ആശ്വാസപ്പന്ത് ; പുതിയ ഭരണഘടനയ്‌ക്ക് സുപ്രീംകോടതി അംഗീകാരം

ന്യൂഡൽഹി
ഒടുവിൽ ഇന്ത്യൻ ഫുട്‌ബോളിന് ആശ്വാസ വാർത്ത. ഏഴ് വർഷവും പത്ത് മാസവും നീണ്ട പ്രതിസന്ധി അവസാനിച്ചു. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എഐഎഫ്‌എഫ്) കരട് ഭരണഘടനയ്‌ക്ക് സുപ്രീം കോടതി അംഗീകാരം നൽകി. ഇതോടെ ഫിഫയുടെ വിലക്ക് ഭീഷണിയും ഒഴിഞ്ഞു.
സുപ്രീംകോടതി മുൻ ജഡ്‌ജി എൽ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കരട് ഭരണഘടന ജസ്‌റ്റിസ് പി എസ് നരസിംഹ, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുൾപ്പെട്ട ബെഞ്ചാണ് അംഗീകരിച്ചത്. നാലാഴ്‌ചക്കകം ജനറൽ ബോഡി വിളിച്ചുചേർത്ത് ഒൗദ്യോഗിക അംഗീകാരം നൽകാൻ ഫെഡറേഷന് നിർദേശം നൽകുകയും ചെയ്‌തു. ഒക്‌ടോബർ മുപ്പതിനുള്ളിൽ പുതിയ ഭരണഘടന നിലവിൽ വന്നില്ലെങ്കിൽ വിലക്കുമെന്നായിരുന്നു ഫിഫയുടെ ഭീഷണി. പ്രസിഡന്റ് കല്യാൺ ചൗബെയുടെ കീഴിലുള്ള ഭരണസമിതിക്ക് തുടരാം. കാലാവധി അവസാനിക്കുന്ന 2026ൽ മാത്രം പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് മതിയെന്നും വിധിച്ചു. കേന്ദ്രസർക്കാർ നടപ്പാക്കിയ ദേശീയ കായിക ഭരണ നിയമത്തിന്റെ വ്യവസ്ഥകൾകൂടി ചേർത്ത വിശദമായ വിധിപ്പകർപ്പ് പുറത്തിറങ്ങിയിട്ടില്ല. 12 വർഷത്തിൽ കൂടുതൽ പദവി വഹിക്കാനാകില്ല, പ്രായപരിധി 75 വയസായി ഉയർത്തൽ തുടങ്ങിയവയാണ് പുതിയ കേന്ദ്രനിയമത്തിലെ വ്യവസ്ഥകൾ.
കരട് ഭരണഘടന അംഗീകരിക്കുന്നതോടെ ഇന്ത്യൻ ഫുട്‌ബോളിനെ പുതിയ ഉയരങ്ങളിലേയ്‌ക്ക് നയിക്കുന്ന മാറ്റങ്ങൾക്ക് തുടക്കംകുറിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്‌ധരുടെ അഭിപ്രായങ്ങൾ പരിഗണിച്ചശേഷം രൂപീകരിച്ച കരട് ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും പരിശോധിക്കുകയും യോജിക്കുകയും ചെയ്യുന്നു. ഭരണഘടനാപരമായ സാഹോദര്യം എന്ന ആശയത്തിന് കായികമേഖലയിലും വലിയ പ്രാധാന്യമാണുള്ളത്. അവകാശങ്ങളെപ്പോലെ സാഹോദര്യം ഉത്തരവിലൂടെ നടപ്പാക്കാനാകില്ല. മറിച്ച് ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പരസ്‌പരമുള്ള ശ്രമത്തിന്റെയും ഭാഗമായി അത് ഉരുത്തിരിയണം. രാജ്യാന്തര, ദേശീയ, പ്രാദേശിക കളിയിടങ്ങൾപോലും അതിന്റെ കർമഭൂമിയാണ്–കോടതി നിരീക്ഷിച്ചു.
പ്രഫുൽ പട്ടേലിന്റെ നേതൃത്വത്വത്തിലുള്ള ഭരണസമിതിയെ പുറത്താക്കിയ ഡൽഹി ഹൈക്കോടതിയുടെ 2017ലെ വിധിയോടെ ഉടലെടുത്ത പ്രതിസന്ധിക്കാണ് സുപ്രീംകോടതി ഒടുവിൽ പരിഹാരം കണ്ടെത്തിയത്. പുതിയ ഫുട്‌ബോൾ സീസൺ തുടങ്ങാനും ഇൗമാസം മൂന്നിന് കോടതി അനുമതി നൽകിയിരുന്നു. പുതിയ വാണിജ്യ പങ്കാളിയെ തുറന്ന ലേലത്തിലൂടെ കണ്ടെത്തി ഐഎസ്‌എൽ മത്സരങ്ങൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.









0 comments