മൊറോക്കോയും കോസ്റ്ററിക്കയും പരിഗണനയിൽ
മെസി കേരളത്തിലെത്തുമ്പോൾ എതിരാളിയാകാൻ ഓസ്‌ട്രേലിയ

സ്‌പോർട്‌സ് ലേഖകൻ
Published on Aug 24, 2025, 12:48 AM | 1 min read
കോഴിക്കോട്: അർജന്റീനയും ലയണൽ മെസിയും കേരളത്തിലെത്തുമെന്ന് ഉറപ്പായതോടെ സൗഹൃദമത്സരത്തിലെ എതിരാളി ആരെന്നറിയാനുള്ള ആകാംക്ഷ മുറുകി. തുടർച്ചയായി അഞ്ച് ലോകകപ്പ് കളിച്ച ഓസ്‌ട്രേലിയയുടെ പേരിനാണ് മുൻതൂക്കം. അടുത്തവർഷം നടക്കുന്ന ലോകകപ്പിനും യോഗ്യത നേടിയ ടീമാണ്.
ഒന്നാം റാങ്കുകാരായ അർജന്റീനക്കെതിരെ കളിക്കുന്നത് ഫിഫ റാങ്ക് 50നുള്ളിൽ വരുന്ന ടീമായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇതനുസരിച്ച് എട്ട് ടീമുകളുമായി പ്രാഥമിക ചർച്ച പൂർത്തിയായി. അതിനുശേഷം തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ ഓസ്‌ട്രേലിയ, മൊറോക്കോ, കോസ്‌റ്ററിക്ക ടീമുകളാണുള്ളത്. ലോക റാങ്ക് 24 ആയ ഓസ്‌ട്രേലിയ എതിരാളിയാകുന്നതിൽ അർജന്റീനക്കും താൽപ്പര്യമുണ്ട്. കഴിഞ്ഞ ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീന ഓസ്‌ട്രേലിയയെ 2–1ന് തോൽപ്പിച്ചാണ് ക്വാർട്ടറിലെത്തിയത്. ആ മത്സരത്തിൽ മെസി ഗോളടിക്കുകയും ചെയ്‌തു. മൊറോക്കോയുടെ റാങ്ക് 12 ആണ്. കോസ്‌റ്ററിക്കയുടേത് 40. ഏഷ്യൻ ശക്തികളായ ജപ്പാനും ഇറാനും ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
അടുത്തവർഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന് അർജന്റീന യോഗ്യത നേടിയിട്ടുണ്ട്. സെപ്‌തംബർ അഞ്ചിന് വെനസ്വേലയുമായും 10ന് ഇക്വഡോറുമായും കളി ബാക്കിയുണ്ട്. അതിനുശേഷം ഒക്‌ടോബർ ആറിനും 14നും ഇടയിൽ അമേരിക്കയിൽ സൗഹൃദമത്സരമുണ്ട്. അടുത്തഘട്ടം നവംബർ 10നും 18നും ഇടയിലാണ്. കേരളത്തിന് പുറമേ അംഗോളയിലും കളിക്കാൻ പോകുന്നുണ്ട്. ആദ്യം അംഗോളയിലാണോ കേരളത്തിലാണോയെന്ന് വ്യക്തമല്ല. അർജന്റീന ടീം രണ്ട് ദിവസം കേരളത്തിലുണ്ടാകും. ഒറ്റ മത്സരം മാത്രമാണ് കളിക്കുക.
സ്‌റ്റേഡിയം പരിശോധന അടുത്തമാസം
അർജന്റീനയുടെ സൗഹൃദ മത്സരത്തിന് വേദിയാകുന്ന തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്‌റ്റേഡിയം അടുത്തമാസം പകുതിയോടെ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധികൾ സന്ദർശിക്കും. ഗ്രീൻഫീൽഡ് നിലവിൽ ക്രിക്കറ്റ് സ്‌റ്റേഡിയമാണ്. ഇപ്പോൾ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ സെപ്‌തംബർ ഏഴിന് അവസാനിക്കും. തുടർന്നായിരിക്കും പരിശോധനയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക.









0 comments