ജോട്ടയുടെ വിയോഗത്തിൽ നടുങ്ങി ഫുട്‌ബോൾ ലോകം; ‘കഴിഞ്ഞ ദിവസം വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു’ എന്ന് റൊണാൾഡോ

ലിവർപൂൾ ആരാധകർ ആൻഫീൽഡിന് പുറത്ത് സമർപ്പിച്ച റീത്ത്. PHOTO: Facebook/Fabrizio Romano
ലിസ്‌ബൺ: ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടേയും സഹോദരൻ ആന്ദ്രേയുടേയും വിയോഗത്തിൽ നടുങ്ങി ഫുട്‌ബോൾ ലോകം. ക്രിസ്റ്റ്യനോ റൊണാൾഡോ, ലാമിൻ യമാൽ, പെഡ്രി, പെപെ, ഡേവിഡ് ഡി ഹിയ, മേസൺ മൗണ്ട്, ഡെക്ലൻ റൈസ്, റൂബെൻ നെവസ്, ഹാരി മഗ്വയർ, ഡാർവിൻ ന്യൂനസ്, യുർഗൻ ക്ലോപ് തുടങ്ങി നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങൾ വഴി അനുശോചനമറിയിച്ച് രംഗത്തെത്തിയത്.
ഡിയോഗോ ജോട്ടോയുടെ മരണവാർത്ത അറിഞ്ഞതോടെ ലിവർപൂൾ ആരാധകർ ഹോം സ്‌റ്റേഡിയമായ ആൻഫീൽഡിന് പുറത്ത് പൂക്കളും റീത്തുമായി എത്തി. പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷനും ലിവർപൂളുമുൾപ്പെടെ നിരവധി ക്ലബ്ബുകൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി താരത്തിന്റെ വേർപാടിൽ അനുശോചനമറിയിച്ചു.
Related News
ഞങ്ങൾക്ക് രണ്ട് ചാമ്പ്യൻമാരെ നഷ്ടപ്പെട്ടു എന്നായിരുന്നു ജോട്ടയുടേയും ഫുട്‌ബോൾ താരം കൂടിയായ ആന്ദ്രേയുടേയും വിയോഗത്തിൽ പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ കുറിച്ച വാക്കുകൾ. ദേശീയ ടീമിനൊപ്പം കഴിഞ്ഞ ദിവസം വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു എന്ന വരികളോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അനുശോചന കുറിപ്പ് എഴുതിയത്. ‘ഒരാളെ മറന്നാൽ മാത്രമേ, നമുക്ക് അയാളെ നഷ്ടപ്പെടുകയുള്ളൂ എന്നാണ് പൊതുവേ പറയാറ്. പക്ഷേ ഞാൻ നിന്നെ മറക്കുന്നില്ലല്ലോ’ എന്നായിരുന്നു റൂബൻ നെവസ് ജോട്ടയുടെ വിയോഗത്തിൽ പ്രതികരിച്ചത്.
എനിക്ക് വിശ്വസിക്കാനാകുന്നില്ല എന്നാണ് മുൻ പോർച്ചുഗൽ താരം പെപെ പറഞ്ഞത്. ‘ചില സമയങ്ങളിൽ ജീവിതം ക്രൂരത നിറഞ്ഞതാണ്’ എന്നായിരുന്നു സ്‌പാനിഷ് ഗോൾ കീപ്പർ ഡി ഹിയയുടെ വാക്കുകൾ. ഞങ്ങൾ തകർന്നുപോയി എന്നായിരുന്നു ജോട്ടയുടെയും ആന്ദ്രേയുടേയും മുൻ ക്ലബ്ബ് കൂടിയായ പോർട്ടോ സോഷ്യൽ മീഡിയയിൽ എഴുതിയത്.
വാക്കുകളൊന്നുമില്ല, ഏറെ വേദന എന്നാണ് ജോട്ടയുടെ സഹതാരമായ ഡാർവിൻ ന്യൂനസ് കുറിച്ചത്. ഡിയോഗോ ഒരു മികച്ച കളിക്കാരൻ മാത്രമല്ല, അയാളൊരു നല്ല സുഹൃത്ത് കൂടിയാണ് എന്നായിരുന്നു താരത്തിന്റെ മുൻ പരിശീലകൻ കൂടിയായ ക്ലോപ്പിന്റെ വാക്കുകൾ.
0 comments