ഓർമയിൽ അവരൊന്നിച്ച് പന്തുതട്ടി

വീട്ടിൽ പന്തുമായി നജ്മുദ്ദീനെ (വലത്ത്) കാണാനെത്തിയ സുഹൃത്തും സഹതാരവുമായ ഇട്ടി മാത്യു
സ്‌പോർട്‌സ് ലേഖകൻ
Published on May 23, 2025, 04:22 AM | 1 min read
കൊച്ചിയിൽനിന്നും ഇട്ടി മാത്യു കൊല്ലത്ത് എത്തിയത് പ്രിയ സുഹൃത്ത് നജ്മുദ്ദീനെ കാണാനായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു ആ സംഗമം. അർബുദം പിടിമുറുക്കിയനേരത്ത് ‘ഒന്നുകാണണം, പന്ത് കളിക്കണം’ എന്നാവശ്യപ്പെട്ട് നജ്മുദ്ദീൻ ഫോൺ ചെയ്യുകയായിരുന്നു. ഗോളിയുടെ ജേഴ്‌സയണിഞ്ഞ് ഇട്ടി പന്തുമായി വീട്ടിലെത്തി.
‘കാഴ്‌ചയിൽ നജ്മുദ്ദീൻ ക്ഷീണിതനായിരുന്നു. ഒന്നുരണ്ട് തവണ പന്ത് മുന്നിൽവച്ചുകൊടുത്തു. പ്രയാസപ്പെട്ടാണെങ്കിലും പതുക്കെ തട്ടി. അപ്പോൾ മുഖത്ത് സന്തോഷം വിടർന്നു. അത് പെട്ടെനുതന്നെ അവസാനിച്ചു. പിന്നെ എന്തോ ഓർമയിലായി. കണ്ണീരണിഞ്ഞാണ് ഞാനന്ന് മടങ്ങിയത്’–അടുത്ത കൂട്ടുകാരനും സഹകളിക്കാരനുമായിരുന്ന ഗോൾകീപ്പർ ഇട്ടി മാത്യു ഓർത്തു.
‘ഓർമ്മക്കുറവ് കുറേക്കാലമായി. അതിനിടെയാണ് അർബുദം പിടികൂടിയത്. 1972ൽ കൊല്ലത്തുനടന്ന ദേശീയ ജൂനിയർ ടൂർണമെന്റിലാണ് ആദ്യമായി ഒരുമിച്ച് കളിച്ചത്. പിന്നീട് നാല് പതിറ്റാണ്ടിലധികമായി ആ ബന്ധം തുടർന്നു. ഞാൻ കണ്ട വേഗമേറിയ ഫോർവേഡായിരുന്നു നജ്മുദ്ദീൻ. കാലിലേക്ക് വരുന്ന പന്ത് പിടിച്ചുനിർത്താതെ അതുപോലെ പാസ് ചെയ്യാനും ഗോളടിക്കാനുമുള്ള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കിയത്. ഞങ്ങൾ ഇരുവരും 36 വർഷം ടൈറ്റാനിയത്തിൽ ജോലി ചെയ്‌തു’–ഇട്ടി മാത്യു പറഞ്ഞുനിർത്തി.









0 comments