ഗോളടി തുടർന്ന് റോണോ

ബുഡാപെസ്‌റ്റ്
ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങളിൽ കൂടുതൽ ഗോളടിച്ചതിന്റെ റെക്കോഡിനൊപ്പം പോർച്ചുഗൽ ക്യാപ്‌റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോ. ഹംഗറിക്കെതിരെ പെനൽറ്റിയിലൂടെ ലക്ഷ്യം കണ്ട നാൽപ്പതുകാരന് യോഗ്യതാ മത്സരങ്ങളിൽ 39 ഗോളായി. ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസിന്റെ ഗോളെണ്ണത്തിനൊപ്പമാണ് എത്തിയത്. അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി മൂന്ന് ഗോൾ പിന്നിലാണ്.
ഹംഗറിക്കെതിരെ 3–2ന്റെ ജയമായിരുന്നു പോർച്ചുഗലിന്. ഗ്രൂപ്പ് എഫിൽ രണ്ടാംജയവുമായി ഒന്നാമത് തുടർന്നു. രാജ്യാന്തര ഫുട്‌ബോളിൽ 223 കളിയിൽ 141 ഗോളായി റൊണാൾഡോയ്‌ക്ക്.
ഒരുഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു പോർച്ചുഗലിന്റെ തിരിച്ചുവരവ്. ബെർണാഡോ സിൽവയിലൂടെ ഒപ്പമെത്തിയ പോർച്ചുഗൽ ഇടവേളയ്‌ക്കുശേഷം റൊണാൾഡോയുടെ പെനൽറ്റി ഗോളിൽ ലീഡ് നേടി. കളിതീരാൻ ആറ് മിനിറ്റ് ശേഷിക്കെ ബർണാബസ് വർഗ രണ്ടാംഗോളിലൂടെ ഹംഗറിയെ ഒപ്പമെത്തിച്ചു. എന്നാൽ, രണ്ട് മിനിറ്റിനിടെ ജോയോ കാൻസെലോ പോർച്ചുഗലിന് ജയമൊരുക്കുകയായിരുന്നു.
ഫ്രാൻസ് 2–1ന് ഐസ്‌ലൻഡിനെ തോൽപ്പിച്ചു. കിലിയൻ എംബാപ്പെ ഗോൾ നേടി. ഇംഗ്ലണ്ട് അഞ്ച് ഗോളിന് സെർബിയയെ തകർത്തു. നോർവെ മൾഡോവയെ 11–1ന് തുരത്തി തുടർച്ചയായ അഞ്ചാം ജയം കുറിച്ചു. അഞ്ച് ഗോളുമായി സൂപ്പർതാരം എർലിങ് ഹാലണ്ട് തിളങ്ങി.









0 comments