ഗോവൻ കാർണിവൽ: എഫ്‌സി ഗോവ കലിംഗ സൂപ്പർ കപ്പ് ചാമ്പ്യൻമാർ

കലിംഗ സൂപ്പർ കപ്പുമായി ഗോവൻ ടീമിന്റെ ആഘോഷം
ഭുവനേശ്വർ : ജംഷഡ്‌പുർ എഫ്‌സിയെ മൂന്ന് ഗോളിന് തോൽപ്പിച്ച് എഫ്‌സി ഗോവ കലിംഗ സൂപ്പർ കപ്പ് ജേതാക്കളായി. രണ്ടാം കിരീടമാണിത്. 2019ലും ചാമ്പ്യൻമാരായിരുന്നു. ഏകപക്ഷീയമായ ഫൈനലിൽ ബോർഹ ഹെരേര ഗോവയ്‌ക്കായി ഇരട്ടഗോൾ നേടി. ദെയാൻ ഡ്രസിച്ചും ലക്ഷ്യംകണ്ടു. ജയത്തോടെ അടുത്ത സീസണിലേക്കുള്ള ഏഷ്യൻ ചാമ്പ്യൻസ് ലീഗ് രണ്ടാം ഡിവിഷൻ പ്ലേ ഓഫിനും ഗോവ യോഗ്യത നേടി.
ഐഎസ്‌എല്ലിൽ സെമിയിൽ മടങ്ങിയ ഗോവ സൂപ്പർ കപ്പിൽ സമ്പൂർണ നിരയുമായാണ് എത്തിയത്. സീസണോടെ പരിശീലക വേഷമഴിക്കുന്ന മനോലോ മാർക്വസിന് കിരീടത്തോടെ വിടവാങ്ങാനുമായി. ഇന്ത്യൻ കോച്ചായ ഈ സ്‌പാനിഷുകാരൻ ഇനിമുതൽ പൂർണസമയം ദേശീയ കോച്ചാവും. കേരള ടീമായ ഗോകുലം കേരളയെ വീഴ്‌ത്തിയാണ് സൂപ്പർ കപ്പിൽ അരങ്ങേറിയത്. ക്വാർട്ടറിൽ പഞ്ചാബ് എഫ്‌സിയെയും സെമിയിൽ ഐഎസ്‌എൽ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെയും മറികടന്നു. രണ്ടാം ഫൈനലിൽ പരിഭ്രമമില്ലാതെ കളിച്ചു.
ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ തുടക്കംമുതൽ ഗോവ കത്തിക്കയറി. 23–-ാം മിനിറ്റിൽ അർഹിച്ച ലീഡ് നേടി. ആകാശ് സങ്‌വാന്റെ ഷോട്ട് ജംഷഡ്‌പുർ ഗോളി ആൽബിനോ ഗോമസ് തട്ടിയകറ്റി. പന്ത് കിട്ടിയത് ബോർഹയ്‌ക്ക്. ഈ സ്‌പാനിഷുകാരന്റെ ആദ്യശ്രമം സ്റ്റീഫൻ ഇസെ തടുത്തെങ്കിലും വീണ്ടും ബോർഹയുടെ മുന്നിൽതന്നെയെത്തി. ഇത്തവണ ലക്ഷ്യംപാളിയില്ല. ഇടവേള കഴിഞ്ഞെത്തിയ ഉടൻ ലീഡുയർത്തി ഗോവക്കാർ. ബോർഹയുടെ തകർപ്പനടി വലകയറി. കാൾ മക്‌ഹഗാണ് മൂന്നാം ഗോളിന് വഴിയൊരുക്കിയത്. പാസ് സ്വീകരിച്ച് ദെയാൻ ജയമുറപ്പിച്ചു.
ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലിനുകീഴിൽ ആദ്യ ഫൈനലിനിറങ്ങിയ ജംഷഡ്‌പുർ തോറ്റെങ്കിലും തലയുയർത്തിയാണ് മടങ്ങുന്നത്. ഈ സീസണിൽ മികച്ച പ്രകടനമായിരുന്നു അവരുടേത്.







0 comments