റയലിന് പിഎസ്‌ജി

ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ റയൽ മാഡ്രിഡിനായി ഗോൾ നേടുന്ന കിലിയൻ എംബാപ്പെ

Sports Desk
Published on Jul 07, 2025, 12:00 AM | 1 min read
ന്യൂയോർക്ക്
യൂറോപ്പിലെ വമ്പൻമാർ ക്ലബ് ലോകകപ്പ് ഫുട്‌ബോൾ സെമിയിൽ മുഖാമുഖം. പ്രതാപശാലികളായ റയൽ മാഡ്രിഡും ചാമ്പ്യൻസ് ലീഗിലെ നിലവിലെ ജേതാക്കളായ പിഎസ്‌ജിയും ബുധനാഴ്‌ച ഏറ്റുമുട്ടും. ചെൽസി–ഫ്ലുമിനെൻസെ ആദ്യ സെമി ചൊവ്വയാണ്.
13നാണ് ഫൈനൽ. ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ 3–-2ന് മറികടന്നാണ് റയൽ അവസാന നാലുറപ്പിച്ചത്. ഗോൺസാലോ ഗാർസിയ, ഫ്രാൻ ഗാർസിയ, കിലിയൻ എംബാപ്പെ എന്നിവർ റയലിനായി ഗോളടിച്ചു. ഡോർട്ട്‌മുണ്ടിനായി പരിക്കുസമയം മാക്‌സിമില്ലൻ ബെയ്‌യെറും സെറോ ഗുയിറാസിയും മറുപടി നൽകി. പിഎസ്‌ജിയാകട്ടെ ബയേൺ മ്യൂണിക്കിന്റെ വെല്ലുവിളി അതിജീവിച്ചു. രണ്ട് ഗോളിനാണ് ജയം. ദിസിരെ ദുയെയും ഉസ്‌മാൻ ഡെംബെലെയും വലകണ്ടു.
നിശ്ചിതസമയംവരെ ഏകപക്ഷീയമായ കളിയായിരുന്നു റയൽ–-ഡോർട്ട്‌മുണ്ട് പോരാട്ടം. ഗോൺസാലോയുടെയും ഫ്രാനിന്റെയും ഗോളുകളിൽ ആദ്യ ഇരുപത് മിനിറ്റിൽ 2–-0ന് ലീഡെടുത്ത റയൽ വിട്ടുകൊടുത്തില്ല. എന്നാൽ, പരിക്കുസമയം എല്ലാം മാറിമറഞ്ഞു. ബെയ്‌യെർ ഒന്നടിച്ചു. പകരക്കാരനായെത്തിയ എംബാപ്പെ, അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വായുവിലർന്ന് തൊടുത്ത ഷോട്ട് വലകയറിയതോടെ റയൽ ആഘോഷിച്ചു. പക്ഷേ, ഡോർട്ട്‌മുണ്ട് പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. റയൽ പ്രതിരോധക്കാരൻ ഡീൻ ഹുയിസെൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അവർ മുതലാക്കി.
ഗുയിറാസി പെനൽറ്റിയിലൂടെ സ്‌കോർ 3–-2 ആക്കി. തൊട്ടുപിന്നാലെ മാഴ്‌സെൽ സാബിറ്റ്സറുടെ ശ്രമം റയൽ ഗോൾകീപ്പർ തിബൗ കുർട്ടോ സാഹസികമായി രക്ഷപ്പെടുത്തി. പിന്നാലെ അവസാന വിസിൽ മുഴങ്ങുകയുംചെയ്‌തു.
ആവേശകരമായ കളിയിൽ വൈകി നേടിയ രണ്ട് ഗോളിലാണ് പിഎസ്‌ജി ബയേണിനെ മറികടന്നത്. വില്ല്യൻ പാച്ചോയും ലൂകാസ് ഹെർണാണ്ടസും ചുവപ്പ് കാർഡ് കിട്ടി പുറത്തായതോടെ ഒമ്പത് പേരുമായാണ് പിഎസ്‌ജി കളി പൂർത്തിയാക്കിയത്.
സെമി മത്സരങ്ങൾ
ചെൽസി–ഫ്ലുമിനെൻസെ
ചൊവ്വ, രാത്രി 12.30
റയൽ മാഡ്രിഡ്–പിഎസ്‌ജി
ബുധൻ, രാത്രി 12.30.
മുസിയാലയ്‌ക്ക് പരിക്ക്
ബയേൺ മ്യൂണിക് മധ്യനിരക്കാരൻ ജമാൽ മുസിയാലയ്‌ക്ക് ഗുരുതര പരിക്ക്. പിഎസ്‌ജിക്കെതിരായ കളിയിൽ എതിർ ഗോൾകീപ്പർ ജിയാൻലൂജി ദൊന്നരുമയുമായി കൂട്ടിയിടിച്ച് ഇടതുകണങ്കാലിനാണ് പരിക്കേറ്റത്. നാളുകൾക്കുശേഷം ബയേൺ കുപ്പായത്തിൽ ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടതായിരുന്നു മുസിയാല. ഏപ്രിൽമുതൽ പേശിവലിവ് കാരണം പുറത്തായിരുന്നു. പരിക്കേറ്റതിനുപിന്നാലെ ആശുപത്രിയിൽ പ്രവേശിച്ച ഇരുപത്തിരണ്ടുകാരന് ശസ്‌ത്രക്രിയവേണ്ടിവരും. പുതിയ സീസണിലെ ആദ്യ മാസങ്ങൾ പുറത്തിരിക്കേണ്ടിവരും.









0 comments