റയലിന് ക്വാർട്ടറിൽ ഡോർട്ട്‌മുണ്ട്
ഫിഫ ക്ലബ് ലോകകപ്പ് : ഒറ്റ ഗോളിൽ റയൽ

റയലിന്റെ വിജയഗോൾ നേടിയ ഗൊൺസാലോ ഗാർസ്യ

Sports Desk
Published on Jul 03, 2025, 03:55 AM | 1 min read
മയാമി
യുവന്റസിനെ ഒറ്റ ഗോളിൽ മറികടന്ന് റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ ക്വാർട്ടറിൽ നേരിടും. മെക്‌സിക്കൻ സംഘം മോണ്ടെറിയെ 2–-1ന് വീഴ്‌ത്തിയാണ് ഡോർട്ട്‌മുണ്ട് മുന്നേറിയത്.
യുവതാരം ഗൊൺസാലോ ഗാർസ്യയയുടെ ഗോളിലായിരുന്നു റയലിന്റെ ജയം. അസുഖം കാരണം ആദ്യ മത്സരങ്ങളിൽ പുറത്തിരുന്ന കിലിയൻ എംബാപ്പെ തിരിച്ചെത്തിയത് റയലിന് ആശ്വാസമായി. അവസാന ഘട്ടത്തിൽ ഗാർസ്യക്ക് പകരമായിരുന്നു എംബാപ്പെ എത്തിയത്.
യുവന്റസ് മുന്നേറ്റക്കാരൻ കോലോ മുവാനി സുവർണാവസരം പാഴാക്കിയില്ലായിരുന്നെങ്കിൽ റയലിന് തുടക്കം പിഴച്ചേനെ. ഇടവേളയ്‌ക്കുശേഷം റയൽ കളിയിൽ ആധിപത്യം നേടി. ട്രെന്റ് അലക്‌സാണ്ടർ ആർണോൾഡിന്റെ ക്രോസിൽ തലവച്ച് ഗാർസ്യ സ്‌പാനിഷുകാർക്ക് ലീഡ് നൽകി. മോണ്ടെറിക്കെതിരെ സെർഹു ഗുയ്‌റാസിയുടെ ഇരട്ടഗോളാണ് ഡോർട്ട്‌മുണ്ടിന് ജയമൊരുക്കിയത്.
ക്വാർട്ടർ നാളെമുതൽ
ക്ലബ് ഫുട്‌ബോൾ ലോകകപ്പിന്റെ ക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കം. രാത്രി 12.30ന് ബ്രസീൽ ക്ലബ് ഫ്‌ളുമിനെൻസെ സൗദിയുടെ അൽ ഹിലാലിനെ നേരിടും. പൽമെയ്‌റാസ് x ചെൽസി (ശനി രാവിലെ 6.30), പിഎസ്‌ജി x ബയേൺ (ശനി രാത്രി 9.30), റയൽ മാഡ്രിഡ് x ബൊറൂസിയ ഡോർട്ട്‌മുണ്ട് (ശനി രാത്രി 1.30) എന്നിവയാണ് മറ്റ് മത്സരങ്ങൾ.
എട്ടിനും ഒമ്പതിനുമാണ് സെമി. ഫൈനൽ 13ന്.









0 comments