റയലിനെ തകർത്ത് അത്‌ലറ്റികോ; ജയം 5–2ന്

മാഡ്രിഡ്: സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ്. സ്വന്തം തട്ടകത്തിൽ 5–2നാണ് റയലിനെ നിലംപരിശാക്കിയത്. ഇരട്ടഗോളുമായി ജൂലിയൻ അൽവാരെസ് മിന്നി. പതിനാലാം മിനിറ്റിൽ റോബിൻ ലെ നോർമാൻഡിന്റെ ഗോളിൽ അത്‌ലറ്റികോ ലീഡ് എടുത്തു. ഇടവേളയ്‌ക്ക് പിരിയുന്നതിന് മുന്പുതന്നെ റയൽ തിരിച്ചടിച്ചു. കിലിയൻ എംബാപ്പെയും അർദ ഗുലെറും ലക്ഷ്യം കണ്ടപ്പോൾ സാബി അലോൺസോയുടെ സംഘം ലീഡ് നേടി.
എന്നാൽ, വിട്ടുകൊടുക്കാത്ത അത്‌ലറ്റികോയെയാണ് പിന്നീട് കണ്ടത്. അലെക്‌സാണ്ടർ സൊർലോത് സമനില പിടിച്ചു. ഇടവേളയ്‌ക്കുശേഷം റയൽ പ്രതിരോധത്തെ കാഴ്‌ചക്കാരാക്കി ദ്യേഗോ സിമിയോണിയുടെ സംഘം കുതിക്കുകയായിരുന്നു. പെനൽറ്റിയിലൂടെ ലീഡ് നൽകിയ അൽവാരെസ് പത്ത് മിനിറ്റിൽ ഗോളെണ്ണം കൂട്ടി. പകരക്കാരനായെത്തിയ ഒൺടോയ്‌ൻ ഗ്രീസ്‌മാൻ പരിക്കുസമയത്ത് ലക്ഷ്യംകണ്ടതോടെ റയൽ പതനം പൂർണമായി. ഏഴ് കളിയിൽ 18 പോയിന്റുമായി ഒന്നാമതാണ് റയൽ. മൂന്നാം ജയത്തോടെ അത്‌ലറ്റികോ നാലാമതെത്തി.









0 comments