ലയണൽ മെസി ഡിസംബർ 12ന് കൊൽക്കത്തയിൽ
വരുന്നൂ, റൊണാൾഡോ ; ഒക്ടോബർ 22ന് ഗോവയിൽ കളി


Sports Desk
Published on Aug 16, 2025, 04:01 AM | 2 min read
കൊലാലംപുർ
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 ഫുട്‌ബോളിൽ അൽ നസർ എഫ്‌സി ഗോവയുടെ ഗ്രൂപ്പിലായതോടെയാണ് ഇതിഹാസ താരത്തിന്റെ വരവിന് കളമൊരുങ്ങിയത്. ഇന്ത്യ ഇതുവരെ സന്ദർശിച്ചിട്ടില്ല റൊണാൾഡോ. അൽ നസറിന്റെ ഗോവയുമായുള്ള എതിർ തട്ടക പോരിൽ ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിൽ ഒക്--ടോബർ 22നാണ് നാൽപ്പതുകാരൻ പന്തുതട്ടുക.
സെപ്‌തംബർ 16മുതൽ ഡിസംബർ 24വരെയാണ് ഗ്രൂപ്പ് റൗണ്ട്. മത്സരക്രമം പുറത്തുവന്നിട്ടില്ല. ഗ്രൂപ്പ് ഡിയിൽ ഇരുടീമുകളെയും കൂടാതെ അൽ സവ്‌റ (ഇറാഖ്), എഫ്‌സി ഇസ്റ്റികോൾ (തജിക്കിസ്ഥാൻ) ക്ലബ്ബുകളുമുണ്ട്.
മറ്റൊരു ഇന്ത്യൻ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഗ്രൂപ്പ് സിയിലാണ്. സെഫാൻ എസ്‌സി (ഇറാൻ), അൽ ഹുസെയ്‌ൻ (ജോർദാൻ), അഹൽ എഫ്‌സി (തുർക്‌മെനിസ്ഥാൻ) എന്നീ ടീമുകളാണ് എതിരാളി.
മലേഷ്യയിലെ കൊലാലംപുരിൽ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പ് ചിത്രം തെളിഞ്ഞത്. 32 ടീമുകളാണ് ആകെ. നാലുവീതം ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. സ്വന്തം തട്ടകത്തിലും എതിർ തട്ടകത്തിലുമായാണ് ഏറ്റുമുട്ടൽ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ പ്രീ ക്വാർട്ടറിലേക്ക് കടക്കും. ‘എഎഫ്‌സി കപ്പ്’ എന്നറിയപ്പെട്ടിരുന്ന ടൂർണമെന്റ് കഴിഞ്ഞ സീസൺ തൊട്ടാണ് ചാമ്പ്യൻസ് ലീഗ് 2 എന്നാക്കിയത്. ഏഷ്യയിലെ രണ്ടാംനിര ലീഗാണ്.
സൗദി അറേബ്യൻ ക്ലബ് അൽ നസറിൽ റൊണാൾഡോയെ കൂടാതെ നിരവധി സൂപ്പർ താരങ്ങളുമുണ്ട്. ഇവരെല്ലാം ഇന്ത്യയിലെത്തും. സാദിയോ മാനെ, ജോയോ ഫെലിക്‌സ്, കിങ്‌സ്‌ലി കൊമാൻ, അയ്‌മെറിക് ലപൊർട്ടെ, ഇനിഗോ മാർട്ടിനെസ്, മാഴ്‌സെലോ ബ്രോസോവിച്ച് തുടങ്ങിയ ലോക ഫുട്‌ബോളിലെ വമ്പൻ കളിക്കാരെ നേരിടാനുള്ള അവസരം സന്ദേശ് ജിങ്കൻ ഉൾപ്പെട്ട ഗോവയുടെ ഇന്ത്യൻ താരങ്ങൾക്ക് കിട്ടും. അൽ നസറുമായുള്ള കരാർ പ്രകാരം റൊണാൾഡോയ്‌ക്ക് സൗദി അല്ലാതെയുള്ള രാജ്യങ്ങളിൽ കളിക്കാതിരിക്കാനുള്ള അവകാശം നൽകുന്നുണ്ട്. ഇതുപ്രകാരം ഇന്ത്യയിൽ കളിക്കുന്ന കാര്യത്തിൽ പോർച്ചുഗൽ ക്യാപ്‌റ്റനാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
കലിംഗ സൂപ്പർ കപ്പ് ചാമ്പ്യൻമാരായാണ് ഗോവ എത്തുന്നത്. പ്ലേ ഓഫിൽ ഒമാൻ ക്ലബ് അൽ സീബിനെയും വീഴ്‌ത്തി. രണ്ടാംതവണയാണ് വൻകരയിലെ ലീഗിനെത്തുന്നത്.
ഐഎസ്‌എൽ ഷീൽഡ് ചാമ്പ്യൻമാരായ ബഗാൻ നേരിട്ട് ഗ്രൂപ്പ് റൗണ്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. കൊൽക്കത്തൻ ക്ലബ്ബിന്റെ എട്ടാം ടൂർണമെന്റാണിത്.
ലയണൽ മെസി ഡിസംബർ 12ന് കൊൽക്കത്തയിൽ
അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഈ വർഷം ഡിസംബർ 12ന് കൊൽക്കത്തയിലെത്തും. മെസിയുടെ ഇന്ത്യ സന്ദർശനത്തിന് അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ എന്നാണ് പരിപാടിയുടെ പേര്. ചടങ്ങിന്റെ പ്രമോട്ടറായ സതാദ്രു ദത്തയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാല് ദിവസത്തെ സന്ദർശനത്തിനാണ് മെസി എത്തുക. കൊൽക്കത്തയെക്കൂടാതെ മുംബൈ, അഹമ്മദാബാദ്, ഡൽഹി നഗരങ്ങളിലും അർജന്റീനക്കാരൻ പരിപാടികളിൽ പങ്കെടുക്കും. ഇൗ മാസം അവസാനത്തോടെ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടാകും.
ഇത് രണ്ടാംതവണയാണ് മെസി ഇന്ത്യയിലെത്തുന്നത്. 2011ൽ വെനസ്വേലയുമായുള്ള സൗഹൃദ മത്സരം കളിക്കാനെത്തിയതാണ് ആദ്യത്തേത്. ഇക്കുറി മെസിക്കൊപ്പം ഇന്റർ മയാമി സഹതാരങ്ങളായ റോഡ്രിഗോ ഡി പോൾ, ലൂയിസ് സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരും എത്തിയേക്കുമെന്ന് സൂചനയുണ്ട്.
ഡിസംബർ 12ന് രാത്രി കൊൽക്കത്തയിലെത്തുന്നുന്ന മുപ്പത്തെട്ടുകാരൻ രണ്ട് ദിവസം അവിടെ തങ്ങും. ഇൗഡൻ ഗാർഡൻസിലോ സാൾട്ട്‌ലേക്കിലോ ഗോട്ട് കപ്പ് എന്ന പേരിൽ ഫുട്‌ബോൾ മത്സരം കളിക്കും. സൗരവ് ഗാംഗുലി, ലിയാൻഡർ പെയ്‌സ്, ജോൺ എബ്രഹാം, ബയ്‌ചുങ് ബൂട്ടിയ എന്നിവർക്കൊപ്പമായിരിക്കും ഇറങ്ങുക.
അഹമ്മദാബാദിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തശേഷം 14ന് മുംബൈയിൽ എത്തും. സച്ചിൻ ടെൻഡുൽക്കർ, രോഹിത് ശർമ, മഹേന്ദ്ര സിങ് ധോണി, ബോളിവുഡ് താരങ്ങൾ എന്നിവർക്കൊപ്പം അൽപ്പസമയം ചെലവഴിക്കും.









0 comments