ഒഡിഷ, ചെന്നൈയിൻ ക്ലബ്ബുകളും 
പ്രതിസന്ധിയിൽ , എട്ട്​ ടീമുകളുമായി നാളെ ചർച്ചയ്​ക്ക്​ 
എഐഎഫ്എഫ്​

കളിയില്ല, 
കൂടൊഴിയുന്നു ; കളിക്കാരുടെ ശമ്പളം തടഞ്ഞ്​ ബംഗളൂരു

Bengaluru Fc

ബംഗളൂരു ശ്രീകണ്-ഠീരവ സ്റ്റേഡിയത്തിലെ ബംഗളൂരു എഫ്സി ആരാധകക്കൂട്ടം (ഫയൽ)

avatar
Sports Desk

Published on Aug 06, 2025, 12:00 AM | 2 min read


ന്യൂഡൽഹി

ഇന്ത്യൻ ഫുട്​ബോളിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഐഎസ്​എൽ ഫുട്​ബോൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്​ചിതത്വം തുടരുന്നതിനിടെ കൂടുതൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അവതാളത്തിലായി. ഏറ്റവുമൊടുവിൽ ചാമ്പ്യൻ ക്ലബ്​ ബംഗളൂരു എഫ്​സിയാണ്​ കളിക്കാരുടെയും ടീം അംഗങ്ങളുടെയും ശമ്പളം മരവിപ്പിക്കുന്നതായി അറിയിച്ചത്​.


ഒഡിഷ എഫ്​സി കളിക്കാരും പരിശീലകരുമായുള്ള കരാർ താൽക്കാലികമായി റദ്ദാക്കി. ചെന്നൈയിൻ എഫ്​സി കളിക്കാർക്ക്​ ടീം വിടാനുള്ള അനുമതിയും നൽകി. കേരള ബ്ലാസ്​റ്റേഴ്​സിന്റെ​ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും കടുത്ത നടപടികളിലേക്ക്​ നീങ്ങിയിട്ടില്ല. അതേസമയം, ആശങ്ക തുടരുന്ന സാഹചര്യത്തിൽ നാളെ ഐഎസ്​എല്ലിലെ എട്ട്​ ടീമുകളുടെ സിഇഒമാരുമായി അഖിലേന്ത്യാ ഫുട്​ബോൾ ഫെഡറേഷൻ (എഐഎഫ്​എഫ്​) ചർച്ച നടത്തുന്നുണ്ട്​.


ഐഎസ്​എല്ലിന്റെ ഭാവി അനിശ്​ചിതത്വത്തിലായതിനാലാണ് ക്ലബ്​ കടുത്ത നപടികളിലേക്ക്​ നീങ്ങിയതെന്ന്​ ബംഗളൂരു എഎഫ-്​സി ഒ‍ൗദ്യോഗികമായി ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ‘ഒന്നാംനിര ടീമിലെ കളിക്കാരുടെയും മറ്റ്​ അംഗങ്ങളുടെയും ശമ്പളം അനിശ്​ചിതമായി മരവിപ്പിക്കുകയാണ്​. ഇന്ത്യയിൽ ഒരു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തുകയും നിലനിർത്തുകയും ചെയ്യുകയെന്നത്​ ആയാസകരമായ കാര്യമാണ്​. ഓരോ സീസണിലും ഞങ്ങൾ പരമാവധി ശ്രമിച്ചു. പക്ഷേ, ഭാവിയെക്കുറിച്ച്​ ഒരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിൽ ഞങ്ങൾക്ക്​ വേറെ വഴിയില്ല. കളിക്കാരും അവരുടെ കുടുംബങ്ങളും ക്ലബ്ബിന്​ പ്രിയപ്പെട്ടതാണ്​. തീരുമാനമാകുംവരെ അവർ കാത്തിരിക്കണം. യൂത്ത്​ ടീമിന്റെയും ബിഎഫ-്​സിയുടെ സ്​കൂളിന്റെ പ്രവർത്തനങ്ങളെയും ഇ‍ൗ തീരുമാനം ബാധിക്കില്ല. എഐഎഫ്​എഫ-ും ഫുട്​ബോൾ സ്​പോർട്​സ്​ ഡെവലപ്​മെന്റ്​ ലിമിറ്റഡും (എഫ്​എസ്​ഡിഎൽ) ചേർന്ന്​ പരിഹാരം കണ്ടെത്തണം. ഇ‍ൗ അനിശ്​ചിതത്വം ഇന്ത്യൻ ഫുട്​ബോളിന്​ ഒട്ടും ഗുണകരമല്ല’– ബംഗളൂരു ടീം കുറിച്ചു.


ഇന്ത്യൻ ഫുട്ബോള്‍ ടീം ക്യാപ്​റ്റൻ സുനിൽ ഛേത്രി ഉൾപ്പെടെ കളിക്കുന്ന ടീമാണ്​ ബംഗളൂരു. പ്രശ്​നം പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഛേത്രി ദിവസങ്ങൾക്കുമുമ്പ്​ സാമൂഹിക മാധ്യമമായ എക്​സിൽ വൈകാരികമായി കുറിപ്പിട്ടിരുന്നു.


ഒഡിഷയുടെയും ചെന്നൈയിനിന്റെയും ദൈനംദിന പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. ജംഷഡ്​പുർ എഫ-്​സി, കൊൽക്കത്ത ടീമുകളായ ഇ‍ൗസ്​റ്റ്​ ബംഗാൾ, മോഹൻ ബഗാൻ ടീമുകളാണ്​ നിലവിൽ ഫുട്ബോളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായുള്ളത്​. ഐഎസ്​എൽ സീസൺ തുടങ്ങുന്നതുമായി ബന്ധപ്പെട്ട്​ വ്യക്തത വരുംവരെ നിലവിലെ പദ്ധതികളിൽ മാറ്റമൊന്നുമില്ലെന്ന്​ ബ്ലാസ്റ്റേഴ്​സ്​ വ്യക്തമാക്കി.


ഇതിനിടെയാണ്​ എഐഎഫ്​എഫ്​ ക്ലബ്ബുകളെ ചർച്ചയ്​ക്ക്​ വിളിച്ചത്​. ബ്ലാസ്​റ്റേഴ്​സ്​, ഹൈദരാബാദ്​ എഫ്​സി, ജംഷഡ്​പുർ എഫ്​സി, നോർത്ത്​ ഇ‍ൗസ്​റ്റ്​ യുണൈറ്റഡ്​ എ-ഫ്​സി, ബംഗളൂരു എഫ്​സി, ഒഡിഷ എഫ്​സി, എഫ്​സി ഗോവ ടീമുകളാണ്​ പങ്കെടുക്കുക. ന്യൂഡൽഹിയിലാണ്​ യോഗം.


ഐഎസ്​എൽ തുടങ്ങുമെന്നു​തന്നെയാണ്​ കഴിഞ്ഞയാഴ്​ച എഐഎഫ്​എഫ്​ തലവൻ കല്യാൺ ച‍ൗബെ പറഞ്ഞത്​. എന്നാൽ എപ്പോൾ തുടങ്ങുമെന്ന്​ ച‍ൗബെയ്​ക്ക്​ ഉറപ്പ്​ പറയാനായില്ല. ‘ ലീഗ്​ നടത്താനായില്ലെങ്കിൽ അത്​ ഫുട്​ബോളിനെമാത്രമല്ല ബാധിക്കുക. ഇതുമായി ബന്ധപ്പെട്ട്​ ആയിരക്കണക്കിനാളുകളുണ്ട്​. അതിനാൽ എന്ത്​ വിലകൊടുത്തും ലീഗ്​ നടത്താൻ ശ്രമിക്കും– എഐഎഫ്​എഫ്​ പ്രസിഡന്റ്​ വ്യക്തമാക്കി.


ഫെഡറേഷനും എഫ്​എസ്​ഡിഎലും തമ്മിലുള്ള കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്​ പ്രതിസന്ധിക്ക്​ കാരണം. നിലവിലെ കരാർ ഡിസംബറിൽ അവസാനിക്കുകയാണ്​.



deshabhimani section

Related News

View More
0 comments
Sort by

Home