ് ദൗത്യം. ദർശനം വേഗത്തിൽ നടക്കുന്നതിനാൽ സന്നിധാനത്ത് വ്യാഴാഴ്‌ച വലിയ തിരക്ക് അനുഭവപ്പെട്ടില്ല. വലിയ നടപ്പന്തലിലും തീർഥാടകരുടെ വലിയനിര ഇല്ലായിരുന്നു.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട് ബുക്കിങ് 5,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. നിലക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാണ് സ്‌പോട്ട് ബുക്കിങ് നടന്നത്. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്‌പോട്ട് ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചു. നവംബർ 24 വരെയാണ് നിയന്ത്രണങ്ങൾ.
തീർഥാടകർ പരമാവധി വെർച്വൽ ക്യൂ വഴി സ്‌ലോട്ട് ഉറപ്പാക്കണം. സ്‌പോട്ട് ബുക്കിങ് ലഭിക്കാത്തവർ നിലക്കലിൽ വിശ്രമിക്കണം. അടുത്ത ബുക്കിങ്ങിന് ഇവർക്ക് മുൻഗണന. വെർച്വൽ ക്യൂ ബുക്ക് ചെയ്‌തവർ സമയത്ത് എത്തണമെന്ന് ശബരിമല എഡിഎം ഡോ. അരുണ്‍ എസ് നായര്‍ പറഞ്ഞു.









0 comments