അത്‌ലറ്റികോയെ തോൽപ്പിച്ച് ബാഴ്‌സ; കോപാ ഡെൽ റേ ഫൈനലിൽ മാഡ്രിഡ് ഡെർബിയില്ല, കാണാം എൽ ക്ലാസികോ

മാഡ്രിഡ്: കോപാ ഡെൽ റേ സെമിഫൈനലിൽ അത്‌ലറ്റികോ മാഡ്രിഡിനെ എഫ് സി ബാഴ്‌സലോണ തോൽപ്പിച്ചതോടെ സീസണിലെ മൂന്നാമത്തെ എൽ ക്ലാസിക്കോയ്‌ക്ക് കളമൊരുങ്ങി. നേരത്തെ സൂപ്പർ കപ്പ് ഫൈനലിലും ബാഴ്‌സലോണ റയലിനെ നേരിട്ടിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാഴ്‌സലോണയ്‌ക്കായിരുന്നു എൽ ക്ലാസിക്കോയിൽ വിജയം. ലീഗിൽ ഒരു മത്സരം കൂടി ഇരുടീമുകളും തമ്മിൽ കളിക്കാനുണ്ട്.
രണ്ട് പാദങ്ങളിലുമായി നാലിനെതിരെ അഞ്ച് ഗോളിന്റെ വിജയമാണ് അത്‌ലറ്റികോയ്‌ക്കെതിരെ ബാഴ്‌സലോണ നേടിയത്. ആദ്യ പാദത്തിൽ ഇരു ടീമുകളും നാല് ഗോൾ വീതം നേടിയപ്പോൾ രണ്ടാം പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോൾ നേടി വിജയിക്കാൻ ബാഴ്‌സലോണയ്‌ക്കായി. 27–ാം മിനുട്ടിൽ ഫെറാൻ ടോറസിലൂടെയായിരുന്നു കറ്റാലൻമാർ ലക്ഷ്യം കണ്ടത്. യാമലിന്റെ വകയാണ് അസിസ്റ്റ്.
കോപാ ഡെൽ റേയിൽ നിന്ന് കൂടി പുറത്തായതോടെ അത്‌ലറ്റികോ മാഡ്രിഡിന്റെ ഈ വർഷത്തെ കിരീടപ്രതീക്ഷകൾ അവസാനിച്ചു. നിലവിൽ സ്‌പാനിഷ് ലീഗായ ലാലിഗയിൽ 29 കളിയിൽ നിന്ന് 56 പോയിന്റുമായി മൂന്നാം സ്ഥാനക്കാരാണ് സിമിയോണിയുടെ ടീം. ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയേക്കാൾ ഒൻപത് പോയിന്റ് കുറവ്. ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് പെനാൽറ്റിയിൽ പരാജയപ്പെട്ട് ടീം പുറത്താവുകയും ചെയ്തു. കഴിഞ്ഞ ട്രാൻസ്‌ഫർ വിൻഡോയിൽ സ്‌പെയ്‌നിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ടീം അത്‌ലറ്റികോ ആയിരുന്നു.
മികച്ച രീതിയിൽ കഴിഞ്ഞ രണ്ട് എൽ ക്ലാസിക്കോയിലും വിജയിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ബാഴ്‌സലോണ റയൽ മാഡ്രിഡിനെതിരെ കോപാ ഡെൽ റേ ഫൈനലിനിറങ്ങുക. ഏപ്രിൽ 26നാണ് ഫൈനൽ. മെയ് 11നാണ് ലീഗിൽ ഇരുടീമുകളും ഏറ്റുമുട്ടുക.









0 comments