മലയാളി താരം ജോബി ജസ്‌റ്റിൻ വിജയഗോൾ നേടി , ഫൈനൽ 23ന് നോർത്ത് ഇൗസ്‌റ്റുമായി
ഡയമണ്ട് കുതിപ്പ് ; ഇൗസ്‌റ്റ് ബംഗാളിനെ തോൽപ്പിച്ച് ഡ്യുറന്റ് കപ്പ് ഫൈനലിൽ

ഈസ്റ്റ് ബംഗാളിനെതിരെ ജയമാഘോഷിക്കുന്ന ഡയമണ്ട് ഹാർബറിന്റെ ജോബി ജസ്റ്റിനും (വലത്) സഹതാരങ്ങളും

Sports Desk
Published on Aug 21, 2025, 12:00 AM | 1 min read
കൊൽക്കത്ത
പതിനാറ് തവണ ചാമ്പ്യനായ ഇൗസ്‌റ്റ് ബംഗാളിനെ കീഴടക്കി നവാഗതരായ ഡയമണ്ട് ഹാർബർ ഡ്യുറന്റ് കപ്പ് ഫുട്‌ബോൾ ഫൈനലിൽ. കൊൽക്കത്തക്കാരുടെ പോരാട്ടത്തിൽ 2–1ന്റെ ജയമാണ് ഡയമണ്ട് സ്വന്തമാക്കിയത്. മലയാളി താരവും ക്യാപ്റ്റനുമായ ജോബി ജസ്‌റ്റിൻ വിജയഗോൾ നേടി. ശനിയാഴ്‌ച നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ നോർത്ത് ഇൗസ്‌റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും.
കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഡയമണ്ടായിരുന്നു ആക്രമിച്ച് കളിച്ചത്. ആദ്യപകുതിയിൽ ഇരുടീമുകളും ഗോളിന് അടുത്തെത്തി. ഇടവേളയ്‌ക്കുശേഷമുള്ള ആദ്യ ഘട്ടത്തിൽതന്നെ ഇൗസ്‌റ്റ് ബംഗാളിന് കിട്ടിയ അവസരം ദിമിത്രിയോസ് ഡയമന്റാകോസ് പാഴാക്കി. പിന്നാലെ ഡയമണ്ട് ലീഡ് നേടി. പോൾ റംഫാൻഗ്‌സയുടെ ക്രോസിൽ പ്രതിരോധക്കാരൻ മിക്കേൽ കൊർടസാർ സിസർ കട്ടിലൂടെ പന്ത് വലയിലാക്കി.
ഡയമണ്ടിന്റെ ആഹ്ലാദം അവസാനിക്കുന്നതിന് മുമ്പ്‌തന്നെ ഇൗസ്‌റ്റ് ബംഗാൾ തിരിച്ചടിച്ചു. അൻവർ അലിയുടെ ലോങ് റേഞ്ചർ മലയാളി ഗോൾ കീപ്പർ മിർഷാദ് മിച്ചുവിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു. കളി മുറുകി.
നിശ്‌ചിതസമയം അവസാനിക്കാൻ എട്ട് മിനിറ്റ് ശേഷിക്കെ ഡയമണ്ട് വീണ്ടും ഞെട്ടിച്ചു. ഇൗസ്‌റ്റ് ബംഗാൾ ഗോൾ മുഖത്തെ കൂട്ടപ്പൊരിച്ചലിനൊടുവിൽ ജോബി പന്ത് വലയിലേക്ക് തോണ്ടിയിട്ടു. ഇൗസ്‌റ്റ് ബംഗാളിന്റെ മുൻതാരംകൂടിയായ ജോബിയുടെ ഗോളിൽ ഡയമണ്ട് ഫൈനലിലേക്ക് കുതിക്കുകയും ചെയ്‌തു. ഗോളി മിർഷാദാണ് കളിയിലെ താരം.
ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരായ ഡയമണ്ട് ഹാർബർ ആദ്യമായാണ് ഡ്യുറന്റ് കപ്പിൽ കളിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് മുൻ പരിശീലകനായ സ്‌പാനിഷുകാരൻ കിബു വികുനയാണ് കോച്ച്. ഗ്രൂപ്പ് ഘട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് പിന്നിൽ രണ്ടാമതായാണ് മുന്നേറിയത്. ക്വാർട്ടറിൽ കരുത്തരായ ജംഷഡ്‌പുർ എഫ്‌സിയെ തോൽപ്പിച്ചു.









0 comments