പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്: 2-0ന് തോൽവി; റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ്

photo: AFP
പാരിസ്: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്. റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് അയർലൻഡ് പോർച്ചുഗലിനെ തോൽപ്പിച്ചത്. ഇതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ടീം ഇനിയും കാത്തിരിക്കണം.
ഗ്രൂപ്പ് എഫിലെ ഒന്നാംസ്ഥാനക്കാരായ പോർച്ചുഗലിന് അയർലൻഡിനെ കീഴടക്കിയാൽ യോഗ്യത നേടാമായിരുന്നു. കഴിഞ്ഞ നാലു മത്സരത്തിലും തോൽവി അറിയാതെ എത്തിയ ടീം അനായാസ വിജയം നേടുമെന്ന് കരുതി. എന്നാൽ പോർച്ചുഗലിനെ നേരിടാൻ അയർഡൻഡ് സജ്ജമായിരുന്നു. കളിയുടെ 17-ാം മിനിറ്റിൽ തന്നെ ഐറിഷ് ടീം ലീഡ് നേടി. ഒന്നാം പകുതി അവസാനിക്കാനിരിക്കെ 45-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. ട്രോയ് പാരറ്റാണ് ടീമിനായി ഇരുഗോളുകളും നേടിയത്.
പന്തടക്കവും ഗോളിനായിള്ള ഷോർട്ടുകളുടെ എണ്ണത്തിലുമെല്ലാം പോർച്ചുഗൽ മുന്നിട്ടു നിന്നെങ്കിലും ഗോൾ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ 61-ാം മിനിറ്റിലാണ് സൂപ്പർതാരം ക്രിസ്‌റ്റ്യാനോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. പോർച്ചുഗലിനായി 226 മത്സരം കളിച്ച റൊണാൾഡോയുടെ ആദ്യ ചുവപ്പ് കാർഡാണിത്. ഇതോടെ ഞായറാഴ്ച അർമേനിയയ്‌ക്കെതിരായ അവസാന യോഗ്യത റൗണ്ട് മത്സരം താരത്തിന് നഷ്ടമാകും. നിലവിൽ അഞ്ച് കളിയിൽ 10 പോയിന്റാണ് പോർച്ചുഗലിന്. രണ്ടാമതുള്ള ഹംഗറിയെക്കാൾ രണ്ട് പോയിന്റ് ലീഡ്. മറുവശത്ത് ഹംഗറിയെ മറികടന്ന് രണ്ടാംസ്ഥാനക്കാരായി പ്ലേ ഓഫിൽ ഇടംനേടാനാണ് അയർലൻഡിന്റെ ശ്രമം. ഹംഗറിക്ക് എട്ട് പോയന്റും അയർലൻഡിന് എഴ് പോയന്റുമാണുള്ളത്.
അടുത്ത വർഷം അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പിൽ ആകെ 48 ടീമുകളാണ് ഏറ്റുമുട്ടുന്നത്. യൂറോപ്പിൽ ആകെ 16 ടീമുകൾക്കാണ് യോഗ്യത. ഇംഗ്ലണ്ടും ഫ്രാൻസും മാത്രമാണ് നിലവിൽ യോഗ്യത ഉറപ്പാക്കിയിട്ടുള്ളത്.









0 comments