‘ഞങ്ങൾ യന്ത്രങ്ങളല്ല’; ബാഴ്‌സലോണയ്‌ക്ക് ഒൻപത് ദിവസത്തിനിടെ കളിക്കേണ്ടത് നാല് കളികൾ

ജുൽസ് കുണ്ടേ. PHOTO: Instagram/jkeey4
ബാഴ്‌സലോണ: സ്‌പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയുടെ മത്സരക്രമങ്ങൾക്കെതിരെ വിമർശനവുമായി എഫ് സി ബാഴ്‌സലോണ പ്രതിരോധ താരം ജൂൽസ് കുണ്ടേ. രണ്ടും മൂന്നും ദിവസങ്ങളുടെ വ്യത്യാസത്തിൽ മത്സരങ്ങൾ കളിക്കേണ്ട നില വന്നപ്പോഴാണ് കുണ്ടേ ലാലിഗ മാനേജ്‌മെന്റിനെതിരെ വിമർശനമുന്നയിച്ചത്.
ഫ്രാൻസ് ദേശീയ ടീമിന് വേണ്ടി യുവേഫ നേഷൻസ് ലീഗ് കളിച്ച് നാല് ദിവസം പൂർത്തിയാവുന്നതിനിടെയാണ് കുണ്ടേയ്‌ക്ക് ബാഴ്‌സലോണയ്‌ക്ക് വേണ്ടി ഒസാസുനയ്‌ക്കെതിരെ ബൂട്ട് കെട്ടേണ്ടി വന്നത്. ക്രൊയേഷ്യക്കെതിരെയുള്ള നേഷൻസ് ലീഗ് മത്സരത്തിൽ 120 മിനുട്ടും കുണ്ടേ കളിച്ചിരുന്നു. പെനാൽറ്റിയിലേക്ക് നീങ്ങിയ മത്സരത്തിൽ ഫ്രാൻസ് ജയിച്ചു.
മാർച്ച് മൂന്നിനായിരുന്നു ബാഴ്‌സലോണ ഒസാസുന മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ ബാഴ്‌സലോണയുടെ ടീം ഡോക്‌ടർ മത്സരദിവസം അന്തരിച്ചതിനെ തുടർന്ന് കളി മാറ്റിവയ്‌ക്കുകയായിരുന്നു. തുടർന്നാണ് ഇന്റർനാഷണൽ മത്സരങ്ങൾ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ബാഴ്‌സലോണ–ഒസാസുന മത്സരം ലാലിഗ സംഘടിപ്പിച്ചത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്‌സലോണ വിജയിച്ചു.
‘മത്സരം ഈ ദിവസം കളിക്കേണ്ടി വന്നതിൽ എനിക്ക് എതിർപ്പുണ്ട്. ഞങ്ങൾ യന്ത്രങ്ങളല്ല, ആരാധകർക്ക് മുന്നിൽ മികച്ച പ്രകടനം കഴ്‌ചവയ്‌ക്കാൻ സാധിക്കണമെങ്കിൽ മതിയായ വിശ്രമം ആവശ്യമാണ്.’– ജുൽസ് കുണ്ടേ പറഞ്ഞു. കളിക്കാർക്കെതിരെയും ക്ലബ്ബുകൾക്കെതിരെയും ലാലിഗയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ആദരവില്ലായ്‌മയാണെന്നും കുണ്ടേ കൂട്ടിച്ചേർത്തു. മത്സരത്തിന് ശേഷം മാധ്യമങ്ങളോടായിരുന്നു താരത്തിന്റെ പ്രതികരണം.
ബാഴ്‌സലോണ കോച്ച് ഹാൻസി ഫ്ലിക്കും ലാലിഗയിലെ മത്സര ഫിക്‌സ്‌ചറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബാഴ്‌സലോണ മധ്യനിരക്കാരനായ ഡാനി ഒൽമോയ്‌ക്ക് ഒസാസുനയ്‌ക്കെതിരെയുള്ള മത്സരത്തിനിടെ പരിക്ക് കാരണം പുറത്ത് പോകേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു ഫ്ലിക്കിന്റെ പ്രതികരണം. ‘ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ ലഭിച്ചു. എന്നാൽ അതിന് വലിയ വില കൊടുക്കേണ്ടതായും വന്നു.’– ഫ്ലിക്ക് പറഞ്ഞു.
ഹാൻസി ഫ്ലിക്ക്. PHOTO: Facebook
ഒസാസുനയ്‌ക്കെതിരെയുള്ള മത്സരമുൾപ്പെടെ ഏഴ് കളികളാണ് ബാഴ്‌സലോണയ്‌ക്ക് വരാനിരിക്കുന്ന 20 ദിവസത്തിനുള്ളിൽ കളിക്കേണ്ടതായുള്ളത്. ഇതിൽ ചാമ്പ്യൻസ് ലീഗ്, കോപാ ഡെൽ റേ മത്സരങ്ങളും ഉൾപ്പെടും. ഏഴിലെ ആദ്യ നാല് കളികൾ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് ബാഴ്‌സലോണ കളിക്കേണ്ടത്. ഈ മത്സരക്രമത്തിനെതിരെയും ഫ്ലിക്ക് രംഗത്തെത്തി. ‘മോശം സാഹചര്യമാണ് നിലവിലുള്ളത്, പക്ഷേ ഞങ്ങൾ ഒഴികഴിവുകൾ പറയുന്നില്ല. ടീം തയ്യാറാണ്, ഞങ്ങൾക്ക് ലക്ഷ്യം നേടണം.’– ഫ്ലിക്ക് കൂട്ടിച്ചേർത്തു.
നേരത്തെ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയും ലാലിഗയുടെ ഈ സമീപനത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചിരുന്നു. 72 മണിക്കൂർ ഇടവേളകളില്ലാതെ ഇനി മത്സരങ്ങൾക്കിറങ്ങില്ല എന്ന് ആഞ്ചലോട്ടി പരസ്യമായി നിലപാടെടുക്കുകയും ചെയ്തു. റയൽ പരിശീലകന്റെ ഈ നിലപാടിനെ കുറിച്ചും ഹാൻസി ഫ്ലിക്കിനോട് മാധ്യമപ്രവർത്തകർ ചോദിച്ചു.
‘72 മണിക്കൂറിൽ റയൽ മാഡ്രിഡ് മത്സരങ്ങൾ കളിക്കില്ല എന്ന് തീരുമാനമെടുത്തിട്ടുണ്ട്, എന്താണ് വിഷയത്തിൽ ബാഴ്‌സലോണയുടെ നിലപാട്’– ഇങ്ങനെയായിരുന്നു ചോദ്യം. ‘ഞങ്ങൾ ബാഴ്‌സയാണ്, റയൽ മാഡ്രിഡല്ല. ബാഴ്‌സയായതിൽ ഞങ്ങൾ ഒരുപാട് അഭിമാനിക്കുന്നു’ എന്നായിരുന്നു ബാഴ്‌സലോണ പരിശീലകന്റെ ഇതിനുള്ള മറുപടി.









0 comments