ലാലിഗയിൽ ബാഴ്‌സ അടുക്കുന്നു; റയൽ വയ്യഡോളിഡിനെ തോൽപ്പിച്ചു

ബാഴ്സയ്ക്കായി ഗോൾ നേടിയ ഫെർമിൻ ലോപസ്. PHOTO: Facebook/FC Barcelona

Sports Desk
Published on May 04, 2025, 07:56 AM | 1 min read
ബാഴ്‌സലോണ: സ്‌പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയിൽ എഫ് സി ബാഴ്‌സലോണ കിരീടത്തിലേക്കടുക്കുന്നു. റയൽ വയ്യഡോളിഡിനെതിരായ വിജയത്തോടെ ലീഗിൽ രണ്ടാമതുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്‌സ ഏഴാക്കി വർധിപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ വിജയം.
ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്. കളിയുടെ ആറാം മിനുട്ടിൽ തന്നെ വയ്യഡോളിഡ് ദീർഘ കാലത്തെ ഇടവേളയ്‌ക്ക് ശേഷം കളത്തിലിറങ്ങിയ ഗോൾ കീപ്പർ ടെർ സ്റ്റേഗനെ കാഴ്‌ചക്കാരനാക്കി ബാഴ്‌സയുടെ വല ചലിപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകളും മടക്കി ബാഴ്‌സ ലീഡെടുക്കുകയായിരുന്നു. റാഫീന്യ, ഫെർമിൻ ലോപസ് എന്നിവരാണ് ബാഴ്‌സയ്‌ക്കായി ഗോൾ നേടിയത്. അലക്‌സ് ബാൽദെയുടെ അഭാവത്തിൽ ലെഫ്‌റ്റ് ബാക്കായി ഇറങ്ങിയ ബാഴ്‌സയുടെ ജെറാർഡ് മാർട്ടിനാണ് കളിയിലെ താരം.
മെയ് ആറിന് രാത്രി ഇന്റർ മിലാനുമായി ചാമ്പ്യൻസ് ലീഗ് മത്സരമുള്ളതിനാൽ (രണ്ടാം പാദ സെമി) പ്രധാന താരങ്ങളില്ലാതെയാണ് ബാഴ്‌സ കളിക്കാനിറങ്ങിയത്. എന്നാൽ രണ്ടാം പകുതിയോടെ ഫ്രങ്കി ഡിയോങ്, റാഫീന്യ ഉൾപ്പെടെയുള്ളവർ കറ്റാലൻമാർക്കായി കളത്തിലെത്തി. വലതുവിങ്ങിൽ കളിച്ചിരുന്ന ഡാനി റോഡ്രിഗസിന് പരിക്ക് പറ്റിയതോടെ പകുതി സമയത്തിന് മുന്നേ തന്നെ ലമീൻ യമാൽ ഗ്രൗണ്ടിലിറങ്ങിയിരുന്നു. ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ നിന്നുള്ള ഡാനി റോഡ്രിഗസിന്റെ സീനിയർ ടീം അരങ്ങേറ്റമായിരുന്നു വയ്യഡോളിഡിനെതിരെ.
മെയ് 11ന് രാത്രി റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസികോ പോരാട്ടമാണ് ബാഴ്‌സയുടെ ലീഗിലെ അടുത്ത മത്സരം. ലീഗ് കിരീടം നേടുന്നതിന് ഇരുടീമുകൾക്കും നിർണായകമാണ് ആ മത്സരം.









0 comments