കണ്ടെത്താൻ കഴിയാത്തവർ 78,111 ആയി
print edition എസ്‌ഐആർ : ചോദ്യങ്ങളും ഉത്തരവും

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുണ്ടെങ്കിൽ എസ്‌ഐആറിന്റെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ടോ ?
പൂരിപ്പിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർപ്പട്ടികയും ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിനുള്ള പട്ടികയും രണ്ടാണ്. തദ്ദേശ സ്ഥാപനത്തിലേക്കുള്ള വോട്ടർപ്പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിനുള്ള പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുമാണ് തയ്യാറാക്കുന്നത് . കേന്ദ്ര കമീഷന്റെ പട്ടികയാണ് എസ്‌ഐആറിന് വിധേയമാക്കുന്നത്.
വോട്ടർപ്പട്ടികയിൽ പേര് നിലനിർത്താൻ ഫോം പൂരിപ്പിച്ചുനൽകിയാൽമാത്രം മതിയോ ?
മതിയാകും.ഫോം പൂരിപ്പിച്ച് നൽകുന്ന എല്ലാവരെയും കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് കമീഷൻ അറിയിച്ചത്. തുടർന്ന് രേഖകൾ ഹാജരാക്കേണ്ടവർക്ക് നോട്ടീസ് നൽകും. 2002ലെ എസ്‌ഐആറിൽ ഉൾപ്പെടാത്തവരും ബന്ധുക്കളെ ‘ലിങ്ക്’ ചെയ്യാൻ കഴിയാത്തവരും 12 രേഖകളിലൊന്ന് ഹാജരാക്കേണ്ടിവരും. ഇത് പരിശോധിച്ചശേഷമാണ് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുക
2002ലെ എസ്ഐആർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ എന്താണ് ചെയ്യേണ്ടത് ?
– ഇൗ വിഭാഗക്കാർ ആദ്യഭാഗത്തെ ഒമ്പത് ചോദ്യങ്ങൾ പൂരിപ്പിക്കണം. താഴെയുള്ള ആദ്യ കോളം പൂരിപ്പിക്കേണ്ടതില്ല. 2002ലെ എസ്‌ഐആറിൽ ഉൾപ്പെട്ട ബന്ധുക്കളുമായി വോട്ടറെ ലിങ്ക് ചെയ്യാനുള്ള രണ്ടാമത്തെ കോളമാണ് ഇക്കൂട്ടർ പൂരിപ്പിക്കേണ്ടത്. അതിനായി ആ കോളത്തിൽ, എസ്‌ഐആറിൽ ഉൾപ്പെട്ട ബന്ധുവിന്റെ വിവരങ്ങൾ നൽകണം. ബന്ധു എന്നതുകൊണ്ട് പിതാവ്, മാതാവ്, അവരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്. ഇവർ ആരും എസ്‌ഐആറിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ മറ്റുള്ള ബന്ധുക്കളുടെയുംവിവരങ്ങൾ നൽകാം. ബന്ധുവിന്റെ എസ്‌ഐആറിലെ വിവരങ്ങൾ അതേപടി നൽകാൻ ശ്രദ്ധിക്കണം.
2002ലെ പട്ടികയിൽ വോട്ടറും ബന്ധുക്കളും ഉൾപ്പെട്ടിട്ടില്ലെങ്കിൽ എന്തുചെയ്യണം ?
ഇൗ വിഭാഗക്കാർ മുകളിലത്തെ ഭാഗമാണ് പൂരിപ്പിക്കേണ്ടത്. കോളം പൂരിപ്പിക്കേണ്ടതില്ല. കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചശേഷം ഹിയറിങ് നടത്തുമ്പോൾ 12 രേഖകളിലൊന്നുമായി ഹാജരാകണം.
2002ലും 2025ലും പട്ടികയിലുണ്ടെങ്കിലോ ?
ഇൗ വിഭാഗക്കാർ ആദ്യ ഭാഗവും ഒന്നാമത്തെ കോളവുമാണ് പൂരിപ്പിക്കേണ്ടത്. കോളം പൂരിപ്പിക്കുമ്പോൾ 2002ലെ പട്ടികയിലെ വിവരങ്ങൾ അതേപടി നൽകണം. ആദ്യഭാഗത്തെ ഒമ്പതുചോദ്യങ്ങൾക്ക് 2025ലെ വിവരങ്ങളും നൽകണം.
വിവരങ്ങൾ തെറ്റായി പൂരിപ്പിച്ചാൽ ?
ഫോമിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ബിഎൽഒ ഒപ്പിടും. ഈ വിവരങ്ങൾ അന്തിമ കരട് പട്ടികയുടെ അടിസ്ഥാനമാണ്. തെറ്റായ വിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമാണ്.
ഇപ്പോൾ താമസിക്കുന്ന വിലാസമല്ല, 2002-ലെ എസ്ഐആർ പട്ടികയിൽ ഉള്ളത്. അങ്ങനെയെങ്കിൽ ഒന്നാമത്തെ കോളത്തിൽ ഏത് വിലാസമാണ് നൽകേണ്ടത് ?
ഒന്നാമത്തെ കോളം വോട്ടറുടെ എസ്‌ഐആറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, 2002ലെ പട്ടികയിലെ പേര്, നിയമസഭാ മണ്ഡലം, പോളിങ് സ്റ്റേഷൻ, ക്രമനമ്പർ എന്നിവയാണ് നൽകേണ്ടത്. വോട്ടർപ്പട്ടികയിലെ ആ ഭാഗം അതേപടി പൂരിപ്പിക്കുകയാണ് വേണ്ടത്.
പൂരിപ്പിച്ച ഫോം ആരെയാണ് തിരികെയേൽപ്പിക്കേണ്ടത് ?
വോട്ടർക്ക് ഫോം നൽകിയ ബിഎൽഒയെ (ബൂത്ത് ലെവൽ ഓഫീസർ) യാണ് പൂരിപ്പിച്ച ഫോം തിരികെ ഏൽപ്പിക്കേണ്ടത്. ബിഎൽഒയുടെ സാന്നിധ്യത്തിൽ അല്ലാതെ മറ്റാർക്കും ഫോം നൽകരുത്. ബിഎൽഒ നിങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് ഡിജിറ്റൈസ് ചെയ്തെന്ന് ഉറപ്പുവരുത്തും.

കൂടുതൽ പേർ തെറ്റിച്ചത് രണ്ടാംകോളം
എന്യൂമറേഷൻ ഫോമിലെ രണ്ടാമത്തെ കോളമാണ് കൂടുതൽപേർ തെറ്റായി പൂരിപ്പിച്ചത്. എസ്‌ഐആറിൽ ഉൾപ്പെടാത്തവർക്ക് ബന്ധുക്കളുമായി ലിങ്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു ഭാഗമാണിത്. ഇത് കൃത്യമായി പൂരിപ്പിച്ചാൽ 2002ലെ എസ്‌ഐആറിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും രേഖകൾ ഹാജരാക്കേണ്ടിവരില്ല. ബന്ധുക്കൾ എന്നത് പിതാവ്, മാതാവ്, അവരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിങ്ങനെയാണ് നിർവചിച്ചത്. അവർ ആരും ഉൾപ്പെട്ടിട്ടില്ലെങ്കിൽ മാത്രം മറ്റു ബന്ധുക്കളുടെ വിവരങ്ങൾ നൽകാം. ഇൗ കോളത്തിൽ ബന്ധുക്കളുടെ 2002ലെ എസ്‌ഐആർ പട്ടികയിലെ വിവരമാണ് നൽകേണ്ടത്. നിലവിലെ വിവരങ്ങൾ നൽകരുത്.
• പേര്: ഇവിടെ വോട്ടറുടെ പേര് നൽകണമെന്ന് നിരവധിപേർ തെറ്റിദ്ധരിച്ചു. യഥാർഥത്തിൽ 2002ലെ എസ്‌ഐആറിൽ ഉൾപ്പെട്ട ബന്ധുവിന്റെ പേരാണ് നൽകേണ്ടത്.
• എപിക് നമ്പർ (ലഭ്യമെങ്കിൽ): ബന്ധുവിന്റെ എപിക് നമ്പർ 2002ലെ പട്ടികയിൽനിന്ന് ലഭിച്ചാൽ മാത്രം രേഖപ്പെടുത്തുക
• ബന്ധുവിന്റെ പേര്: ഇവിടെ വോട്ടറുടെ ബന്ധുവിന്റെ പേരല്ല നൽകേണ്ടത്. എസ്‌ഐആറിൽ ഉൾപ്പെട്ട ബന്ധുവിന്റെ ബന്ധുവിന്റെ പേര് നൽകണം.
അത് 2002ലെ പട്ടികയിൽ ആരുടെ പേരാണോ അതേപടി നൽകണം (എസ്‌ഐആറിലെ ബന്ധു എന്നത് വോട്ടറുടെ പിതാവോ മാതാവോ ആകാം. ബന്ധുവിന്റെ ബന്ധു എന്നത് പിതാവിന്റെ പിതാവോ മാതാവോ അവരുടെ സഹോദരങ്ങളോ ആകാം)
• ബന്ധം: എസ്‌ഐആറിൽ ഉൾപ്പെട്ട ബന്ധുവും അവരുടെ ബന്ധുവുമായുള്ള ബന്ധമാണ് ഇവിടെ നൽകേണ്ടത്. വോട്ടർക്ക് ഇവിടെ പ്രാധാന്യമില്ല. വോട്ടറും ബന്ധുവുമായുള്ള ബന്ധമാണെന്ന് തെറ്റിദ്ധരിച്ചവർ ഏറെയാണ്
• താഴെ വരുന്ന മറ്റുവിവരങ്ങളായ സംസ്ഥാനത്തിന്റെ പേര്, നിയമസഭാ മണ്ഡലം, മണ്ഡലത്തിന്റെ നമ്പർ, ഭാഗം നമ്പർ, ക്രമ നമ്പർ എന്നിവ 2002ലെ ബന്ധുവിന്റെ പട്ടികയിൽ ഉള്ളതുപോലെ നൽകണം

ഇൗ ഭാഗം എല്ലാവർക്കും ബാധകം
എന്യൂമറേഷൻ ഫോമിൽ എല്ലാവർക്കും ബാധകമായ ഒരേയൊരു ഭാഗമാണിത്. ഒമ്പത് ചോദ്യങ്ങളാണ് ഇവിടെയുള്ളത്. വോട്ടറുടെ പുതിയ വിവരങ്ങളാണ് നൽകേണ്ടത്. എസ്‌ഐആറിൽ ഉൾപ്പെട്ടോ, ബന്ധു ഉൾപ്പെട്ടോ തുടങ്ങിയ ഒരു കാര്യങ്ങളും ഇൗ ഭാഗത്ത് ബാധകമാകില്ല. പുതിയ ഫോട്ടോ പതിക്കാൻ അവസരമുണ്ട്. എന്നാൽ നിർബന്ധമില്ല. ഇതിൽഎപിക് ഐഡി എന്നത് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പറാണ്

ഒന്നാംകോളം 2002ലെ എസ്‌ഐആറിൽ ഉൾപ്പെട്ടവർക്കുമാത്രം
2002ലെ എസ്‌ഐആറിൽ ഉൾപ്പെട്ടവർക്ക് മാത്രം ബാധകമായതാണ് താഴത്തെ ഒന്നാം കോളം. ഇൗ കോളത്തിൽ വോട്ടറുടെ എസ്‌ഐആർ വിവരങ്ങൾ 2002ലെ പട്ടികയിലുള്ളതുപോലെതന്നെ നൽകണം. 2025ലെ പട്ടികയിൽ ‘കെ രാജു’ എന്നും 2002ലെ പട്ടികയിൽ ‘രാജു’ എന്നുമാണ് ഉള്ളതെങ്കിൽ ‘രാജു’ എന്നാണ് ഇവിടെ നൽകേണ്ടത്. മറ്റു വിവരങ്ങളും 2002ലെ പട്ടികനോക്കി പൂരിപ്പിക്കണം. മണ്ഡലം മാറിയിട്ടുണ്ടെങ്കിൽ 2002ലെ മണ്ഡലം ആണ് നൽകേണ്ടത്.
കണ്ടെത്താൻ കഴിയാത്തവർ 78,111 ആയി
എന്യൂമറേഷൻ ഫോം വിതരണത്തിൽ ‘കണ്ടെത്താൻ കഴിയാത്തവർ’ 78,111 ആയി ഉയർന്നു. ഇത്രയുംപേർ വോട്ടർപട്ടികയിൽനിന്ന് പുറത്താകും. ഇത്രയും വോട്ടർമാരുടെ താമസസ്ഥലം പരിശോധിച്ചുറപ്പിക്കാനായില്ലെന്നും ചിലർ മരിച്ചെന്നും ബിഎൽഒമാർ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകി. ഇതിന്റെ ബൂത്ത് തലത്തിലുള്ള കണക്ക് തയ്യാറായിട്ടില്ല.
റിപ്പോർട്ട് ലഭിച്ചയുടൻ കണക്കുകൾ രാഷ്ട്രീയ പാർടികൾക്ക് കൈമാറും. ബിഎൽഒയും ബിഎൽഎയും യോഗം ചേർന്ന് ഇത് പരിശോധിക്കണം. വോട്ടർപ്പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ളവരാരും ‘കണ്ടെത്താൻ കഴിയാത്തവരുടെ’ കൂട്ടത്തിൽ ഇല്ലെന്ന് ഉറപ്പാക്കണം. ഡിജിറ്റൈസേഷൻ തുടങ്ങിയതോടെ എന്യൂമറേഷൻ ഫോം വിതരണം മന്ദഗതിയിലായി.
വ്യാഴാഴ്ച വൈകിട്ടുവരെ 99.5 ശതമാനം ഫോം വിതരണം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്. ബാക്കിയുള്ളവർക്ക് ഫോം നൽകാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടില്ല. 41,009 വോട്ടർമാർ ഓൺലൈനായി ഫോമുകൾ സമർപ്പിച്ചവരാണ്. കൂടുതലും പ്രവാസികളും മറ്റ് സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവരുമാണ്. "താങ്ക് യൂ ബിഎൽഒ – യൂ മെയ്ഡ് ഇറ്റ് 100%’ എന്ന ഡിജിറ്റൽ കാമ്പയിൻ വ്യാഴാഴ്ചമുതൽ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയ എല്ലാ ബിഎൽഒമാർക്കും വ്യക്തിഗത ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകും.
ആപ്പ് പണിമുടക്കുന്നത് പ്രതിസന്ധി: ബിഎൽഒമാർ
തെരഞ്ഞെടുപ്പ് കമീഷൻ തിടുക്കപ്പെട്ട് നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റൈസേഷൻ (വോട്ടർമാർ പൂരിപ്പിച്ച ഫോമുകളിലെ വിവരങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ) പുരോഗമിക്കുന്നു. എന്നാൽ,ഡിജിറ്റൈസ് ചെയ്യാൻ ഉപയോഗിക്കുന്ന ‘ബിഎൽഒ ആപ്’ പണിമുടക്കുന്നത് പ്രതിസന്ധിയാകുകയാണ്. ബുധൻ രാത്രിമുതൽ വ്യാഴം രാവിലെവരെ ആപ്പ് പ്രവർത്തനക്ഷമമായിരുന്നെന്നും അതിനുശേഷം പണിമുടക്കിയെന്നും പതിവായി ഇത്തരം പ്രശ്നം അനുഭവപ്പെടുന്നുണ്ടെന്നും കോഴിക്കോട്ടെ ഒരു ബിഎൽഒ പറഞ്ഞു.
ബൂത്ത് കേന്ദ്രത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ഫോമുകൾ ശേഖരിക്കുന്നത്. എല്ലാ വീടുകളിലും കയറി ഫോം ശേഖരിച്ചാൽ സമയം വൈകുമെന്നതുകൊണ്ടാണിത്. പൂരിപ്പിക്കാത്ത ഫോമുകളും വോട്ടർമാർ കൊണ്ടുവരുന്നുണ്ട്. അത് ക്യാമ്പിൽവച്ച് പൂരിപ്പിക്കാനുള്ള സഹായം രാഷ്ട്രീയ പാർടികൾ നൽകുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന ഫോമുകളിലെ വിവരങ്ങൾ ബിഎൽഒ ആപ്പ് വഴി അപ്‌ലോഡ് ചെയ്യും. ബിഎൽഒയുടെ സാന്നിധ്യത്തിൽ അല്ലാതെ മറ്റാർക്കും ഫോം നൽകരുതെന്ന് പ്രത്യേക നിർദേശമുണ്ട്. ബിഎൽഒ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്തെന്ന് വോട്ടർ ഉറപ്പുവരു ത്തണം.








0 comments