ചെൽസി സർവാധിപത്യം


Sports Desk
Published on May 30, 2025, 12:00 AM | 1 min read
വ്രോക്‌സ (പോളണ്ട്)
റയൽ ബെറ്റിസിനെ 4–-1ന് തരിപ്പണമാക്കി ചെൽസി യൂറോപ കോൺഫറൻസ് ലീഗ് ചാമ്പ്യൻമാരായി. ഇതോടെ യൂറോപ്പിലെ എല്ലാ ട്രോഫികളും നേടുന്ന ഏക ടീമെന്ന ഖ്യാതിയും ഇംഗ്ലീഷ് ക്ലബ് പേരിലാക്കി. ചാമ്പ്യൻസ് ലീഗ് (2012, 2021) യൂറോപ ലീഗ് (2013, 2021), സൂപ്പർ കപ്പ് (1998, 2021), കപ്പ് വിന്നേഴ്‌സ് കപ്പ് (1971, 1998) എന്നീ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ നേരത്തെ ചെൽസി സ്വന്തമാക്കിയിരുന്നു.
കോൺഫറൻസ് ലീഗ് ഫൈനലിൽ പോളണ്ടിലെ വ്രോക്‌സ സ്‌റ്റേഡിയത്തിൽ ബെറ്റിസിനെതിരെ 65 മിനിറ്റ് വരെ പിന്നിട്ടുനിന്നശേഷമാണ് നാല് ഗോളടിച്ച് ചെൽസി ജയം ആഘോഷിച്ചത്. ഒമ്പതാം മിനിറ്റിൽ സ്‌പാനിഷ് ക്ലബ്ബിനായി അബ്‌ദെ എസെൽസോളി ലക്ഷ്യം കണ്ടു. എതിരാളിയുടെ ഗോളിൽ തുടക്കം വിറച്ച ചെൽസി പതിയെ തിരിച്ചുവന്നു. രണ്ടാംപകുതി കടുത്ത ആക്രമണം അഴിച്ചുവിട്ടു. എൻസോ ഫെർണാണ്ടസാണ് സമനില ഗോൾ നേടിയത്. പിന്നാലെ നികോളാസ് ജാക്‌സൺ ലീഡ് സമ്മാനിച്ചു. അവിടെയും നിർത്തിയില്ല. ജേഡൻ സാഞ്ചോയും മൊയിസസ് കൈസേദോയും പട്ടിക തികച്ചു.
ഗോളടിച്ചില്ലെങ്കിലും രണ്ട് ഗോളിന് അവസരമൊരുക്കുകയും മത്സരത്തിലുടനീളം തിളങ്ങുകയും ചെയ്‌ത കൊൾ പാൽമെറാണ് കളിയിലെ താരം. ലീഗിൽ തകർപ്പൻ പ്രകടനമാണ് ചെൽസി നടത്തിയത്. എൻസോ മറെസ്‌ക പരിശീലിപ്പിക്കുന്ന സംഘം 14 കളിയിൽ 41 ഗോളടിച്ചു. 2022നുശേഷമുള്ള ടീമിന്റെ ആദ്യ ട്രോഫിയാണിത്.









0 comments