യമാലും സംഘവും നിറഞ്ഞാടി; അത്‌ലറ്റിക്കോയെ 4-2 തകർത്ത് ബാഴ്‌സ

FC Barcelona/www.facebook.com/photo
ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോൾ ലീഗിയൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-2 വീഴ്ത്തി ബാഴ്‌സലോണയ്ക്ക് വിജയം. കളിയുടെ 72 മിനിറ്റുവരെ രണ്ടു ഗോളിന് പിന്നിട്ടു നിന്നശേഷമാണ് ബാഴ്‌സയുടെ തിരിച്ചുവരവ്. ഇതോടെ ലാ ലിഗയിലെ ഒന്നാം സ്ഥാനവും ടീം തിരിച്ചുപിടിച്ചു.
ആവേശം നിറഞ്ഞ മത്സരത്തിൽ ഒന്നാം പകുതിയുടെ അവസാനമാണ് ആദ്യഗോൾപിറന്നത്. 45-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെയാണ് അത്‌ലറ്റിക്കോ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ ബാഴ്‌സ തിരിച്ചടിക്കാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കെ 70-ാം മിനിറ്റിൽ അലക്‌സാണ്ടർ സോർലോത്തിലൂടെ അത്‌ലറ്റിക്കോ ലീഡ് ഉയർത്തി.
എന്നാൽ 72-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയിലൂടെ ബാഴ്‌സ തിരിച്ചടി തുടങ്ങി. ആറു മിനിറ്റ് പിന്നിടുമ്പോഴേക്കും 78-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ ബാഴ്‌സ സമനില പിടിച്ചു. കളിയുടെ അധികസമയത്ത് 92-ാം മിനിറ്റിൽ യുവതാരം ലമീൻ യമാൽ ടീമിന് വിജയഗോൾ സമ്മാനിച്ചു. കളിതീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ 98-ാം മിനിറ്റിൽ ടോറസ് രണ്ടാം ഗോളുമായി ടീമിന്റെ ലീഡ് ഉയർത്തി.









0 comments