print edition ലോകകപ്പ്‌ ഫുട്ബോൾ യോഗ്യത ; റൊണാൾഡോ, ഹാലണ്ട്‌, എംബാപ്പെ കളത്തിൽ

fifa world cup qualifiers

ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ (നടുവിൽ) സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിനിടയിൽ

വെബ് ഡെസ്ക്

Published on Nov 13, 2025, 02:30 AM | 2 min read


പാരിസ്

ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റ‍ൗണ്ടിൽ ഇന്ന്‌ തകർപ്പൻ പോരാട്ടങ്ങൾ. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കിലിയൻ എംബാപ്പെയും ഫ്രാൻസും ഇന്ന്‌ യോഗ്യത തേടിയിറങ്ങുന്നു. ഗോളടിക്കാരൻ എർലിങ്‌ ഹാലണ്ടിന്റെ നേതൃത്വത്തിൽ നോർവേയും കളത്തിലുണ്ട്‌. പോർച്ചുഗലിന്‌ അയർലൻഡും ഫ്രാൻസിന്‌ ഉക്രയ്‌നുമാണ്‌ എതിരാളി. നോർവേ എസ്‌റ്റോണിയയുമായി കളിക്കും.


ഇറ്റലി x മൊൾഡോവ, ഇംഗ്ലണ്ട്‌ x സെർബിയ മത്സരങ്ങളും ഇന്ന്‌ നടക്കും.

അടുത്ത വർഷം അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പിൽ ആകെ 48 ടീമുകളാണ്‌ ഏറ്റുമുട്ടുന്നത്‌. 28 ടീമുകൾ യോഗ്യത നേടി. 20 സ്ഥാനം ബാക്കിയുണ്ട്‌. യൂറോപ്പിൽ ആകെ 16 ടീമുകൾക്കാണ്‌ യോഗ്യത. ഇംഗ്ലണ്ട്‌ മാത്രമാണ്‌ യോഗ്യത ഉറപ്പാക്കിയിട്ടുള്ളത്‌. നവംബറിലെ യോഗ്യതാ മത്സരങ്ങൾ അവസാനിക്കുന്നതോടെ ശേഷിക്കുന്ന 15 സ്ഥാനങ്ങളിൽ 11ഉം ഉറപ്പാകും.


ഗ്രൂപ്പ്‌ എഫിലെ ഒന്നാംസ്ഥാനക്കാരായ പോർച്ചുഗലിന്‌ ഇന്ന്‌ അയർലൻഡിനെ കീഴടക്കിയാൽ മുന്നേറാം. അവസാന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഹംഗറിയോട്‌ 2–2ന്റെ സമനില വഴങ്ങിയെങ്കിലും റൊണാൾഡോയ്‌ക്കും സംഘത്തിനെയും അത്‌ ബാധിച്ചില്ല. നിലവിൽ നാല്‌ കളിയിൽ 10 പോയിന്റാണ്‌ ടീമിന്‌. രണ്ടാമതുള്ള ഹംഗറിയെക്കാൾ അഞ്ച്‌ പോയിന്റ്‌ ലീഡ്‌. ഗ്ര‍‍ൂപ്പിൽ രണ്ട്‌ മത്സരങ്ങളാണ്‌ ശേഷിക്കുന്നത്‌. അതിനാൽ ഇന്ന്‌ ജയിച്ചാൽ പോർച്ചുഗലിന്‌ കുതിക്കാം. അവസാന കളിയിൽ അർമേനിയയാണ്‌ എതിരാളി.

953 ഗോളുമായി കുതിക്കുന്ന റൊണാൾഡോ ഇന്ന്‌ പോർച്ചുഗൽ നിരയിലുണ്ടാകും. മറുവശത്ത്‌ ഹംഗറിയെ മറികടന്ന്‌ രണ്ടാംസ്ഥാനക്കാരായി പ്ലേ ഓഫിൽ ഇടംനേടാനാണ്‌ അയർലൻഡിന്റെ ശ്രമം. ഹംഗറി ഇന്ന്‌ അർമേനിയയുമായി കളിക്കും.


1998നുശേഷം ആദ്യമായി ലോകകപ്പ്‌ കളിക്കാനുള്ള മോഹത്തിലാണ്‌ നോർവെ. ഗ്രൂപ്പ്‌ ഐയിൽ നിലവിൽ നോർവേയ്‌ക്ക്‌ കാര്യങ്ങൾ അനുകൂലമാണ്‌. കളിച്ച ആറിലും ജയിച്ചു. അടിച്ചുകൂട്ടിയത്‌ 29 ഗോൾ. വഴങ്ങിയത്‌ മൂന്നെണ്ണം മാത്രം. ഹാലണ്ടിന്റെ ഗോളടിയിലാണ്‌ കുതിപ്പ്‌. അഞ്ച്‌ കളി തോറ്റ എസ്‌റ്റോണിയയുമായാണ്‌ ഇന്ന്‌ കളി. അതേസമയം, തുടർച്ചയായ മൂന്നാം തവണയും ഇറ്റലി അപകടമുഖത്താണ്‌. ക‍ഴിഞ്ഞ രണ്ട്‌ ലോകകപ്പിലും യോഗ്യത നേടാൻ കഴിയാത്ത മുൻ ചാന്പ്യൻമാർക്ക്‌ ഇന്ന്‌ അവസാന സ്ഥാനക്കാരായ മൊൾഡോവയാണ്‌ എതിരാളി. പക്ഷേ, ജയിച്ചാലും യോഗ്യത ഉറപ്പില്ല. 16നാണ്‌ അവസാന ഗ്രൂ‍പ്പ്‌ മത്സരം. ഇറ്റലിയും നോർവെയും തമ്മിലുള്ള മുഖാമുഖം. ഇ‍ൗ കളിയിൽ തീരുമാനമാകും.


ഗ്രൂപ്പ്‌ ഡിയിൽ അവസാന കളിയിൽ ഐസ്‌ലൻഡിനോട്‌ സമനില വഴങ്ങിയാണ്‌ ഫ്രാൻസ്‌ ഇന്ന്‌ ഉക്രയ്‌നെതിരെ ഇറങ്ങുന്നത്‌. 10 പോയിന്റുമായി പട്ടികയിൽ ഒന്നാമതുള്ള എംബാപ്പെയുടെ സംഘത്തിന്‌ ഇന്ന്‌ ജയിച്ചാൽ മുന്നേറാം. ഏഴ്‌ പോയിന്റുമായി ഉക്രയ്‌ൻ രണ്ടാമതുണ്ട്‌. നാല്‌ പോയിന്റുമായി മൂന്നാമത്‌ നിൽക്കുന്ന ഐസ്‌ലൻഡ്‌ ഇന്ന്‌ അസെർബയ്‌ജാനെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Home