സിറ്റി x അൽ ഹിലാൽ
ക്ലബ് ഫുട്‌ബോൾ ലോകകപ്പ് പ്രീ ക്വാർട്ടർ ; റയലിന് യുവന്റസ്

സാൽസ്--ബുർഗിനെതിരെ റയലിനായി ഗോളടിച്ച വിനീഷ്യസ് ജൂനിയറിന്റെ ആഹ്ലാദം

Sports Desk
Published on Jun 28, 2025, 12:00 AM | 1 min read
അറ്റ്‌ലാന്റ
ക്ലബ് ഫുട്‌ബോൾ ലോകകപ്പ് പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു. യൂറോപ്യൻ വമ്പൻമാരായ റയൽ മാഡ്രിഡും യുവന്റസും തമ്മിലുള്ള പോരാട്ടമാണ് ഇതിൽ ശ്രദ്ധേയം. ജർമൻ ക്ലബ് ആർ ബി സാൽസ്‌ബുർഗിനെ മൂന്ന് ഗോളിന് കീഴടക്കിയാണ് റയൽ മുന്നേറിയത്. ഗ്രൂപ്പ് സിയിൽ യുവന്റസിനെ 5–-2ന് തകർത്ത് സിറ്റിയും ഒന്നാംസ്ഥാനക്കാരായി മുന്നേറി. സൗദി ക്ലബ് അൽ ഹിലാലാണ് പ്രീ ക്വാർട്ടറിലെ എതിരാളി.
ഗ്രൂപ്പ് എച്ചിലെ അവസാന കളിയിൽ സാൽസ്‌ബുർഗിനെതിരെ ആധികാരിക പ്രകടനമായിരുന്നു റയൽ പുറത്തെടുത്തത്. വിനീഷ്യസ് ജൂനിയർ, ഫെഡെറികോ വാൽവെർദെ, ഗൊൺസാലോ ഗാർസിയ എന്നിവർ ഗോളടിച്ചു.
തുടക്കത്തിൽ സാൽസ്‌ബുർഗിന്റെ പതിനെട്ടുകാരൻ ഗോൾകീപ്പർ ക്രിസ്‌റ്റ്യൻ ഷാവിയെഷ്‌കിയാണ് റയൽ ആക്രമണങ്ങളെ ചെറുത്തുനിന്നത്. ക്ലോസ് റേഞ്ചിൽവച്ച് വിനീഷ്യസിനെ തടഞ്ഞു. പിന്നാലെ റയലിന് കിട്ടിയ മികച്ച അവസരം ബ്രസീലുകാരൻ പാഴാക്കി. യുവതാരം ഗാർസിയയും അവസരം തുലച്ചു. ആദ്യപകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെയാണ് ജൂഡ് ബെല്ലിങ്‌ഹാമിന്റെ നീക്കത്തിൽ വിനീഷ്യസ് തകർപ്പൻ ഗോൾ നേടുന്നത്.
വാൽവെർദെയുടെ ഗോളിന് വഴിയൊരുക്കിയതും വിനീഷ്യസാണ്. കളിയുടെ അവസാനം ഗാർസിയ പട്ടിക പൂർത്തിയാക്കി. ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായ അൽ ഹിലാൽ രണ്ട് ഗോളിന് മെക്‌സിക്കൻ ക്ലബ് പചുകയെ കീഴടക്കി. സലേം അൽ ദോസരിയും മാർകോസ് ലിയനാർഡോയുമാണ് ലക്ഷ്യം കണ്ടത്.സാൽസ്‌ബുർഗ് മൂന്നാംസ്ഥാനക്കാരായി മടങ്ങി.
യുവന്റസിനെതിരെ സിറ്റിക്കായി ജെറെമി ഡൊക്കു, എർലിങ് ഹാലണ്ട്, ഫിൽ ഫോദെൻ, സാവീന്യോ എന്നിവർ ഗോളടിച്ചു. ഒരെണ്ണം യുവന്റസ് പ്രതിരോധക്കാരൻ പിയറി കലുലുവിന്റെ പിഴവുഗോളായിരുന്നു. യുവന്റസിനായി ടിയുൺ കൂപ്‌മെയ്‌നേഴ്‌സും ദുസാൻ വ്‌ളാഹോവിച്ചും ആശ്വാസം കണ്ടു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ വിദാസ് എസിയെ അൽ അയ്‌ൻ 2–-1ന് തോൽപ്പിച്ചു.
പ്രീ ക്വാർട്ടർ മത്സരങ്ങൾ
പൽമെയ്‌റാസ്–ബൊട്ടഫോഗോ
ഇന്ന് രാത്രി 9.30
ബെൻഫിക്ക–ചെൽസി
ഇന്ന് രാത്രി 1.30
പിഎസ്‌ജി–ഇന്റർ മയാമി
നാളെ രാത്രി 9.30
ബയേൺ–ഫ്‌ളമെങോ
നാളെ രാത്രി 1.30
ഇന്റർ മിലാൻ–ഫ്ലുമിനെൻസെ
തിങ്കൾ രാത്രി 12.30
മാഞ്ചസ്റ്റർ സിറ്റി–അൽ ഹിലാൽ
ചൊവ്വ രാവിലെ 6.30
റയൽ മാഡ്രിഡ്–യുവന്റസ്
ചൊവ്വ രാത്രി 12.30
ഡോർട്ട്‌മുണ്ട്–മോണ്ടെറി
ബുധൻ രാവിലെ 6.30









0 comments