കൊൽക്കത്തൻ ഡയമണ്ട്

ഡ്യുറന്റ് കപ്പ് ഫുട്ബോൾ ഫെെനലിൽ കടന്ന ഡയമണ്ട് ഹാർബർ എഫ്സി ടീമിന്റെ ആഹ്ലാദം
അജിൻ ജി രാജ്
Published on Aug 22, 2025, 12:15 AM | 1 min read
കൊൽക്കത്തൻ ഫുട്‌ബോൾ പെരുമയിലേക്ക് ഒരു ക്ലബ് കൂടി. മോഹൻ ബഗാനും ഇൗസ്റ്റ് ബംഗാളിനും മുഹമ്മദൻസിനും പിന്നാലെ ഡയമണ്ട് ഹാർബർ എഫ്‌സിയാണ് കളംപിടിക്കുന്നത്. രൂപീകരിച്ച് നാലാം സീസണിൽ ഡ്യുറന്റ് കപ്പ് ഫൈനലിലെത്തി ഞെട്ടിച്ചു. ഇൗ സീസൺ ഐ ലീഗിലേക്ക് യോഗ്യതയുമുണ്ട്. കൊൽക്കത്തയിൽ 2022 ഏപ്രിലിലാണ് ക്ലബ്ബിന്റെ പിറവി. മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയ കിബു വികുനയാണ് പരിശീലകൻ. ആദ്യംതൊട്ടെ ടീമിനൊപ്പമുള്ള സ്‌പാനിഷുകാരൻ മലയാളികൾക്ക് പരിചിതനാണ്. 2020ൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ചുമതല വഹിച്ചിരുന്നു.
കളിച്ച ലീഗുകളിലെല്ലാം ജയിച്ചാണ് വരവ്. ആദ്യം കൊൽക്കത്തൻ ഫുട്‌ബോൾ ലീഗിൽ രണ്ടാമതെത്തി. പിന്നീട് ഐ ലീഗ് 3ൽ ചാമ്പ്യൻമാർ. കഴിഞ്ഞ പ്രാവശ്യം ഐ ലീഗ് 2 കിരീടമുയർത്തി പുതിയ സീസൺ ഐ ലീഗിലേക്ക് മുന്നേറി. അടുത്ത ലക്ഷ്യം ഐഎസ്‌എല്ലാണ്. ഐ ലീഗ് നേടി രാജ്യത്തെ ഒന്നാംനിര ലീഗിൽ കളിക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെയെങ്കിൽ കൊൽക്കത്തയിൽനിന്ന് ഐഎസ്‌എല്ലിന്റെ ഭാഗമാകുന്ന നാലാമത്തെ ക്ലബ്ബാകും. തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയാണ് ഉടമ.
ഡ്യുറന്റ് കപ്പ് അരങ്ങേറ്റത്തിൽ ഫൈനലിൽ ഇടംപിടിക്കുന്ന ആദ്യ ടീമാണ്. കരുത്തരായ മുഹമ്മദൻസിനെയും ജംഷഡ്‌പുർ എഫ്‌സിയെയും സെമിയിൽ ഇൗസ്‌റ്റ് ബംഗാളിനെയും മറികടന്നാണ് കുതിപ്പ്. 8.2 കോടി രൂപയാണ് ക്ലബ്ബിന്റെ താരമൂല്യം. ലൂകാ മാജ്‌സെൻ, ക്ലെയ്‌ട്ടൺ, മിക്കേൽ കൊർടസാർ എന്നിവരാണ് വിദേശ താരങ്ങൾ.
ക്യാപ്‌റ്റൻ ജോബി, കാവൽക്കാരൻ മിർഷാദ്
ഡയമണ്ട് ഹാർബറിന്റെ കരുത്തായി രണ്ട് മലയാളി താരങ്ങളുണ്ട്. മുന്നേറ്റത്തിൽ ജോബി ജസ്റ്റിനും ഗോൾകീപ്പറായി മിർഷാദ് മിച്ചുവും. 2022മുതൽ ടീമിലുണ്ട് തിരുവനന്തപുരത്തുകാരനായ ജോബി. വിക്രം സിങ്ങിന്റെ അഭാവത്തിൽ ഡ്യുറന്റ് കപ്പിൽ ടീമിന്റെ നായകനാണ്. അഞ്ച് കളിയിൽ രണ്ട് ഗോളുണ്ട് മുപ്പത്തൊന്നുകാരന്. ഇൗസ്റ്റ് ബംഗാളിനെതിരെ വിജയഗോളും നേടി. കാസർകോടുകാരനായ മിർഷാദ് ഇൗ സീസണിലാണ് നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിൽനിന്ന് ബംഗാൾ ടീമിലേക്ക് ചേക്കേറിയത്. സെമിയിൽ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച പ്രകടനമായിരുന്നു മുപ്പത്തൊന്നുകാരന്റേത്. കളിയിലെ താരവുമായി.









0 comments