സീസണിൽ ഇംഗ്ലീഷ് ടീമിലെത്തുന്ന എട്ടാമത്തെ താരം
യുവ ചെൽസി ; ഹാറ്റോ ടീമിൽ

ജോറെൽ ഹാറ്റോ/ എസ്റ്റാവോ / ജോയാ പെഡ്രോ

Sports Desk
Published on Aug 02, 2025, 02:41 AM | 1 min read
ലണ്ടൻ
ക്ലബ് ഫുട്ബോൾ ലോകകപ്പ് കിരീടത്തിനുപിന്നാലെ യുവതാരങ്ങളെ കൂടാരത്തിലെത്തിച്ച് ചെൽസി ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിന് ഒരുങ്ങുന്നു. പത്തൊമ്പതുകാരൻ ജോറെൽ ഹാറ്റോയാണ് ചെൽസിയുടെ പുതിയ ആയുധം. ഡച്ച് ക്ലബ് അയാക്സിൽനിന്ന് ഏകദേശം 430 കോടി രൂപക്ക് ഹാറ്റോയെ കൂടാരത്തിലെത്തിക്കും. ഏഴ് വർഷത്തേക്കായിരിക്കും കരാർ.
ഇൗ താരകൈമാറ്റ ജാലകത്തിൽ ചെൽസിയിലെത്തിയ എട്ടാമത്തെ കളിക്കാരനാണ് ഡച്ചുകാരൻ. മറ്റൊരു ഡച്ചുകാരൻ സാവി സിമ്മൺസിനായും ശ്രമംനടത്തുന്നുണ്ട്. പതിനാറാം വയസ്സിലാണ് ഹാറ്റോ അയാക്സിനായി അരങ്ങേറിയത്. 75 മത്സരങ്ങളിൽ ഇറങ്ങി. 2023ലായിരുന്നു പ്രതിരോധക്കാരന്റെ ദേശീയ കുപ്പായത്തിലെ അരങ്ങേറ്റം. ജാമി ഗിട്ടെൻസ്, ജോയോ പെഡ്രോ, ലിയാം ഡെലാപ്, മമദൗ സാർ, ഡാരിയോ എസുഗോ, എസ്റ്റാവോ വില്ലിയൻ, കെൻഡ്രി പയേസ് എന്നിവരാണ് സീസണിന് മുന്നോടിയായി ചെൽസി കൂടാരത്തിലെത്തിച്ച താരങ്ങൾ.
ഇരുപത്തൊന്നുകാരൻ ഗിട്ടെൻസിനെ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്നാണ് സ്വന്തമാക്കിയത്. വിങ്ങറാണ് ഇംഗ്ലീഷുകാരൻ. ക്ലബ് ലോകകപ്പിൽ മിന്നുന്ന കളി പുറത്തെടുത്ത പെഡ്രോ മുന്നേറ്റത്തിന് മൂർച്ച നൽകുന്നു. ബ്രൈറ്റണിലായിരുന്നു കഴിഞ്ഞ സീസണിൽ ബ്രസീലുകാരൻ. ഇരുപത്തിണ്ടുകാരൻ ഡെലാപും മുന്നേറ്റത്തിൽ മിന്നും. പത്തൊമ്പതുകാരൻ ഫ്രാൻസിന്റെ മമദൗ സാർ സെന്റർ ബാക്കാണ്. ബ്രസീൽ ക്ലബ് പൽമെയ്റാസിൽനിന്നെത്തിയ എസ്റ്റാവോയാണ് മറ്റൊരു ശ്രദ്ധേയ താരം. പതിനെട്ടുകാരൻ വിങ്ങർ ക്ലബ് ലോകകപ്പിൽ പൽമെയ്റാസിനായി തകർപ്പൻ കളി പുറത്തെടുത്തു. ക്രിസ്റ്റഫർ എൻകുങ്കു, നിക്കോളാസ് ജാക്സൺ എന്നിവർ അടുത്ത സീസണിൽ ചെൽസി സംഘത്തിലുണ്ടാകില്ല.









0 comments