Deshabhimani

ആൻഫീൽഡ്‌ മറക്കില്ല ‘മേഴ്‌സിസൈഡ്‌ ഡെർബി’യിലെ ആ ഗോൾ

diogo jota goal against everton.png

PHOTO: X/@DiogoJota18

avatar
AKSHAY K P

Published on Jul 03, 2025, 05:43 PM | 2 min read

2024–25 വർഷത്തെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടം നേടിയ ലീവർപൂൾ എഫ്‌ സിയുടെ സീസണിലെ പ്രധാന മത്സരങ്ങളിലൊന്ന്‌ അവരുടെ ചിരവൈരികളായ എവർടണിനെതിരെയായിരുന്നു. ഏപ്രിൽ മൂന്നിനായിരുന്നു ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ ‘ദ റെഡ്‌സി’ന്റെ ‘മേഴ്‌സിസൈഡ്‌ ഡെർബി’ അരങ്ങേറിയത്‌. ലീഗിലെ 30–ാം മത്സരമായിരുന്നു അതെങ്കിലും പോയിന്റ്‌ പട്ടികയിൽ രണ്ടാമത്‌ നിൽക്കുന്ന ആഴ്‌സണലിനെ ടൈറ്റിൽ റേസിൽ നിന്ന്‌ മാറ്റി നിർത്താനുള്ള അവസരം കൂടിയായിരുന്നു ലിവർപൂളിന്‌ അന്ന് ലഭിച്ചത്. ഈ മത്സരത്തിൽ റെഡ്‌സിന്‌ ജയം സമ്മാനിച്ച്‌, ലിവർപൂളിനെ തങ്ങളുടെ 20–ാം ലീഗ്‌ കിരീടത്തിലേക്ക്‌ നയിച്ചത്‌ ഒരു പോർച്ചുഗീസുകാരൻ നേടിയ ഗോളാണ്‌. സ്‌പെയ്‌നിലെ സമോറയിലുണ്ടായ കാറപടകത്തിൽ ഡിയോഗേ ജോട്ട ഓർമകളിലേക്ക്‌ മറഞ്ഞുവെങ്കിലും താരം അന്ന്‌ നേടിയ ആ ഗോൾ ആൻഫീൽഡും ആരാധകരും ഒരിക്കലും മറക്കില്ല.


ഗോൾ രഹിതമായിരുന്നു ലിവർപൂൾ–എവർടൺ മത്സരത്തിന്റെ ആദ്യ പകുതി. എവർടണിന്റെ ഹോം ഗ്രൗണ്ടായ ഗൂഡിസൺ പാർക്കിൽ വച്ച്‌ നടന്ന ലീഗിലെ ആദ്യ മത്സരത്തിൽ രണ്ട്‌ ഗോളുകൾ വീതമടിച്ച്‌ സമനിലയിൽ പിരിയുകയായിരുന്നു ഇരു ടീമും. എന്നാൽ ഈ മത്സരത്തിന്‌ അങ്ങനെയാരു പര്യവസാനം നൽകാൻ ലിവർപൂൾ തയ്യാറായിരുന്നില്ല. മൂന്ന്‌ പോയിന്റുകൾ നേടി കിരീടത്തിന്‌ വേണ്ടിയുള്ള പോരാട്ടത്തിൽ ആഴ്‌സണലിനെ ബഹുദൂരം പിന്നിലാക്കുക എന്നതോടൊപ്പം മത്സരം എവർടണിനെതിരെയാകുമ്പോൾ ടീമിനും പൊട്ടിത്തെറിക്കുന്ന ആൻഫീൽഡിനും ജയം അനിവാര്യമായിരുന്നു. ഈ ഘട്ടത്തിലാണ്‌ ഡിയോഗോ ജോട്ട 57–ാം മിനുട്ടിൽ ഗോളുമായി പറന്നെത്തിയത്‌.


രണ്ടരമാസത്തെ ഗോൾ ക്ഷാമം അവസാനിപ്പിച്ചുകൊണ്ടാണ്‌ ഡിയോഗോ ജോട്ട എവർടണെതിരെ വല ചലിപ്പിച്ചത്‌. പൊനാൽറ്റി ബോക്‌സ്‌ ലൈനിൽ നിന്ന്‌ ലൂയിസ്‌ ഡയസ്‌ ബാക്ക്‌ ഹീലായി നൽകിയ പന്ത്‌ പിടിച്ചെടുത്ത ജോട്ട അവിസ്‌മരണീയമായി അത്‌ ഫിനിഷ്‌ ചെയ്തു. തന്റെ ഇരുവശത്തുമായി നിന്ന രണ്ട്‌ താരങ്ങളെയും മറികടന്ന്‌ കുതിച്ച ജോട്ട പന്ത്‌ വലയിലെത്തിച്ചത്‌ കീപ്പറെയും മൂന്ന്‌ പ്രതിരോധക്കാരെയും കാഴ്‌ചക്കാരാക്കിയാണ്‌.

jota.pngഎവർടണിനെതിരെ ഗോൾ നേടിയ ശേഷം ജോട്ടയുടെ ആഹ്ലാദം. PHOTO:X/@DiogoJota18


യുർഗൻ ക്ലോപ്പിന്റെ കാലത്ത്‌ 2020ലാണ്‌ പോർച്ചുഗീസ്‌ മുന്നേറ്റക്കാരനായ ജോട്ട ലിവർപൂളിലെത്തുന്നത്‌. ടീമിലെത്തിയതിന്‌ ശേഷം വളരെ വേഗത്തിൽ തന്നെ ടീമിന്റെ പ്രധാന താരമായി ജോട്ട മാറി. ഉയർന്ന പ്രസിങ്‌ ഇന്റൻസിറ്റി, ക്ലിനിക്കൽ ഫിനിഷിങ്‌ എന്നിവയാണ്‌ ജോട്ടയിലെ മുന്നേറ്റക്കാരനെ വ്യത്യസ്‌തനാക്കിയത്‌. ഈ പ്രത്യേകതകളൊക്കെ കൊണ്ടാണ്‌ ജോട്ട എന്ന മുന്നേറ്റക്കാരൻ യുർഗൻ ക്ലോപ്പ്‌ എന്ന പരിശീലകന്റെ പ്രിയപ്പെട്ടവനായതും.

പരിക്ക്‌ പ്രതിസന്ധി തീർത്തിട്ടും അരങ്ങേറ്റ സീസണിൽ 13 ഗോളുകൾ നേടാൻ താരത്തിനായി. ചാമ്പ്യൻസ്‌ ലീഗിൽ അറ്റ്‌ലാന്റയ്‌ക്കെതിരെ നേടിയ ഹാട്രിക്കും ജോട്ടയുടെ സീസണിലെ ശ്രദ്ദേയ പ്രകടനമായിരുന്നു. ലിവർപൂളിലെത്തിയ രണ്ടാമത്തെ സീസണിൽ 21 ഗോളുകളാണ്‌ ഡിയോഗോ ജോട്ട നേടിയത്‌. ആദ്യ പതിനൊന്നിലും പകരക്കാരനായും കളത്തിലിറങ്ങിയ ജോട്ട സ്ഥിരതയാർന്ന പ്രകടനമാണ്‌ സീസണിലുടനീളം പുറത്തെടുത്തതും.


Related News

ലിവർപൂൾ കഴിഞ്ഞ പ്രീമിയർ ലീഗ് കിരീടമുയർത്തിയതിനെ തുടർന്ന് ഡിയോഗോ ജോട്ടോയുടെ ഒരു വീഡിയോ പുറത്തു വന്നിരുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് അടുത്തത് നേഷൻസ് ലീഗ് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ആ വാക്കുകളെ പോർച്ചുഗലിനോടൊപ്പം അന്വർഥമാക്കിക്കൊണ്ടാണ് ജോട്ട വിട പറയുന്നത്.


50 ഗോളുകളാണ്‌ ലിവർപൂൾ ജെഴ്‌സിയിൽ താരം അടിച്ചുകൂട്ടിയത്‌. ഈ ഗോളുകളിൽ എവർടണിനെതിരെ നേടിയത്‌ പോലുള്ള, ടീമിനെ പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന്‌ കരകയറ്റുന്ന നിരവധി ഗോളുകളും ഉൾപ്പെടും. ആ ഗോളുകളും വിജയങ്ങളും സമ്മാനിച്ച 20–ാം നമ്പർ ജെഴ്‌സിയണിഞ്ഞ പോർച്ചുഗീസുകാരനെ ചരിത്രമുറങ്ങുന്ന ലിവർപൂളിലെ തെരുവുകൾ എങ്ങനെ മറക്കാനാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Home