813 പേർ താമസിക്കുന്ന കടലോര ഗ്രാമത്തിലെ ഫുട്ബോൾ ക്ലബ്
മ്യാൽബീ ഒരു മുത്തശ്ശിക്കഥ


Sports Desk
Published on Sep 27, 2025, 04:40 AM | 1 min read
സ്‌റ്റോക്‌ഹോം
ബാൾട്ടിക് സമുദ്രത്തിനരികെ 813 പേർ മാത്രം താമസിക്കുന്ന ഒരു ഗ്രാമം. സ്വീഡന്റെ കടലോരത്തുള്ള ഹയ്‌വിക്. അവർക്കൊരു ഫുട്‌ബോൾ ക്ലബ്ബുണ്ട്– മ്യാൽബീ എഐഎഫ്. യൂറോപ്യൻ ഫുട്‌ബോളിൽ മ്യാൽബീയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ. സ്വീഡിഷ് ഫ-ുട്‌ബോൾ ലീഗ് ചരിത്രത്തിൽ ഒരു അത്ഭുതകഥ സംഭവിക്കുകയാണ്. വമ്പൻ ക്ലബ്ബുകളെ പിന്തള്ളി മ്യാൽബീ ലീഗിൽ കിരീടം ചൂടാനൊരുങ്ങുന്നു. ആറ് കളി ശേഷിക്കെ രണ്ടാമതുള്ള ഹമ്മാർബിയെക്കാൾ എട്ട് പോയിന്റ് മുന്നിൽ. ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടുന്ന മാൽമോയും എഐകെയും ഹമ്മാർബിയും ഉൾപ്പെടെയുള്ള വമ്പൻ ക്ലബ്ബുകളെ ഞെട്ടിച്ചുകൊണ്ടാണ് അത്ഭുതക്കുതിപ്പ്. 24 കളിയിൽ 57 പോയിന്റ്. തോറ്റത് ഒരു കളി മാത്രം.
തീരദേശത്തുള്ള ഒരുപറ്റം കളിക്കാരാണ് ടീമിന്റെ കരുത്ത്. കടലിന് തൊട്ടടുത്തുള്ള സ്‌ട്രാൻഡ്‌വവെല്ലൻ സ്‌റ്റേഡിയമാണ് ക്ലബ്ബിന്റെ തട്ടകം. 7500 പേർക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തിൽ കളി തുടങ്ങുമ്പോൾ ഇരിപ്പിടത്തിന്റെ നാലിരട്ടിയാകും ആളുകളുടെ എണ്ണം. സ്വന്തം തട്ടകത്തിൽ ഒരു കളിപോലും തോറ്റിട്ടില്ല. കഴിഞ്ഞ വർഷത്തെ വരുമാനം 80 കോടി രൂപ മാത്രമായിരുന്നു. മാൽമോയുടേത് ഇതിന്റെ എട്ട് മടങ്ങുണ്ടാകും. സ്‌കൂൾ പ്രിൻസിപ്പലാണ് ടീമിന്റെ പരിശീലകൻ. ആൻഡ്രിയാസ് ടോർസ്‌റ്റെൻസൺ. മൂന്നുവർഷമായി ടീമിനൊപ്പമുണ്ട്. കളിയില്ലാത്ത സമയത്ത് ടോർസ്‌റ്റെൻസൺ സ്‌കൂളിലായിരിക്കും. ഫുട്‌ബോൾ പഠന വിഷയമാക്കി ഗവേഷണം നടത്തുന്ന കാൾ മറിയുസ് അക്‌സുമാണ് സഹപരിശീലകൻ. ഇതുവരെ ഒരു സീനിയർ ടീമിനെ പോലും പരിശീലിപ്പിച്ചിട്ടില്ലാത്ത നോർവെക്കാരന്റെ ആശയങ്ങളാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്.
ആറ് വർഷംമുമ്പ് മൂന്നാം ഡിവിഷനിലായിരുന്നു. അവസാന കളി ജയിച്ചാണ് നാലാം ഡിവിഷനിലേക്കുള്ള തരംതാഴ്‌ത്തലിൽനിന്ന് രക്ഷപ്പെട്ടത്. പിന്നീട് രണ്ടാം ഡിവിഷനിലേക്കും പ്രധാന ലീഗിലേക്കുമുള്ള കുതിപ്പ്. 2016ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ടീം പാപ്പരായി. നിലവിലെ ചെയർമാൻ മാഗ്‌നസ് ഇമിയുസാണ് രക്ഷിച്ചെടുത്തത്. 1939ലാണ് ക്ലബ് തുടങ്ങിയത്. 30 പേർ ഉൾപ്പെട്ട ആരാധക കൂട്ടത്തിൽ ഇപ്പോൾ 500 അംഗങ്ങളായി. എല്ലാം ഉള്ളുതുറന്ന് ആഘോഷിക്കുന്ന ഹയ്‌വിക് ജനത മ്യാൽബീയുടെ ചരിത്രനിമിഷത്തിനായി കാത്തിരിക്കുകയാണ്.









0 comments