ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി; റയൽ ബെറ്റിസുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞു

മത്സരത്തിനിടെ ബാഴ്സലോണ താരം ബാൽദെ. PHOTO: Facebook/F C Barcelona
ബാഴ്സലോണ: സ്‌പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയിൽ റയൽ മാഡ്രിഡിന് പരാജയമേറ്റതിന് പിന്നാലെ മുൻ ചാമ്പ്യൻമാരായ എഫ് സി ബാഴ്‌സലോണയ്‌ക്കും തിരിച്ചടി. സ്വന്തം തട്ടകത്തിൽ റയൽ ബെറ്റിസുമായി നടന്ന മത്സരത്തിൽ വിജയം നേടാൻ ബാഴ്‌സലോണയ്‌ക്ക് സാധിച്ചില്ല. ഇരുടീമുകളും ഒരോ ഗോൾ വീതം നേടിയപ്പോൾ മത്സരം സമനിലയിൽ പിരിഞ്ഞു.
30 കളിയിൽ നിന്ന് 67 പോയിന്റുമായി ബാഴ്‌സ തന്നെയാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. അത്രയും മത്സരങ്ങളിൽ നിന്ന് 64 പോയിന്റ് നേടിയ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ രണ്ടാമതും. ബെറ്റിസുമായുള്ള മത്സരം ജയിച്ചിരുന്നെങ്കിൽ മാഡ്രിഡുമായുള്ള ലീഡ് ബാഴ്‌സലോണയ്‌ക്ക് ആറായി ഉയർത്താമായിരുന്നു. എട്ട് മത്സരങ്ങളാണ് ഇരുടീമുകൾക്കും ഇനി ലീഗിൽ ബാക്കിയുള്ളത്.
ഏഴാം മിനുട്ടിൽ പാബ്ലോ ഗാവി നേടിയ ഗോളിലൂടെ ബാഴ്‌സ തന്നെയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 17-ാം മിനുട്ടിൽ ലഭിച്ച കോർണറിലൂടെ ബെറ്റിസ് സമനില ഗോൾ കണ്ടെത്തുകയായിരുന്നു. നതാൻ ആണ് ബെറ്റിസിനായി വല കുലുക്കിയത്. തുടർന്ന് മത്സരത്തിലുടനീളം വിജയഗോൾ നേടാനായി ബാഴ്‌സലോണ ആഞ്ഞ് ശ്രമിച്ചെങ്കിലും ഉറച്ച് നിന്ന ബെറ്റിസ് പ്രതിരോധം ഗോൾ വഴങ്ങിയില്ല. ബെറ്റിസ് സെന്റർ ബാക്ക് മാർക് ബാത്രയുടെ പ്രകടനം മത്സരത്തിൽ നിർണായകമായി.









0 comments