കളത്തിന് പുറത്ത് ഹസ്‌തദാനച്ചൂട്

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിനുശേഷം ഇന്ത്യൻ താരങ്ങൾ ഹസ്‌തദാനത്തിന് വിസമ്മതിച്ചതിൽ പ്രതിഷേധവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം. മാച്ച് റഫറി ആൻഡി പൈക്രോഫ്‌റ്റിനെ പുറത്താക്കണമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോട് (എസിസി) ആവശ്യപ്പെട്ടു. പാക് താരങ്ങളുമായി മത്സരത്തിനുമുന്പോ ശേഷമോ കൈകൊടുക്കേണ്ടതില്ലെന്ന തീരുമാനം കളിക്കാർമാത്രമായി എടുത്തതായിരിക്കില്ല.
ബിസിസിഐയും കേന്ദ്ര സർക്കാരും അറിഞ്ഞിരിക്കും. മത്സരശേഷമുള്ള ചടങ്ങുകളിൽനിന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ പിന്മാറിയിരുന്നു. കളിയിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷമുള്ള ആദ്യ ഇന്ത്യ–പാക് ക്രിക്കറ്റ് മത്സരമായിരുന്നു. ടൂർണമെന്റിന് മുന്നോടിയായുള്ള ചടങ്ങിൽ ഇരു ക്യാപ്‌റ്റൻമാരും വേദിയിൽവച്ച് കൈകൊടുത്തിരുന്നില്ല. മത്സരത്തിന്റെ ടോസ് സമയത്തും മാറിനിൽക്കുകയായിരുന്നു.
ഇതിനിടെ മാച്ച് റഫറി പൈക്രോ-ഫ്‌റ്റ് ഇരു ക്യാപ്‌റ്റൻമാരോടും ഹസ്‌തദാനം ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഇക്കാര്യത്തിൽ മാച്ച് റഫറിയുടെ ഇടപെടൽ ഫലപ്രദമായില്ലെന്നാണ് പ്രധാന പരാതി. മത്സരം പൂർത്തിയായ ഉടൻ ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും ശിവം ദുബെയും പാക് താരങ്ങൾക്ക് കൈകൊടുക്കാതെ കളംവിട്ടു. പാക് താരങ്ങൾ കാത്തുനിന്നെങ്കിലും ഇന്ത്യൻ ടീം അവഗണിച്ചു. ‘ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റം നിരാശപ്പെടുത്തുന്നതായിരുന്നു.
ഇത് ക്രിക്കറ്റിന് യോജിച്ചതല്ല’– പാക് പരിശീലകൻ മൈക്ക് ഹെസൻ പറഞ്ഞു. ചില കാര്യങ്ങൾ സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റിനേക്കാൾ മുകളിലുള്ളതാണെന്നായിരുന്നു സൂര്യകുമാറിന്റെ മറുപടി. ‘വിജയം ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികർക്ക് സമർപ്പിക്കുന്നു. ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ്’–ക്യാപ്‌റ്റൻ വിശദീകരിച്ചു.









0 comments