ടെെറ്റാനിയത്തിനായി ഇരുപത് വർഷം ബൂട്ടുകെട്ടി , കേരളത്തിനായി എട്ട് വർഷം ഇന്ത്യക്കായി രണ്ട് സൗഹൃദ മത്സരം കളിച്ചു
‘ബേബി മുള്ളർ’ ; കേരളം സൃഷ്‌ടിച്ച എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിലൊരാൾ

1973ൽ കൊച്ചിയിൽ സന്തോഷ് ട്രോഫിയുമായി കേരളത്തിന്റെ ക്യാപ്റ്റൻ ടി കെ എസ് മണിയും വെെസ്--ക്യാപ്റ്റൻ ടി എ ജാഫറും. വലത്തേയറ്റത്ത് എ നജ്മുദ്ദീൻ (ഫയൽ)
എസ് അനന്ദവിഷ്ണു
Published on May 23, 2025, 04:25 AM | 2 min read
കൊല്ലം
മികച്ച പന്തടക്കം. എതിരാളിയെ നിഷ്‌പ്രഭമാക്കുന്ന ചടുലവേഗം. ഏത് പ്രതിരോധവും പൊളിക്കുന്ന കൗശലം. ഗോൾമുഖം വിറപ്പിക്കുന്ന ഷോട്ട്. ഇതൊക്കെ ചേർന്നതായിരുന്നു കളത്തിൽ നജ്മുദ്ദീൻ. കേരളം സൃഷ്‌ടിച്ച എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിലൊരാളായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഈ സവിശേഷതകൾകൊണ്ടുതന്നെ ‘ബേബി മുള്ളർ’ എന്ന പേരിൽ അറിയപ്പെട്ടു. അക്കാലത്ത് ഫുട്‌ബോൾ പ്രേമികളുടെ ആരാധനാപാത്രമായ വിഖ്യാത ജർമൻ സ്‌ട്രൈക്കർ ജേഡ് മുള്ളറെ ഓർത്തുകൊണ്ടാണ് അങ്ങനെയൊരു പേരുവീണത്. കേരള സർവകലാശാലക്ക് കളിച്ചുകൊണ്ടിരുന്നപ്പോൾ കിട്ടിയപേര് പിന്നീട് ടൈറ്റാനിയത്തിനും കേരളത്തിനായും കളിച്ചപ്പോൾ അന്വർഥമായി.
കൊല്ലത്ത് തേവള്ളിയിൽ അബ്ദുൾഖാദറിന്റെ മകനായി 1953ൽ ആയിരുന്നു ജനനം. കൊല്ലം ടികെഎം ആർട്സ് കോളേജിൽ പ്രീ ഡിഗ്രിയും കൊല്ലം എസ്എൻ കോളേജിൽ ഡിഗ്രിയും പഠിക്കുന്ന കാലത്ത് കന്റോൺമെന്റ് മൈതാനിയിലും ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിലും ഫുട്ബോൾ പരിശീലനത്തിൽ സജീവമായിരുന്നു. ശ്രദ്ധിക്കപ്പെടുന്ന ഫുട്ബോൾ കളിക്കാരനായതോടെ 1972ൽ കേരള സർവകലാശാലാ ടീമിൽ അംഗമായി. ദേശീയ ജൂനിയർ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1973ൽ ടൈറ്റാനിയം ടീമിൽ ചേർന്നു. 1973 മുതൽ 81 വരെ കേരള സന്തോഷ് ട്രോഫി ടീമിൽ കളിച്ചു.
വേഗവും മെയ്‌വഴക്കവും ഏതുകോണിൽനിന്നും എതിർ ഗോൾപോസ്റ്റിൽ നിറയൊഴിക്കാനുള്ള കഴിവും കേരളത്തിന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാക്കി. കൊച്ചിയിൽ 1973ൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അന്ന് കേരള ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു . വിജയത്തിന് പിന്നാലെ ‘കൊല്ലം ബേബി’ എന്ന വിളിപ്പേരും കിട്ടി. 1976ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ യൂത്ത് ഫുട്ബോൾ ടൂർണമെന്റിലും 1977ൽ റഷ്യയ്ക്കും ഹംഗറിക്കും എതിരായി നടന്ന സൗഹൃദത്സരത്തിൽ ഇന്ത്യൻ സീനിയർ ടീമിലും കളിച്ചു.
ടൈറ്റാനിയം ടീമിന്റെ സുവർണകാലത്ത് 20 വർഷത്തോളം ടീമംഗമായിരുന്നു. ശ്രീനാരായണ ടോഫി, ചാക്കോളാസ് ട്രോഫി, ജി വി രാജ ടോഫി, കേരളകൗമുദി ട്രോഫി, മുനിസിപ്പൽ ഗോൾഡൻ ജൂബിലി ടോഫി ടൂർണമെന്റുകളിൽ ടൈറ്റാനിയത്തിന്റെ വിജയത്തിനുപിന്നിൽ നജ്മുദീന്റെ പങ്ക് അവിസ്മരണീയമാണ്. 1975ൽ ജി വി രാജ അവാർഡ് ലഭിച്ചു. അതേ വർഷംതന്നെ സന്തോഷ് ട്രോഫി ടൂർണമെന്റിൽ മികച്ച കളിക്കാരനുള്ള ഗ്യാലപ് പോൾ അവാർഡുംനേടി. 2009-ൽ ട്രാവൻകൂർ ടൈറ്റാനിയത്തിൽനിന്ന് അസിസ്റ്റന്റ് മാനേജരായാണ് വിരമിച്ചത്.
1992ൽ കളിനിർത്തിയശേഷം അസി. കോച്ചായും കോച്ചായും മാനേജരായും ഒപ്പമുണ്ടായിരുന്നു. ടൈറ്റാനിയം വിട്ട് എവിടേക്കും പോവാൻ തയ്യാറല്ലായിരുന്നു. സുവർണകാലത്ത് കൊൽക്കത്ത, മുംബൈ ക്ലബ്ബുകളിൽനിന്ന് വൻ വാഗ്‌ദാനങ്ങളുണ്ടായിരുന്നു. അന്ന് ആ ക്ഷണം സ്വീകരിച്ചിരുന്നെങ്കിൽ നജ്മുദ്ദീന്റെ കളിജീവിതം മറ്റൊന്നായേനെ.
കളത്തിലും പുറത്തും ‘ജെന്റിൽമാൻ’ എന്നാണ് വിശേഷണം. ഫൗളില്ലാത്ത കളി. എതിരാളി വീഴ്‌ത്തിയാലും പരിഭവമില്ല. ആരോടും തർക്കത്തിനും വാക്കേറ്റത്തിനുമില്ല. കളത്തിന് പുറത്തും ഈ സൗമ്യസ്വഭാവം തുടർന്നു. കുറച്ചുകാലമായി ഓർമക്കുറവുണ്ടായിരുന്നു. വൈകാതെ അർബുദവും പിടികൂടി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
കളിജീവിതം മാറ്റിയ സന്തോഷ് ട്രോഫി
കേരളം ആദ്യമായി സന്തോഷ്‌ട്രോഫി നേടിയ 1973ലെ ടീമിൽ എ നജ്മുദ്ദീനും ഉണ്ടായിരുന്നു. ഫൈനലിൽ ക്യാപ്‌റ്റൻ ടി കെ എസ് മണിയുടെ ഹാട്രിക്കിൽ കേരളം 3–-2ന് റെയിൽവേസിനെ തോൽപ്പിച്ചപ്പോൾ രണ്ട് ഗോളിന് വഴിയൊരുക്കി. ആദ്യ ഗോൾ മുപ്പതാം മിനിറ്റിലാണ്. പന്തുമായി ശരവേഗത്തിൽ പാഞ്ഞ നജ്മുദ്ദീൻ രണ്ട് പ്രതിരോധക്കാരെ വെട്ടിച്ച് മണിക്ക് പാസ് നൽകി. പന്ത് നെഞ്ചിലെടുത്ത് മണി നിറയൊഴിച്ചപ്പോൾ കേരളം മുന്നിലെത്തി. മധ്യനിരയിൽ നജ്മുദ്ദീനും ടി എ ജാഫറും ചേർന്നൊരുക്കിയതായിരുന്നു മണിയുടെ ഹാട്രിക് ഗോൾ.
കോച്ച് സൈമൺ സുന്ദർരാജ് പരിശീലിപ്പിച്ച ടീമിലെ പ്രായംകുറഞ്ഞ കളിക്കാരനായിരുന്നു. ഡൽഹിക്കെതിരായ ആദ്യ കളിയിൽ അവസരം ലഭിച്ചില്ല. ബ്ലാസി ജോർജിന്റെ പരിക്ക് രണ്ടാം മത്സരത്തിൽ അവസരം നൽകി. മണിപ്പുരിനെതിരായ കളിയിൽ 3–-1ന് ജയിച്ചപ്പോൾ ആദ്യ ഗോൾ നജ്മുദ്ദീന്റേതായിരുന്നു. അതോടെ കോച്ച് എല്ലാ കളിയിലും ആദ്യ ഇലവനിൽ ഇറക്കി. കർണാടകക്കെതിരെ 4–-3ന് ജയിച്ചപ്പോൾ രണ്ട് ഗോളടിച്ചു. ക്വാർട്ടറിൽ ആന്ധ്രക്കെതിരെ അഞ്ച് ഗോളിനാണ് ജയം. ഈ മത്സരത്തിലും ഒരു ഗോളുണ്ട്.
മറഞ്ഞത് പന്ത്രണ്ടാമൻ
ആദ്യ സന്തോഷ് ട്രോഫി നേടിയ ടീമിലെ പന്ത്രണ്ടാമനാണ് വിടപറഞ്ഞത്. കേരളത്തിന് 26 അംഗ ടീമായിരുന്നു. അന്ന് വൈസ് ക്യാപ്‌റ്റനായിരുന്ന ടി എ ജാഫറാണ് ഇതിനുമുമ്പ് മരിച്ചത്. ക്യാപ്‌റ്റൻ ടി കെ എസ് മണി വിടപറഞ്ഞിട്ട് വർഷങ്ങളായി.










0 comments